അമ്പാടിക്കുന്നിൽ പുഷ്പോത്സവമൊരുക്കി വനിത കൂട്ടായ്മ
text_fieldsപട്ടാമ്പി: അമ്പാടിക്കുന്നിൽ വനിത കൂട്ടായ്മ പുഷ്പോത്സവമൊരുക്കി. ചിന്മയ ലേബർ ഗ്രൂപ്പിലെ 10 വനിത തൊഴിലാളികളുടെ കഠിനപ്രയത്നമാണ് പൂത്തുലഞ്ഞത്. നടുവട്ടം പുതുക്കുടി ബാബുവിന്റെ 30 സെന്റ് സ്ഥലത്താണ് വിളയൂർ പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികൾ ചെണ്ടുമല്ലി കൃഷിയിറക്കിയത്. കരിങ്ങനാട് നഴ്സറിയിൽനിന്ന് വാങ്ങിയ 500 തൈകൾ വളർന്ന് പൂവിട്ടപ്പോൾ അമ്പാടിക്കുന്നിലെ വനിത കൂട്ടായ്മയുടെ സ്വപ്നംകൂടിയാണ് പൂവണിഞ്ഞത്.
പാറയിൽ അത്യധ്വാനം ചെയ്തും അടുത്ത വളപ്പിലെ കിണറിൽനിന്ന് ബക്കറ്റിട്ട് വെള്ളം കോരികൊണ്ടുവന്ന് നനച്ചുമാണ് ഒരു തൈ പോലും നഷ്ടപ്പെടുത്താതെ പത്തംഗ സംഘം പരിപാലിച്ചത്. വിളയൂർ പഞ്ചായത്ത് അംഗം രാജി മണികണ്ഠൻ, മുൻ അംഗം എ. സുകുമാരൻ, കൃഷി ഓഫിസർ അഷ്ജാൻ എന്നിവരും നൽകിയ പിന്തുണയും സഹായവും മേൽനോട്ടവുമാണ് വിജയത്തിലെത്തിച്ചതെന്ന് തൊഴിലാളികൾ പറയുന്നു. പൂക്കൾക്ക് വിപണി കണ്ടെത്തലാണ് അടുത്ത കടമ്പ എന്നും അവർ പറഞ്ഞു. ശനിയാഴ്ച വിളവെടുത്ത് ആവശ്യക്കാർക്ക് വിൽപന നടത്തി മുടക്കുമുതലും അധ്വാനത്തിന്റെ പ്രതിഫലവും തിരിച്ചെടുക്കാനാവുമെന്നാണ് പ്രതീക്ഷ. കെ.പി. അമ്മിണി, എ.കെ. പ്രിയ, എ.കെ. ലത, എ.പി. ശാന്ത, വി.പി. ചക്കി, എ.കെ. കാർത്യായനി, പി. സ്വപ്ന, പി.ടി. ഗീത, പി.പി. ഷൈലജ, സി.പി. സിന്ധു എന്നിവരാണ് ലേബർ ഗ്രൂപ് അംഗങ്ങൾ.
