സ്നേഹജക്ക് അന്തിയുറങ്ങാൻ വീടൊരുങ്ങി
text_fieldsമണ്ണൂർ: പ്ലാസ്റ്റിക് ഷീറ്റിട്ട് കുടിലിൽ കഴിഞ്ഞിരുന്ന പ്ലസ് ടു വിദ്യാർഥിനി സ്നേഹജക്ക് വീടൊരുക്കി പത്തിരിപ്പാല സ്കൂൾ പി.ടി.എ. അരക്കുതാഴെ തളർന്ന മണ്ണൂർ ചോലക്കുന്ന് സ്വദേശിയായ സ്നേഹജയും കുടുംബവും വർഷങ്ങളായി പ്ലാസ്റ്റിക് ഷീറ്റിലായിരുന്നു കഴിഞ്ഞു കൂടിയിരുന്നത്. പത്തിരിപ്പാല വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ സ്നേഹജക്ക് പറളി ബി.ആർ.സിയിലെ അധ്യാപികയായിരുന്നു വീട്ടിലെത്തി ക്ലാസെടുത്തിരുന്നത്. സ്നേഹജയുടെ ദുരിതാവസ്ഥ ബി.ആർ.സിയിലെ അധ്യാപികയാണ് പത്തിരിപ്പാല സ്കൂൾ പി.ടി.എ അറിയിച്ചത്. പിന്നെ സ്കൂൾ പി.ടി.എ വീടെന്ന പദ്ധതി ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് സ്കൂൾ പി.ടി.എ, അധ്യാപകർ, വിദ്യാർഥികൾ, പറളി ബി.ആർ.സിയിലെ അധ്യാപകർ, സുമനസ്സുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ്മയിലായിരുന്നു സ്നേഹജക്ക് ഒന്നര വർഷംകൊണ്ട് വീടായത്.
പി.ടി.എ പ്രസിഡൻറ് സുരേഷ് ചെയർമാനും പ്രിൻസിപ്പൽ ഉഷ ചെയർമാനുമായുള്ള പി.ടി.എ കമ്മിറ്റിയാണ് തുടർ നടപടികൾ സ്വീകരിച്ചത്. മണ്ണൂർ ചോലക്കുന്നിൽ മോഹൻദാസ്-ഗിരിജ ദമ്പതികളുടെ മകളാണ് സ്നേഹജ. മേഘജയാണ് സഹോദരി.
700 സ്ക്വയർ ഫീറ്റിൽ എട്ടു ലക്ഷത്തോളം രൂപ ചെലവിലാണ് നിർമാണം പൂർത്തീകരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30ന് നടക്കുന്ന ലളിതമായ ചടങ്ങിൽ കെ. ശാന്തകുമാരി എം.എൽ.എ സ്നേഹജക്ക് വീട് കൈമാറുമെന്ന് പി.ടി.എ പ്രസിഡൻറ് സുരേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.