സഹായത്തിന് കാത്തുനിൽക്കാതെ സോന കൃഷ്ണ യാത്രയായി
text_fieldsപത്തിരിപ്പാല: സുമനസ്സുകളുടെ സഹായത്തിന് കാത്തുനിൽക്കാതെ സോനാ കൃഷ്ണ മരണത്തിന് കീഴടങ്ങി. മണ്ണൂർ നഗരിപ്പുറം വെള്ളാലികുന്ന് വീട്ടിൽ ഉണ്ണികൃഷ്ണൻ-സുമാദേവി ദമ്പതികളുടെ മകൾ സോനാ കൃഷ്ണയാണ് (20) നാടിന്റെ പ്രാർഥന വിഫലമാക്കി വിട പറഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച കൂനത്തറയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് സാരമായി പരിക്കേറ്റ സോന തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരിച്ചത്. പാലക്കാട് നിന്നും പട്ടാമ്പിയിലേക്ക് പോകുന്ന കാർ എതിരെ വന്ന ഓട്ടോയുമായി ഇടിക്കുകയായിരുന്നു. ബിരുദദാരിയായ സോന പട്ടാമ്പി എസ്.ഡി.എ നൃത്ത സംഘം കലാകാരിയാണ്. ബാലസംഘം വേനൽ തുമ്പിയുടെ ഏരിയതല പരിശീലകയുമായിരുന്നു.
നിർധന കുടുംബത്തിൽ പെട്ട വിദ്യാർഥിയുടെ ശസ്ത്രക്രിയക്കായി 20 ലക്ഷം കണ്ടെത്താൻ കുടുംബം സമൂഹമാധ്യമത്തിലുടെ സഹായം അഭ്യർഥിച്ചിരുന്നു. തുടർന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ പരമാവധി സഹായവും അക്കൗണ്ടിലെത്തി. എന്നാൽ, എല്ലാവരെയും നിരാശയിലാഴ്ത്തി മരണത്തിന് കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്ച പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകീട്ട് മൂന്നരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം ഒരു നോക്കുകാണാൻ സാമൂഹ്യ സംസ്കാരിക രംഗങ്ങളിലെ നിരവധി പേർ എത്തിയിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും കലാപ്രവർത്തകരും ജനപ്രതിനിധികളും അനുശോചനമറിയിച്ചു. മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത, പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സ്വാമിനാഥൻ, സി.പി.എം ഏരിയ സെക്രട്ടറി എസ്. കൃഷ്ണദാസ്, ബാലസംഘം ജില്ല കൺവീനർ സുധാകരൻ മാസ്റ്റർ, സംസ്ഥാന കോഓഡിനേറ്റർ രൺദീഷ്, ജില്ല കോഓഡിനേറ്റർ പ്രേംജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം പി.എസ്. അബ്ദുൽ മുത്തലി, സി.പി.എം നേതാക്കളായ ടി. ഷിബു, ടി.ആർ. ശശി, ഭരണ സമിതിയംഗങ്ങൾ എന്നിവരും വീട്ടിലെത്തിയിരുന്നു. മൃതദേഹം പൊതുദർശനത്തിന് ശേഷം വൈകീട്ട് അഞ്ചു മണിയോടെ പാമ്പാടി ഐവർ മഠത്തിൽ സംസ്കാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.