ടൂറിസം മാപ്പിലേക്ക് പട്ടാമ്പി ദേശോത്സവം: നിവേദനം നൽകി
text_fieldsപട്ടാമ്പി: മാനവമൈത്രി വിളംബരം ചെയ്യുന്ന പട്ടാമ്പി ദേശോത്സവം (നേർച്ച) ടൂറിസം മാപ്പിലേക്ക്. കേരളത്തിന്റെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി ആഭ്യന്തര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതികളിൽ നേർച്ച പരിഗണിക്കാമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചതായി മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ പറഞ്ഞു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പട്ടാമ്പി മരുതൂരിലെ രാമഗിരിക്കോട്ടയിൽ അകപ്പെട്ട രോഗികളായ പടയാളികളെ ചികിത്സിച്ച് രക്ഷപ്പെടുത്തിയ ആലൂർ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ സ്മരണയിലാണ് പട്ടാമ്പി നേർച്ച തുടങ്ങിയത്.
ആചാരമെന്നതിനപ്പുറം മതസാഹോദര്യത്തിന്റെ ഉത്സവമായി നേർച്ച പരിണമിച്ചു. നേർച്ചയുടെ നടത്തിപ്പിന് ഇതര സമുദായക്കാർ കൂടി നേതൃത്വം നൽകിത്തുടങ്ങിയതോടെ സംസ്ഥാനത്തെ പ്രമുഖ ആഘോഷങ്ങളിൽ പട്ടാമ്പി നേർച്ച സ്ഥാനം പിടിച്ചു. രാമഗിരിക്കോട്ടയിൽ അകപ്പെട്ടവരുടെ തമിഴ്‌നാട്ടിലുള്ള പിൻഗാമികൾ ഉത്സവത്തിന് എത്താറുണ്ട്. ഗജവീരന്മാരുടെ അകമ്പടിയുള്ള നഗരപ്രദക്ഷിണ ഘോഷയാത്രയും ഗജസംഗമവും നേർച്ചയുടെ ആകർഷണമാണ്.
മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ സമർപ്പിച്ച നിവേദനം അനുഭാവപൂർവം പരിഗണിക്കാമെന്ന ടൂറിസം മന്ത്രിയുടെ മറുപടി പ്രതീക്ഷയോടെയാണ് സംഘാടകർ കാണുന്നത്.ടൂറിസം മാപ്പിൽ ഇടം പിടിക്കുകയാണെങ്കിൽ ഉത്സവത്തിന് പുതിയ മാനം കൈവരും. ഇതുസംബന്ധിച്ച വിശദ പ്രൊജക്ട് മന്ത്രിക്ക് സമർപ്പിച്ചതായി എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.