ഇലകളിൽ വർണച്ചിത്രം തീർത്ത് ഉമേഷ്
text_fieldsപത്തിരിപ്പാല: ഇലകളിൽ വർണാഭമായ ചിത്രങ്ങൾ വരച്ച് വിസ്മയം തീർക്കുകയാണ് പത്തിരിപ്പാല പാണ്ടൻ തറ സ്വദേശി ഉമേഷ്. ഇലയായാലും പൂവിതളായാലും ഉമേഷിെൻറ കൈയിൽ കിട്ടിയാൽ പിന്നെ മെനഞ്ഞെടുക്കുന്നത് വർണ മനോഹരമായ ചിത്രം. വ്യത്യസ്ത ഇലകളിൽ വ്യത്യസ്തമായ നൂറോളം ചിത്രങ്ങളാണ് ഉമേഷ് വരച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുള്ളത്.
റോസാ പൂവിതളിൽ ഗണപതി, തുളസിയിലയിൽ കൃഷ്ണൻ, ആലിലയിൽ തൃശൂർ തെക്കേഗോപുരം, അങ്ങനെ നീണ്ടുപോകുന്നു ഉമേഷിെൻറ കലാവിരുത്. ആലിലയിലാണ് കൂടുതൽ ചിത്രങ്ങൾ വരച്ചിട്ടുള്ളത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചലച്ചിത്ര നടൻ മോഹൻലാൽ, സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ, മംഗലാംകുന്ന് കർണൻ, നടൻ ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി പ്രശസ്തരേയും ഉമേഷ് ഇലയിൽ വരച്ചിട്ടുണ്ട്.
ആനപ്രേമി കൂടിയായ ഉമേഷ്, മംഗലാംകുന്ന് കർണനെയാണ് ആദ്യമായി ഇലയിൽ വരച്ചെടുത്തത്. ഇലയിൽ ചിത്രം വരക്കുന്നതിന് പുറമെ നിരവധി കുപ്പികളിലും കാൻവാസുകളിലും മനോഹര ചിത്രങൾ വരച്ചിട്ടുണ്ട്. വീട്ടിൽ ധരിക്കുന്ന കുട്ടികളുടെ ബനിയനുകളിലും ഷർട്ടുകളിലുമടക്കം ഉമേഷിെൻറ കരവിരുത് കാണാം. ഇല കിട്ടിയാൽ അതിനെ ഉദ്ദേശിക്കുന്ന ആളുടെ രൂപത്തിൽ വെട്ടിയെടുക്കും. അതിന് ശേഷമാണ് പെയിൻറടിച്ച് വർണാഭമാക്കുന്നത്.
ഒന്നര വർഷം മുമ്പ് കോവിഡ് മഹാമാരിയെ തുടർന്ന് ജോലി മുടങ്ങിയതോടെയാണ് വീട്ടിലിരുന്നു ഇത്തരം കലാവിരുതിലേക്ക് ഉമേഷ് തിരിഞ്ഞത്. ചെറുപ്രായത്തിൽ ചിത്രരചനയിൽ താൽപര്യമുണ്ടായിരുന്നു. മണ്ണൂർ ചന്ദനപുറം പാണ്ടൻ തറയിൽ ഉണ്ണികൃഷ്ണൻ- സുമതി ദമ്പതികളുടെ മകനാണ് 30 കാരനായ ഉമേഷ്. ഐ.ടി പഠനം കഴിഞ്ഞ ശേഷം പാലക്കാട്ടുള്ള വർക്േഷാപ്പിൽ ടിപ്പർ മെക്കാനിക് ജോലിയാണ് ചെയ്ത് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.