രാധിക അശോക്: ‘ദയഭാരതി’യിലൂടെ പട്ടാമ്പിയിൽനിന്നൊരു പിന്നണി ഗായിക
text_fieldsപട്ടാമ്പി: വെള്ളിയാഴ്ച റിലീസ് ചെയ്ത ‘ദയഭാരതി’ എന്ന സിനിമയിലൂടെ പട്ടാമ്പിക്ക് സ്വന്തമായത് ജൂനിയർ ജാനകി എന്ന അപരനാമത്തിലറിയപ്പെടുന്ന പിന്നണിഗായികയെയാണ്. സംഗീതലോകത്തേക്ക് രാധിക അശോകിന്റെ തിരിച്ചുവരവിനാണ് കെ.ജി. വിജയകുമാർ സംവിധാനം ചെയ്ത ദയഭാരതി വഴിയൊരുക്കിയത്.
മോഹൻലാലിന്റെ ജന്മദിനത്തിൽ പുലിമുരുകൻ സിനിമയിലെ ‘മാനത്തെ മാരിക്കുറുമ്പേ...’ എന്ന ഗാനം പാടിയത് സാമൂഹികമാധ്യമങ്ങളിൽ വൈറലായതിലൂടെയാണ് സിനിമയിലെ ആദ്യാവസരം രാധികയെ തേടിയെത്തിയത്. സംഗീത സംവിധായകൻ സ്റ്റിൽജു അർജുനാണ് സിനിമയിൽ പാടാൻ അവസരം കൊടുത്തത്. പ്രശസ്ത ഗായകൻ ഹരിഹരനോടൊപ്പം പാടിയ ‘ഇരുളാറ്റിയൊരീമലമേട്ടിൽ..’ എന്നു തുടങ്ങുന്ന നാടൻ പാട്ടിലൂടെയാണ് രാധികയുടെ സിനിമാപ്രവേശം. മുംബൈയിലെ ഹരിഹരന്റെ വീട്ടിലെ സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്. ഒറ്റദിവസംകൊണ്ടുതന്നെ റെക്കോഡിങ് പൂർത്തിയാക്കിയ പാട്ട് ഹരിഹരൻ മലയാളത്തിൽ പാടുന്ന ആദ്യ നാടൻപാട്ടു കൂടിയാണ്.
പട്ടാമ്പിയിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിൽ നാട്ടുകാർക്കൊപ്പം രാധികയും കുടുംബവും സന്നിഹിതരായിരുന്നു. ആസ്വാദകരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പട്ടാമ്പി ഞാങ്ങാട്ടിരി കാറോളി വീട്ടിൽ ദേവരാജൻ-ജയശ്രീ ദമ്പതികളുടെ മകളാണ്. ലോകമറിയുന്ന ഗായികയാക്കണമെന്ന് അതിയായി മോഹിച്ച് മകളെ സംഗീത പഠനത്തിന് വിട്ട അമ്മയുടെയും ജീവനു തുല്യം സ്നേഹിച്ച സഹോദരന്റെയും ആകസ്മിക വേർപാടാണ് രാധികയുടെ സംഗീതലോകത്തിൽ ഇരുട്ട് വീഴ്ത്തി. 12 വർഷക്കാലം സംഗീതം മറന്ന ജീവിതമായിരുന്നു കാരക്കാട് എ.എം.യു.പി സ്കൂൾ അധ്യാപിക കൂടിയായ രാധികയുടേത്. കാറൽമണ്ണ വെള്ളാരംപാറ വീട്ടിലെ അശോക് ജീവിത പങ്കാളിയായെത്തിയതോടെ വീണ്ടും സംഗീതജീവിതം തളിരിട്ടു.
‘ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ.......’ എന്ന ഗാനം പാടിയത് സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ എസ്. ജാനകിയുടെ ശബ്ദസാമ്യം ജൂനിയർ ജാനകി എന്ന പേര് നേടിക്കൊടുത്തു. തുടർന്ന് മലയാളത്തിന്റെ പ്രിയ ഗായകരായ ജി. വേണുഗോപാൽ, മധു ബാലകൃഷ്ണൻ, ബിജു നാരായണൻ എന്നിവർക്കൊപ്പം ആൽബങ്ങളിൽ പാടി. രണ്ട് ആൽബങ്ങളിൽ പാടി അഭിനയിച്ചു. ഒന്നിൽ മകനോടൊപ്പമായിരുന്നു അഭിനയം. സംഗീതജീവിതത്തിൽ ഭർത്താവിന്റെയും മക്കളായ നിരഞ്ജൻ കൃഷ്ണ, ഗൗതം കൃഷ്ണ എന്നിവരുടെയും അകമഴിഞ്ഞ പിന്തുണയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.