കോവിഡ്: ട്രോളും വിവാദവുമായി നഗരസഭ ചെയർമാെൻറ പ്രസ്താവന
text_fieldsപട്ടാമ്പി: ട്രോളുകളും വിവാദവുമായി പട്ടാമ്പി നഗരസഭ ചെയർമാെൻറ പ്രസ്താവന കത്തിക്കയറുന്നു. പെരുന്നാള് പ്രമാണിച്ച് പട്ടാമ്പിയിൽ മൂന്ന് ദിവസമെങ്കിലും ലോക്ഡൗണില് ഇളവ് അനുവദിക്കണമെന്ന കെ.എസ്.ബി.എ. തങ്ങളുടെ പ്സ്താവനയാണ് ആക്ഷേപങ്ങളും പരിഹാസവും ക്ഷണിച്ചുവരുത്തുന്നത്. ലോക്ഡൗണിന് ഇളവ് വേണമെന്ന് മാധ്യമങ്ങൾക്ക് പ്രസ്താവന എഴുതിനൽകിയപ്പോൾ പ്രാദേശിക ചാനലിലെ അഭിമുഖത്തിൽ കോവിഡിന് അവധി നൽകണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതാണ് സമൂഹമാധ്യമങ്ങളിൽ ട്രോളുകളായി ആഘോഷിക്കപ്പെട്ടത്. പ്രധാന ചാനലുകൾകൂടി ഏറ്റെടുത്തതോടെ വിഷയത്തിെൻറ ഗൗരവം വർധിച്ചു.
മാർക്കറ്റിലെ ഒരു തൊഴിലാളിയിൽനിന്ന് പടർന്ന കോവിഡ് അഞ്ചു ദിവസങ്ങളിലായുള്ള പരിശോധനയിൽ 200 കടന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കേണ്ട നഗരസഭയുടെ അധിപൻ സർക്കാർനിയന്ത്രണം വെല്ലുവിളിക്കാനുള്ള സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് സി.പി.എം ഏരിയ സെക്രട്ടറി എൻ.പി. വിനയകുമാർ കുറ്റപ്പെടുത്തി. കോവിഡ് പരിശോധന നടത്തിയ 2500ൽ 10 ശതമാനം പോസിറ്റിവാകുന്ന സാഹചര്യത്തിൽ അവശ്യസാധനങ്ങളുടേതല്ലാത്ത കടകൾ തുറക്കുകയോ ആഘോഷങ്ങൾ നടത്തുകയോ ചെയ്യാൻ അനുവദിക്കരുതെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു. ആരോഗ്യസംവിധാനത്തെ നിയന്ത്രിക്കുകയും സർക്കാർ നിർദേശങ്ങൾ നടപ്പാക്കുകയും ചെയ്യേണ്ട നഗരസഭ ഇത്ര ലാഘവത്തോടെ പ്രതികരിക്കുന്നത് ജനങ്ങൾക്ക് രോഗഗൗരവം മനസ്സിലാകാത്ത സാഹചര്യമുണ്ടാക്കും. ഒരിക്കലും ഇത്തരമൊരു സന്ദേശം നൽകാൻ പാടില്ല. ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരുമൊക്കെ ക്വാറൻറീനിൽ പോയി പ്രതിരോധപ്രവർത്തനം സ്തംഭിക്കുന്ന സാഹചര്യമുള്ള പട്ടാമ്പിയിൽ ഇളവ് നൽകാൻ പറ്റിയ സാഹചര്യമല്ലെന്നും എം.എൽ.എ പറഞ്ഞു.
അതേസമയം, ജില്ല കല്കടറുടെ നിർദേശം മറികടന്ന് ജനജീവിതം സ്തംഭിപ്പിക്കുന്ന നടപടികളാണ് പൊലീസിൽനിന്നുണ്ടാകുന്നതെന്ന് കെ.എസ്.ബി.എ. തങ്ങൾ ആവർത്തിച്ചു. മിൽമ ബൂത്തുപോലും തുറക്കാനനുവദിക്കുന്നില്ല. നിത്യോപയോഗ സാധനങ്ങൾ ലഭിക്കാതെ ജനങ്ങൾ പൊറുതിമുട്ടലിലാണ്. കലക്ടറുടെ ഉത്തരവ് യഥാവിധി നടപ്പാക്കാത്തതാണ് ഈ സ്ഥിതിവിശേഷത്തിന് കാരണം. പട്ടാമ്പിയിൽ വലിയ കച്ചവടക്കാരല്ല ഉള്ളത്. പലരും പട്ടിണിയിലാണ്. ഈ സാഹചര്യത്തിൽ വ്യാപാരികളുടെ ആവശ്യമാണ് ഉന്നയിച്ചത്. പരിശോധിച്ച് പറ്റുമെങ്കിൽ നടപ്പാക്കേണ്ടത് ബന്ധപ്പെട്ടവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടെക്സ്റ്റൈൽസ് ഉൾപ്പെടെ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കാനും കോവിഡ് വ്യവസ്ഥകൾ പാലിച്ചുകൊണ്ട് വ്യാപാരം നടത്താനും അനുമതി നൽകണമെന്നായിരുന്നു ചെയർമാെൻറ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.