കാരുണ്യക്കൈ നീട്ടി നാട്
text_fieldsപട്ടാമ്പി: മഴക്കെടുതിയിൽ വീട് താമസയോഗ്യമല്ലാത്തവർക്കായി താലൂക്കിൽ 14 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 166 കുടുംബങ്ങളിൽ നിന്നായി 479 പേരാണ് ക്യാമ്പുകളിൽ താമസം തുടങ്ങിയത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിദ്യാലയങ്ങളിലും മദ്റസകളിലും കല്യാണ മണ്ഡപങ്ങളിലുമാണ് ക്യാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. കൊപ്പത്ത് മണ്ണിടിച്ചിൽ ഭീഷണിയുള്ള ചളമ്പ്ര കുന്നിന് താഴെയുള്ള വളിയാലംകുന്ന്, മൂത്തേടത്ത് കോളനികളിലെ ഏഴ് കുടുംബങ്ങളിൽനിന്നുള്ള 27 പേരെ പുലാശ്ശേരി വെൽഫെയർ സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി.
പട്ടാമ്പി നഗരസഭയിലെ 13 കുടുംബങ്ങളിലെ 99 പേർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും മുതുതല പഞ്ചായത്തിൽ 23 കുടുംബങ്ങളിലെ 57 അംഗങ്ങൾ ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലും കുലുക്കല്ലൂർ പഞ്ചായത്തിലെ എട്ട് കുടുംബങ്ങളിൽനിന്നുള്ള 23 പേർ ഗോൾഡ് സ്റ്റാർ ഓഡിറ്റോറിയത്തിലും തിരുവേഗപ്പുറ പഞ്ചായത്തിലെ 56 കുടുംബങ്ങളിൽ നിന്നുള്ള 116 പേർ നരിപ്പറമ്പ് ഗവ. യു.പി സ്കൂളിലും വിളയൂർ പഞ്ചായത്തിലെ 12 കുടുംബങ്ങളിലെ 43 പേർ എടപ്പലം എച്ച്.എ.എൽ.പി സ്കൂളിലും നാഗലശ്ശേരി പഞ്ചായത്തിലെ ഒരു കുടുംബത്തിലെ ഒരാളും പട്ടിത്തറയിലെ മേഴത്തൂരിലെ 16 കുടുംബങ്ങളിലെ 41 പേരും തൃത്താല പഞ്ചായത്തിലെ മേഴത്തൂരിൽ 10 കുടുംബങ്ങളിലെ 17 പേർ മേഴത്തൂർ ഹൈസ്കൂളിലും ചാലിശ്ശേരി പഞ്ചായത്തിലെ നാലു കുടുംബങ്ങളിലെ 17 പേർ പഞ്ചായത്ത് ഹാളിലും തിരുവേഗപ്പുറ പഞ്ചായത്തിലെ ഒരു കുടുംബത്തിലെ നാലു പേരെ നെടുങ്ങോട്ടൂർ എൽ.പി. സ്കൂളിലും പരുതൂർ പഞ്ചായത്തിലെ ഏഴ് കുടുംബങ്ങളിലെ 21 പേരെ കാരമ്പത്തൂർ സ്കൂളിലും മൂന്നു കുടുംബങ്ങളിലെ എട്ടു പേരെ മുടപ്പക്കാട് മദ്റസയിലും അഞ്ചു കുടുംബങ്ങളിലെ അഞ്ചുപേരെ കരിയന്നൂർ സ്കൂളിലുമുള്ള ക്യാമ്പുകളിൽ പ്രവേശിപ്പിച്ചു. മന്ത്രി എം.ബി. രാജേഷ്, മുഹമ്മദ് മുഹ്സിൻ എം.എൽ.എ എന്നിവർ വിവിധ ക്യാമ്പുകൾ സന്ദർശിച്ചു.
കോട്ടപ്പള്ള, ചളവ
അലനല്ലൂർ: ഉരുൾപൊട്ടാൻ സാധ്യതയുള്ള മലയോര മേഖലകളിൽനിന്നുള്ള താമസക്കാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. എടത്തനാട്ടുകര ചൂരിയോട്, മണ്ഡപകുന്ന്, കുളക്കണ്ടം, ആനകൗത്ത്, ചളവ താണിക്കുന്ന്, മലയിടിഞ്ഞി എന്നി പ്രദേശങ്ങളിലുള്ളവരെയാണ് മാറ്റിയത്.
മുണ്ടകുന്ന് വാർഡിലെ മണ്ഡപകുന്ന്, ചൂരിയോട് മലകളിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികളും ചളവ വാർഡിലെ മലയിടിഞ്ഞി, താണിക്കുന്ന് പ്രദേശവും ഉപ്പുകുളം വാർഡിലെ ഓടക്കളം, ചൂളി മലയോര പ്രദേശങ്ങളും സന്ദർശിച്ചാണ് ദുരന്ത നിവാരണ സംഘം ആളുകളെ ക്യാമ്പുകളിലേക്ക് താമസം മാറ്റിയത്. നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറി. വർഷങ്ങളായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന രണ്ട് കരിങ്കൽ ക്വാറികൾ സന്ദർശിച്ചാണ് പ്രദേശത്തുള്ളവരെ എടത്തനാട്ടുകര ഗവ. ഓറിയൻറൽ ഹൈസ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. താണിക്കുന്ന് മലയിടിഞ്ഞിയിൽ വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. പോകാൻ ഒരുങ്ങുന്നതിനിടയിൽ സന്ദർശനം നടത്തിയ ഭാഗത്ത് മതിൽ ഇടിഞ്ഞ് താഴ്ന്നത് പരിഭ്രാന്തി പരത്തി. താമസം മാറാൻ കഴിയാത്തവർ നിസ്സഹായരായി ഇരിക്കുന്നതിനിടയിലാണ് ദുരന്ത നിവാരണ സംഘം സ്ഥലത്തെത്തിയത്.
