ഭാരതപ്പുഴ കരകവിഞ്ഞു; പട്ടാമ്പി പാലം വെള്ളത്തിനടിയിൽ
text_fieldsപട്ടാമ്പി: പ്രളയദുരിതങ്ങളോർമിപ്പിച്ച് നിളക്ക് വീണ്ടും രൗദ്രഭാവം. തിങ്കളാഴ്ച രാത്രിയിലെ നിലക്കാത്ത മഴയിൽ പുഴ നിറഞ്ഞൊഴുകി. ചൊവ്വാഴ്ച രാവിലെ എട്ടോടെ പാലത്തെ തൊട്ടുരുമ്മിയ പുഴ മിനിറ്റുകൾക്കകം പാലത്തെ കീഴ്പ്പെടുത്തി. ജലവിതാനം ഭയപ്പെടുത്തുന്ന രീതിയിലാണ് ഉയർന്നത്.
പാലത്തിനു മുകളിലൂടെ നീരൊഴുക്ക് തുടങ്ങിയപ്പോൾ തഹസിൽദാർ ടി.ജി. ബിന്ദു സ്ഥലത്തെത്തി പാലം അടച്ചിടാൻ നിർദേശം നൽകി. ജലവിതാനം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇരുചക്രവാഹന ഗതാഗതവും കാൽനടയും നിരോധിച്ച് ജില്ല കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. വൈകുന്നേരത്തോടെ 2018, 2019 കാലത്തെപ്പോലെ കൈവരികൾ മൂടി വെള്ളമുയർന്നു. കൈവരികൾ ശക്തമായ ഒഴുക്കിൽ തകർന്നതായും കരുതുന്നു.
30 വർഷത്തിനുശേഷം ആദ്യമായി 2007ലാണ് പാലത്തിനു മുകളിലൂടെ പുഴ ഒഴുകിയത്. 2018ലും 2019ലും പാലം കാണാത്തവിധം പുഴ കവിഞ്ഞൊഴുകി. 2019 ആഗസ്റ്റിലെ പ്രളയത്തിൽ പാലത്തിന്റെ കൈവരികൾ പൂർണമായി തകർന്നു.
ദിവസങ്ങളോളം അടച്ചിട്ട പാലം നവീകരണത്തിനുശേഷമാണ് തുറന്നത്. പ്രധാന അന്തർസംസ്ഥാന സർവിസുകളുള്ള റൂട്ടിൽ പാലം അടച്ചതോടെ വലിയ ഗതാഗതപ്രതിസന്ധിയാണ് രൂപപ്പെട്ടത്. പാലക്കാട്-ഗുരുവായൂർ സർവിസിനെയാണ് ഏറെയും ബാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.