തെഞ്ചേരി പാടത്തെ ഓലകരിച്ചിൽ; നെല്ല് ഗവേഷക സംഘം സന്ദർശിച്ചു
text_fieldsമണ്ണൂർ തെഞ്ചേരി പാടം പട്ടാമ്പി നെല്ല് ഗവേഷക കേന്ദ്രം സയന്റിസ്റ്റ് പ്രഫസർ കാർത്തികേയന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നു
പത്തിരിപ്പാല: രോഗബാധമൂലം വ്യാപകമായി കൃഷി നശിച്ച മണ്ണൂർ തെഞ്ചേരി പാടത്തെ നെൽകൃഷി പട്ടാമ്പിയിലെ നെല്ല് ഗവേഷകസംഘം സന്ദർശിച്ചു. ഓലചുരുട്ടി പുഴുവിന്റെ അക്രമം തന്നെയാണന്ന് സംഘം വിലയിരുത്തി. പട്ടാമ്പി നെല്ല് ഗവേഷകകേന്ദ്രം സയന്റിസ്റ്റ് ഡോ. പ്രഫസർ കാർത്തികേയൻ, പാലക്കാട് അഗ്രികൾച്ചർ കൃഷിഅസിസ്റ്റന്റ് ഡയറക്ടർ കെ. ബിന്ദു, മണ്ണൂർ കൃഷി ഓഫിസർ ടി.എം. തെസ്നി മോൾ, കൃഷി അസിസ്റ്റന്റ് ഷീബ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് പുഴുക്കേട് കൊണ്ട് നശിച്ച നെൽപാടം സന്ദർശിച്ചത്.
ഓലചുരുട്ടി പുഴുക്കേട് തന്നെയാണന്ന് ഡോക്ടർ കാർത്തികേയൻ അറിയിച്ചു. പഴയതരം മരുന്നുകളൊന്നും തന്നെ ഇതിന് ഫലപ്രദമാകുന്നില്ലെന്നും പുതിയ വയേഗ പോലുള്ള കീടനാശികൾ വേണ്ട സമയങ്ങളിൽ ഉപയോഗിച്ച് രോഗംതടയാമെന്നും സംഘം പറഞ്ഞു. ഒന്നര മണിക്കൂറോളം സംഘം ഇവിടെ കർഷകരുമായി ചെലവഴിച്ചു. കർഷകരെയും ഭാരവാഹികളെയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയാണ് മടങ്ങിയത്.
അടുത്ത കൃഷിയിറക്കുമ്പോൾ കർഷകർക്ക് ബോധവത്കരണ ക്ലാസുകൾ നൽകുകയും ഇത്തരം രോഗങ്ങൾ വരും മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ കർഷകർക്ക് മനസ്സിലാക്കേണ്ട ആവശ്യവും സംഘംകൃഷി ഓഫിസർക്ക് നിർദേശം നൽകി. കർഷക സംഘം പഞ്ചായത്ത് പ്രസിഡന്റ് എ.വി.എം. റസ്സാക്ക്, പാടശേഖര സമിതി സെക്രട്ടറി എ.കെ.എം. റിയാസ്, കർഷകരായ വിജയം, ഉണ്ണികൃഷ്ണൻ, ജ്യോതി എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. മണ്ണൂരിൽ ഓലചുരുട്ടി പുഴു വ്യാപിക്കുന്നതായി മാധ്യമം വാർത്ത നൽകിയിരുന്നു. തുടർന്നായിരുന്നു കൃഷി ഗവേഷക സംഘം പരിശോധനക്കെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.