ഇലക്ട്രിക് ഹാർഡ്വെയർ ഷോപ്പിലെ മോഷണം; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
text_fieldsപത്തിരിപ്പാല: ഇലക്ട്രിക് ഹാർഡ് വെയർ ഷോപ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ മങ്കര പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ട്രിച്ചി സ്വദേശികളായ മൂർത്തി (39), നൂർപ്രസന്ന വെങ്കിടേഷ് (38), സേലം സ്വദേശി വടമൺ (32) എന്നിവരെയാണ് സി.ഐ ഹിദായത്തുല്ല മാമ്പ്ര അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22ന് രാത്രിയാണ് മങ്കര കൂട്ടുപാതയിലെ കാർത്തിക ഇലക്ട്രിക് സ്ഥാപനത്തിൽ മോഷണം നടന്നത്. സ്റ്റെയർകേസിന് മുകളിലെ ചുമർ പൊളിച്ച് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തിയെങ്കിലും തുമ്പുണ്ടായില്ല. തുടർന്ന് സി.ഐയുടെ നേതൃത്വത്തിൽ അഞ്ചംഗ ടീമിനെ നിയമിച്ചു. സി.സി.ടി.വി കാമറയിൽനിന്ന് ലഭിച്ച ദൃശ്യങ്ങളെ തുടർന്നാണ് പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളികളിലേക്ക് അന്വേഷണം നീങ്ങിയത്. ചോദ്യംചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. മോഷ്ടിച്ച ചെമ്പുകമ്പി, ഫാൻ, ടാർപോളിൻ എന്നിവ കണ്ടെടുത്തതായി സി.ഐ പറഞ്ഞു.
മങ്കര തിയറ്ററിന് സമീപത്തുള്ള വാടകമുറിയിൽനിന്നാണ് ഇവരെ പിടികൂടിയത്. നാലു മാസമായി മൂന്നംഗസംഘം ഇവിടെ താമസിച്ചുവരുന്നു.
പകൽ വീടുകളിലെത്തി വിറക് വെട്ടുകയും രാത്രി മോഷണവുമാണത്രെ പതിവ്. എ.എസ്.ഐ സോമൻ, സി.പി.ഒമാരായ മണികണ്ഠൻ, ലിജിൽ, ഫിറോസ്, സജിത് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.