പത്തിരിപ്പാലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
text_fieldsപത്തിരിപ്പാല: മൂന്ന് ഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥാനമായ പത്തിരിപ്പാലയിൽ ട്രാഫിക് സംവിധാനം വേണമെന്ന വർഷങ്ങളായുള്ള ജനകീയ ആവശ്യം ഇനിയും നടപ്പായില്ല. ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്താൻ സിഗ്നൽ സംവിധാനം അടിയന്തര ആവശ്യമാണ്. മൂന്ന് പഞ്ചായത്തുകളുടെ സംഗമ സ്ഥാനവുമായതിനാൽ വൈകീട്ടും രാവിലെയും കുരുക്ക് ചില്ലറയല്ല. ഗവ. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ്, മറ്റു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ടൗണിലാണ്. വിദ്യാലയങ്ങൾ വിടുമ്പോൾ 5000 ഓളം വിദ്യാർഥികൾ ഒരുമിച്ച് റോഡിലിറങ്ങി നടക്കുമ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമാകാറുണ്ട്.
ടൗണിലെ അനധികൃത വാഹന പാർക്കിങ്, ഇടുങ്ങിയ റോഡുകൾ, ഇവയെല്ലാം യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു. ഏഴ് വർഷം മുമ്പ് അന്നത്തെ എം.എൽ.എ വിജയദാസ് സിഗ്നൽ സംവിധാനത്തിന് നടപടികൾ സ്വീകരിച്ചിരുന്നു. പിന്നീട് അതിനുള്ള നടപടികൾ ഉണ്ടായില്ല.
രണ്ടു എം.എൽ.എമാർ ഉൾപ്പെടുന്ന മേഖലയായിട്ടും സിഗ്നൽ സംവിധാനം ഒരുക്കാൻ നടപടിയെടുക്കാത്തത് അംഗീകരിക്കാനാകില്ലെന്ന് മണ്ണൂർ പഞ്ചായത്തംഗവും മുസ്ലിംലീഗ് ജില്ല കമ്മിറ്റിയംഗവുമായ വി.എം. അൻവർ സാദിക് പറഞ്ഞു. ട്രാഫിക് സംവിധാനം സ്ഥാപിക്കുകയോ ബൈപാസ് നിർമാണം ആരംഭിക്കുകയോ ചെയ്താൽ പ്രശ്നപരിഹാരമാകുമെന്നും വി.എം. അൻവർ സാദിക് പറഞ്ഞു. ടൗണിൽ ശൗചാലയം പോലും ഇല്ലാത്തത് യാത്രക്കാർക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.