മഴയെ അവഗണിച്ച് രായിരനെല്ലൂർ മല കയറി ഭക്തർ
text_fieldsപട്ടാമ്പി: കോവിഡ് നിയന്ത്രണങ്ങളും കനത്ത മഴയും ഇച്ഛാശക്തിക്ക് മുന്നിൽ വഴിമാറിയപ്പോൾ നിരവധി ഭക്തർ രായിരനെല്ലൂർ മലകയറി. മലമുകളിൽ കല്ലുരുട്ടിക്കയറ്റിയെത്തിയ നാറാണത്ത് ഭ്രാന്തന് ദുർഗാദേവിയുടെ ദർശനം ലഭിച്ചെന്ന് കരുതുന്ന തുലാം ഒന്നിനാണ് രായിരനെല്ലൂർ മലകയറ്റം. അഞ്ഞൂറടി ഉയരമുള്ള മലമുകളിൽ ഭ്രാന്തൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിൽ തൊഴുതും മുട്ടറുത്തും വഴിപാടുകൾ കഴിച്ചും നാറാണത്ത് ഭ്രാന്തെൻറ കൂറ്റൻ പ്രതിമ വലം വെച്ചും രണ്ടാണ്ടിെൻറ കാത്തിരിപ്പ് സഫലമാക്കി ഭക്തർ മലയിറങ്ങി.
കഴിഞ്ഞ വർഷം കോവിഡ് മുടക്കിയ മലകയറ്റത്തിന് ഇക്കൊല്ലവും ജില്ല ഭരണകൂടം അനുമതി നൽകിയിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പെത്തിയ വിവിധ കച്ചവടക്കാർക്കും മലകയറ്റത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ മലയുടെ ചുമതലയുള്ള ട്രസ്റ്റിനും സർവോപരി മല കയറാൻ കാത്തിരുന്ന ഭക്തർക്കും തീരുമാനം നിരാശയാണുണ്ടാക്കിയത്.
എങ്കിലും ലക്ഷാർച്ചന തുടങ്ങിയ വെള്ളിയാഴ്ച മുതൽ മലയിലേക്ക് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. നിയന്ത്രണവും കനത്ത മഴയും സൃഷ്ടിച്ച ആശങ്കകളെ അസ്ഥാനത്താക്കിയാണ് മലകയറ്റം നടന്നത്. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നുള്ളവർ പുലർച്ച മുതൽ മലയിലെത്തിത്തുടങ്ങി.
സംക്രമത്തിെൻറ പശ്ചാത്തലത്തിൽ ഇത്തവണ രണ്ട് ദിവസമാണ് മല കയറ്റമെങ്കിലും കലണ്ടറിനെ ആശ്രയിച്ചവർ ആദ്യദിനം തന്നെ മല കയറി. തിങ്കളാഴ്ചയും മലകയറ്റം തുടരുമെന്നാണ് പ്രതീക്ഷ. ആമയൂർ മന മധു ഭട്ടതിരിപ്പാട്, രാമൻ ഭട്ടതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലുള്ള ദ്വാദശാക്ഷരീ ട്രസ്റ്റ് ക്ഷേത്ര ചടങ്ങുകൾക്ക് കാർമികരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.