സംസ്ഥാന ബജറ്റ്; നൂറിൽ 100 നേടി പട്ടാമ്പി
text_fieldsപട്ടാമ്പി: സംസ്ഥാന ബജറ്റിൽ പട്ടാമ്പിക്ക് നൂറിൽ നൂറ്. മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർദേശിച്ച 20 പദ്ധതികൾക്കും ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പച്ചക്കൊടി. എം.എൽ.എ സമർപ്പിച്ച 20 പദ്ധതികളും ഉൾപ്പെടുത്തുകയും എട്ടു പദ്ധതികൾക്ക് 20 ശതമാനം ഫണ്ട് ഉൾപ്പെടുത്തി 11 കോടി അനുവദിക്കുകയും ചെയ്തു. ബജറ്റ് സമ്മേളനത്തിന് തലസ്ഥാനത്തേക്ക് പുറപ്പെട്ടപ്പോൾ എം.എൽ.എ പ്രകടിപ്പിച്ച ആത്മവിശ്വാസമാണ് യാഥാർഥ്യമായത്.
പട്ടാമ്പി ഫ്ലൈ ഓവർ ബൈപ്പാസ്, ലേണിങ് കോൺസ്റ്റിറ്റ്യുവൻസി എന്നീ സുപ്രധാനാവശ്യങ്ങളിലായിരുന്നു പ്രതീക്ഷ. നാറാണത്ത് ഭ്രാന്തന്റെ ഐതിഹ്യമുറങ്ങുന്ന രായിരനെല്ലൂർ മല, ടിപ്പുവിന്റെ പേരിൽ അറിയപ്പെടുന്ന മരുതൂർ രാമഗിരിക്കോട്ട എന്നിവയെ ടൂറിസത്തിലേക്കുയർത്താനുള്ള പദ്ധതികളും ടോക്കൺ ലഭിച്ച എട്ടു പദ്ധതികളിൽ ഉൾപ്പെടുന്നു. സാമ്പത്തിക ഞരുക്കത്തിലും എൽ.ഡി.എഫ് സർക്കാറിന്റെ പ്രതിബദ്ധതയിൽ അർപ്പിച്ച വിശ്വാസം ഫലിച്ചതിൽ എം.എൽ.എ സന്തോഷം പ്രകടിപ്പിച്ചു.
ഇന്ത്യയിലെ ആദ്യത്തെ ലേണിങ് കോൺസ്റ്റിറ്റുവൻസിയായി പട്ടാമ്പി മണ്ഡലത്തെ ഉയർത്തുന്നതിന് ഫണ്ട് അനുവദിച്ച് ബജറ്റ് അംഗീകാരം ലഭിച്ചത് ഏറെ ശ്രദ്ധേയമായി. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ റീഡിങ് കോർണർ വരുന്നത് ഈ പദ്ധതിക്ക് മാറ്റുകൂട്ടും. സ്കൂളുകളിൽ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുന്ന പട്ടാമ്പി മണ്ഡലത്തിലെ ‘മാനസമിത്ര’ പദ്ധതിക്കും ബജറ്റിൽ അംഗീകാരം ലഭിച്ചു. പട്ടാമ്പിയിൽ ആദ്യമായി ബൈപാസ് ഫ്ലൈ ഓവർ അടക്കം ബജറ്റിൽ പരാമർശിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മുഹമ്മദ് മുഹസിൻ എം.എൽ.എ പറഞ്ഞു.