ചാലിശ്ശേരി, കപ്പൂര്‍
കൂറ്റനാട്: തുടർച്ചയായി പെയ്യുന്ന മഴയിൽ ചാലിശ്ശേരി, കപ്പൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പടെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. ചാലിശ്ശേരിയില്‍ പഞ്ചായത്ത് അംബേദ്കർ ഹാളിലാണ് ക്യാമ്പ്. പഞ്ചായത്ത് ജനപ്രതിനിധികൾ, വില്ലേജ് ഓഫിസർമാർ എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തി ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ തിരുത്തുമ്മൽ പ്രദേശത്തെ നാലു കുടുംബങ്ങളിലെ അഞ്ച് കുട്ടികൾ ഉൾപ്പെടെ 17 പേരെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.
അലനല്ലൂരിന്
ആശ്വാസമായി
സേവന സംഘം
അലനല്ലൂർ: മഴക്കെടുതിയിലും വിവിധ അപകടങ്ങളിലുംപെടുന്നവർക്കരികിലേക്ക് ഓടിയെത്തുന്ന സേവനസംഘം അലനല്ലൂരിന് ആശ്വാസമേകുന്നു. സിവിൽ ഡിഫൻസ്, ട്രോമാ കെയർ, ആപ്താമിത്ര, ലയൺസ് ക്ലബ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് വാഹന അപകടങ്ങൾ, മരം വീണ് റോഡ് ഗതാഗത തടസ്സമുണ്ടാവുക, മഴക്കെടുതി കാരണം വീടുകളിൽ ഉണ്ടാകുന്ന ദുരന്തം ഒഴിവാക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്. ഫയർഫോഴ്സ്, കെ.എസ്.ഇ.ബി എന്നിവർക്കൊപ്പം ചേർന്ന് സേവനങ്ങൾ ചെയ്യുന്നത് രാപകലുകളില്ലാതെയാണ്. ദുരന്ത നിവാരണ സേന അഡ്മിൻ സുബൈർ തുർക്കി, മണ്ണാർക്കാട്, നാട്ടുകൽ സ്റ്റേഷൻ കോഡിനേറ്റർമാരായ ഹബീബ് റഹ്മാൻ, ഷാഹുൽ ഹമീദ്, സ്റ്റേഷൻ അസി. കോഓഡിനേറ്റർ മണികണ്ഠൻ, റിയാസുട്ടിൻ, റിഷാദ് അലനല്ലൂർ, അബ്ദുൽ റഹീം, സലാം, നൗഷാദ്, റഹീസ്, മുഹമ്മദ് പാലക്കടവ്, ശരീഫ് തിരുവിഴാംകുന്ന്, ബാബു മൈക്രോടെക്ക്, അബ്ദുൽ അസീസ്, അരവിന്ദൻ ചൂരക്കാട്ടിൽ, റഫീക്ക്, അഡ്വ. മനോജ്, ഡോ. ദിലീപ്, ബാലചന്ദ്രൻ, പി.പി.കെ. അബ്ദുറഹ്മാൻ തുടങ്ങി ഒട്ടേറെ പ്രവർത്തകരാണ് സഹായഹസ്തമായി എത്തുന്നത്.
ദുരിതബാധിതർക്ക്
കൈത്താങ്ങ്
കാഞ്ഞിരപ്പുഴ: മഴക്കാല ദുരിതമനുഭവിക്കുന്നവർക്കുള്ള പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികൾ സ്വരൂപിച്ച അവശ്യസാധനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയും എൻ.എസ്.എസ് ജില്ല മേധാവികൾക്ക് കൈമാറി. 20000 രൂപയുടെ സാധനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 10000 രൂപയും ജില്ല ഹയർ സെക്കൻഡറി എൻ.എസ്.എസ് കോഓഡിനേറ്റർ എസ്. പ്രവീൺ ഏറ്റുവാങ്ങി.
വീടുകൾ ശുചീകരിച്ചു
ഒറ്റപ്പാലം: വെള്ളം കയറിയ മേഖലയിലെ അമ്പതോളം വീടുകൾ കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങി ശുചീകരിച്ചു. നഗരത്തിലെ ശാന്തി നഗർ, സെമാൽക് അശുപത്രിക്ക് മുൻവശം, കാഞ്ഞിരക്കടവ് എന്നിവിടങ്ങളിലെ വീടും പരിസരങ്ങളുമാണ് വൃത്തിയാക്കിയത്. വീടുകളിലേക്ക് പല കുടുംബങ്ങളും തിരികെയെത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ. ജയരാജൻ, മണ്ഡലം പ്രസിഡന്റ് മുഹമ്മദലി നാലകത്ത്, ബ്ലോക്ക് ഭാരവാഹികൾ, യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ്, കൗൺസിലർമാർ, കെ.എസ്.യു പ്രവർത്തകർ, തുടങ്ങിയവർ പങ്കാളികളായി. സേവാഭാരതിയും രംഗത്തുണ്ടായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.