പേരടിയൂരിനെ പട്ടുടുപ്പിച്ച് മോഹൻദാസിന്റെ ചെണ്ടുമല്ലി കൃഷി
പട്ടാമ്പി: മോഹൻദാസിന്റെ ചെണ്ടുമല്ലി കൃഷി പേരടിയൂരിനെ പട്ടുടുപ്പിക്കുന്നു. മണ്ണിലും വിണ്ണിലും പൂക്കൾ ചിരിക്കുന്ന ആവണി മാസത്തെ വരവേറ്റ് നാലായിരം ചെടികളാണ് പൂത്തു നിൽക്കുന്നത്. ചരിഞ്ഞ കുന്നിൻപ്രദേശത്ത് തട്ടുകളായാണ് പ്രവാസിയായ നളന്ദപുരം മോഹൻദാസ് ചെണ്ടുമല്ലി കൃഷിയിറക്കിയിരിക്കുന്നത്. ഓരോ തട്ടും ഇടവിട്ട് മഞ്ഞയും ചുവപ്പും പൂക്കൾ വിരിഞ്ഞുനിൽക്കുന്നത് നയന മനോഹര കാഴ്ചയാണ്. വിളയുടെ ഊരിനെ അന്വർഥമാക്കി പൂക്കൃഷിയിലൂടെ പുതുചരിത്രം രചിക്കുകയാണ് മോഹൻദാസും കൊളത്തൂർ നാഷനൽ എൽ.പി സ്കൂളിൽനിന്ന് വിരമിച്ച പത്നി സുധ ടീച്ചറും. വിളയൂരിന്റെ ഓണപ്പൂക്കളങ്ങൾക്ക് പകിട്ടേകാൻ ഇക്കൊല്ലം പേരടിയൂരിലെ ചെണ്ടുമല്ലിയും സജ്ജമായിക്കഴിഞ്ഞു.
ഞായറാഴ്ചത്തെ അത്തപ്പൂക്കളത്തിന് അലങ്കാരമായി പേരടിയൂരിലെ പൂക്കളുണ്ടാവും. ഇതിനായി ശനിയാഴ്ച ആദ്യ വിളവെടുപ്പ് നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ കാണികൾക്ക് സന്ദർശനം അനുവദിക്കും. 50 സെന്റ് സ്ഥലത്താണ് മോഹൻദാസ് ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്. ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന 28 ദിവസം മൂപ്പുണ്ടായിരുന്ന 4000 തൈകളാണ് 45 ദിവസത്തെ പരിപാലനത്തിന് ശേഷം വിളവെടുപ്പിന് പാകമായിരിക്കുന്നത്. കഴിഞ്ഞ വർഷം നടത്തിയ സൂര്യകാന്തി കൃഷിയിൽ നിന്നുള്ള ആവേശമാണ് പൂ കൃഷി തുടരാൻ പ്രചോദനം. സ്പ്രിങ്ക്ലർ ഉപയോഗിച്ച് നനച്ചും ചാണകവും രാസവളങ്ങളും ചേർത്തുമായിരുന്നു പരിപാലനം. ഓണവിപണി ലക്ഷ്യമിട്ടാണ് കൃഷി ചെയ്തതെന്നും പ്രാദേശികമായി വിൽക്കാനാണ് ഉദ്ദേശ്യമെന്നും മോഹൻദാസ് പറഞ്ഞു.
കൊളത്തൂർ നാഷനൽ എൽ.പി സ്കൂളിൽ നിന്ന് വിരമിച്ച ഭാര്യ സുധ ടീച്ചറും മരുമകൾ അനൂജയുമാണ് കൃഷിക്കും പരിപാലനത്തിനും കൂട്ട്. അമേരിക്കയിൽ ഐ.ടി പ്രഫഷനലായ മിഥുൻ, പാമ്പാടി നെഹ്റു കോളജിൽ പ്രഫസറായ എം.ടെക് ബിരുദധാരി ജിതിൻ, എറണാകുളത്ത് ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന നിതിൻ എന്നിവർ മക്കളും ദിവ്യ, അനൂജ എന്നിവർ മരുമക്കളുമാണ്. പേരക്കുട്ടികളായ ദേവാൻഷി, ആദിത്യ, നയനിക എന്നിവർക്ക് വിഷരഹിത പഴങ്ങൾക്കായി പൂ കൃഷിയോട് ചേർന്ന് തട്ടുകളായി വിവിധ പഴങ്ങളും കൃഷി ചെയ്തിട്ടുണ്ട്. മൂന്നു കുട്ടികൾക്ക് മൂന്നു തട്ടിലാണ് കൃഷി. ചക്ക, മാങ്ങ, പേരക്ക, പപ്പായ, സപ്പോട്ട മുതൽ റമ്പുട്ടാൻ വരെയുള്ളവ കായ്ച്ചുനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.