ഇനിയില്ല ആ ചിരി, സാന്ത്വനവും
text_fieldsപട്ടാമ്പി: ഡോ. ജോസ് പുളിക്കന്റെ വിയോഗത്തോടെ ഓർമയായത് 40 വർഷമായി പട്ടാമ്പിയുടെ ജനകീയ ഡോക്ടറുടെ മുഖം. 2005ൽ വിരമിച്ച ശേഷവും മേലെ പട്ടാമ്പിയിലെ വസതിയിൽ ജോസ് പുളിക്കൻ രോഗികൾക്ക് സാന്ത്വനം പകർന്നിരുന്നു. ചിരിച്ചുകൊണ്ടല്ലാതെ ജോസ് ഡോക്ടറെ കണ്ടിട്ടില്ല. രോഗികൾക്ക് ആ ചിരി മതി, പകുതി ആശ്വാസത്തിന്. പിന്നെ പരിശോധനക്കിടെ പേര് ചോദിക്കും, രോഗത്തെക്കുറിച്ച് ഭയപ്പെടുത്താതെ സമാധാനിപ്പിക്കും. കണക്ക് പറഞ്ഞു ഫീസ് വാങ്ങുന്ന ഡോക്ടർമാരിൽ വ്യത്യസ്തനായിരുന്നു ഡോക്ടർ. കൊടുക്കുന്നതെത്രയെന്ന് നോക്കാതെ മേശയിലിടും. അനാവശ്യ ടെസ്റ്റുകളില്ലാതെയാണ് രോഗ നിർണയം നടത്തിയിരുന്നത്.
പിങ്ക്, വയലറ്റ് മഷി നിറച്ച വലിയ ഫൗണ്ടൻ പേന കൊണ്ട് നീട്ടി വലിച്ചെഴുതുന്ന മരുന്ന് ചീട്ട് ഡോക്ടറുടെ പ്രത്യേകതയായിരുന്നു. പട്ടാമ്പി കരുണ സ്റ്റോറിൽ ഏൽപ്പിക്കുന്ന അരഡസനോളം പേനകളിൽ മഷി നിറച്ചുനൽകിയിരുന്നത് ജീവനക്കാരി ഇന്ദിരയായിരുന്നു. അർബുദം ബാധിച്ച് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. വൈകീട്ട് നാല് മുതൽ എട്ടു വരെ മേലെ പട്ടാമ്പിയിലെ വസതിയിൽ പൊതുദർശനത്തിനു വെച്ച ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്റെ നാനാ തുറകളിൽപെട്ട നിരവധി പേരെത്തി. തിങ്കളാഴ്ച സ്വദേശമായ തൃശൂർ മണ്ണമ്പറ്റയിൽ പൊതുദർശനത്തിന് ശേഷം പത്തരക്ക് സംസ്കാരം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.