കണ്ണംകുണ്ട് പാലത്തിന് മൂന്ന് കോടി
പാറപ്പുറം കച്ചേരി പറമ്പ് ഗ്രാമീണ റോഡ് നവീകരിക്കാൻ രണ്ടുകോടി
അലനല്ലൂർ: ഭരണാനുമതി ലഭിച്ച കണ്ണംകുണ്ട് പാലം നിർമാണത്തിന് അധികമായി വേണ്ടിവരുന്ന സംഖ്യയിലേക്ക് മൂന്നുകോടി രൂപ വീണ്ടും ബജറ്റിൽ ഉൾപ്പെടുത്തി. ഇതോടെ പാലത്തിനായി 13 കോടിയായി. 2021ൽ അഞ്ച് കോടിയും 2024ൽ അഞ്ച് കോടിയും ഉൾപ്പെടെ പത്ത് കോടി രൂപ പാലത്തിനായി മുമ്പ് ബജറ്റിൽ നീക്കിവെക്കുകയും പാലം നിർമിക്കാനുള്ള ഭരണാനുമതി ലഭിക്കുകയും ചെയ്തു. നിർമാണ പ്രവൃത്തികൾ പത്ത് കോടി രൂപ കൊണ്ട് നടക്കില്ലെന്നും മൂന്ന് കോടിയോളം രൂപ വേണ്ടിവരുമെന്നും എം.എൽ.എയെ അറിയിച്ചിരുന്നു. ഇതോടെ ബജറ്റിൽ മൂന്ന് കോടി നീക്കിവെക്കുകയായിരുന്നു.
കോട്ടോപ്പാടം പഞ്ചായത്തിലെ പാറപ്പുറം കച്ചേരി പറമ്പ് ഗ്രാമീണ റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന് രണ്ടുകോടി രൂപയും അനുവദിച്ച് ഈ വർഷം തന്നെ ഭരണാനുമതി നൽകുന്ന പ്രവൃത്തികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവിഴാംകുന്ന് കോളജ് ഓഫ് ഏവിയൻ സയൻസിൽ സ്റ്റുഡൻറ്സ് ഹോസ്റ്റൽ നിർമാണം, ആലുങ്ങൽ കൊമ്പങ്കല്ല് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി, അഗളി ജെല്ലിപ്പാറ റോഡ് നിർമാണം, ഷോളയൂർ പഞ്ചായത്തിലെ മേലെ സാമ്പാർ കോഡ് പാലം നിർമാണം, വെള്ളിയാർ പുഴക്ക് കുറുകെ പാതിരാമണ്ണ ശിവക്ഷേത്രത്തിന് സമീപം തടയണ നിർമാണം, മണ്ണാർക്കാട് കോടതി കെട്ടിട സമുച്ചയം, കണ്ടമംഗലം കുന്തിപ്പാടം- ഇരട്ട വാരി റോഡിന്റെ നിർമാണം, നായാടിക്കുന്ന് മിനി സ്റ്റേഡിയം, ചങ്ങലീരി സി.എച്ച് മെമ്മോറിയൽ സ്റ്റേഡിയം, അട്ടപ്പാടിയിൽ പുതിയ ഫയർ സ്റ്റേഷൻ നിർമാണം, തത്തേങ്ങലം കല്ലംപൊട്ടി തോടിന് കുറുകെ പാലം നിർമാണം, മണ്ണാർക്കാട് നഗരസഭയിൽ നെല്ലിപ്പുഴയുടെ വലതുകരയിലും, തെങ്കര ഗ്രാമപഞ്ചായത്തിലെ മെഴുകുംപാറ പൊട്ടിത്തോടിനും സംരക്ഷണഭിത്തികളുടെ നിർമാണം തുടങ്ങിയ പ്രവൃത്തികളും ബജറ്റിൽ ഇടം നേടിയിട്ടുണ്ട്.
ഈ പ്രവൃത്തികൾക്ക് ഫണ്ട് അനുവദിച്ച് ഭരണാനുമതി നൽകേണ്ടത് അതത് വകുപ്പുകൾ ആണ്. പരമാവധി പ്രവൃത്തികൾക്ക് ഭരണാനുമതി ലഭ്യമാക്കാൻ പരിശ്രമങ്ങൾ നടത്തുമെന്നും എൻ. ഷംസുദ്ദീൻ എം.എൽ.എ അറിയിച്ചു.
ഷൊർണൂർ നഗരസഭ ഓഫിസ് നവീകരണം, വി.എച്ച്.എസ്.ഇ കെട്ടിട നിർമാണം എന്നിവക്ക് രണ്ട് കോടി വീതം
ഷൊർണൂർ: നിയോജക മണ്ഡലം ആസ്ഥാനമായ ഷൊർണൂരിന് പ്രത്യക്ഷത്തിൽ നാല് കോടി രൂപയുടെ പദ്ധതികളാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഇതടക്കം 67 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിന് വകയിരുത്തിയത്. നഗരസഭ ഓഫിസ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന് രണ്ട് കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ഏറെക്കാലമായുള്ള ആവശ്യമാണ് ഷൊർണൂർ ടെക്നിക്കൽ സ്കൂൾ കോമ്പൗണ്ടിലെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വി.എച്ച്.എസ്.ഇ.ക്ക് പുതിയ കെട്ടിടം വേണമെന്നത്.
ഇതിനും രണ്ട് കോടി രൂപ വകയിരുത്തി. കയിലിയാട് -ഏലിയപ്പറ്റ റോഡ് നവീകരണത്തിന് 15 കോടി രൂപ നീക്കിയിരുത്തിയതും ഏറെ പ്രയോജനം ചെയ്യും. മണ്ഡലത്തിലെ രണ്ട് നഗരസഭകളായ ഷൊർണൂരിനെയും ചെർപ്പുളശ്ശേരിയെയും നേരിട്ട് ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. ഗവ. കോളജ് സ്ഥാപിക്കുന്നത് എവിടെയാണെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും അഞ്ച് കോടി വകയിരുത്തിയതും ശ്രദ്ധേയമായ കാര്യമാണ്. മണ്ഡലത്തിലെ വിവിധ റോഡുകൾക്കും മറ്റും തുക വകയിരുത്തിയതും ഗുണകരമാണ്.
20% ശതമാനം തുക; അനുവദിച്ച പദ്ധതികൾ
- പട്ടാമ്പി ലേണിങ് കോൺസ്റ്റിറ്റ്യുവൻസി - 1 കോടി
- മണ്ഡലത്തിലെ വിവിധ റോഡുകളുടെ സൈഡ് പ്രൊട്ടക്ഷനും അഴുക്കുചാൽ നിർമാണവും - 3 കോടി
- വിവിധ പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളുടെ നവീകരണം - 2 കോടി
- രായരനെല്ലൂർ തീർത്ഥാടന കേന്ദ്രത്തിൻ്റെ നവീകരണം - 1കോടി
- മുളയങ്കാവ് ടൗൺ നവീകരണം - 1 കോടി
- രാമഗിരി കോട്ട ടൂറിസം പദ്ധതി 1 കോടി
- മാനസമിത്ര പദ്ധതി - 1 കോടി,
- മണ്ഡലത്തിൽ റീഡിങ് കോർണറുകൾ - 1 കോടി
അംഗീകാരം ലഭിച്ച മറ്റു പദ്ധതികൾ
- കൊപ്പം ടൗണ്‍ സമഗ്ര നവീകരണം
- തോണിക്കടവ് തടയണ നിര്‍മാണം
- പട്ടാമ്പി ചെര്‍പ്പുളശ്ശേരി റോഡ്, (പട്ടാമ്പി-വല്ലപ്പുഴ ബി.സിയും അഴുക്കുചാൽ നിര്‍മാണവും 0/000 മുതല്‍ 0/900 വരെ)
- വിളയൂര്‍ പഞ്ചായത്തിലെ ഗ്രൗണ്ട് നിര്‍മാണം
- കുലുക്കല്ലൂര്‍-എരവത്ര -വല്ലപ്പുഴ റോഡ് ബി.എം.ബി.സി
- പട്ടാമ്പിയില്‍ മുതുതല പഞ്ചായത്തിലെ ഗ്രൗണ്ട് നിര്‍മാണം
- പട്ടാമ്പി - ബൈപ്പാസ് നിര്‍മാണവും ഫ്ലൈ ഓവർ നിര്‍മാണവും
- ചെങ്ങണംകുന്ന് റഗുലേറ്റർ ടൂറിസം പദ്ധതി
- മൂതിക്കയം ജലസേചന പദ്ധതി
- ആനക്കല്‍ ഇക്കോ ടൂറിസം
- പട്ടാമ്പി - നിള - കള്‍ച്ചറല്‍ സെന്റര്‍
- വല്ലപ്പുഴ ടൗണ്‍ നവീകരണം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.