കുഞ്ഞുസ്വപ്നങ്ങൾ ആകാശം തൊട്ടു; നിർവൃതിയിൽ പട്ടാമ്പി ലയൺസ് ക്ലബ്
text_fieldsപട്ടാമ്പി: വിളയൂർ എടപ്പലം പി.ടി.എം യതീംഖാന സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്വപ്നങ്ങൾ ഹ്യുമാനിറ്റേറിയൻ പദ്ധതിയിലൂടെ യാഥാർഥ്യമാക്കിയിരിക്കുകയാണ് പട്ടാമ്പി ലയൺസ് ക്ലബ്. വിമാനത്തിലും വന്ദേ ഭാരത് ട്രെയിനിലും യാത്ര ചെയ്യണമെന്ന ആഗ്രഹമാണ് സഫലമാക്കിയത്.
ഹ്യുമാനിറ്റേറിയൻ സർവിസ് ഡിസ്ട്രിക്ട് കോഓഡിനേറ്റർ സുധർമ ഇർഷാദ്, പട്ടാമ്പി ലയൺസ് ക്ലബ് പ്രസിഡന്റ് കെ. മനോജ്, ടൂർ കോഓഡിനേറ്റർ കെ. ജയകൃഷ്ണൻ എന്നിവർ നേതൃത്വം കൊടുത്ത യാത്രയുടെ ഫ്ലാഗ് ഓഫ് പട്ടാമ്പി ലയൺസ് ക്ലബ് വൈസ് പ്രസിഡന്റ് ആർ. രഞ്ജീവ് നിർവഹിച്ചു. കുട്ടികളുമായി ബുധനാഴ്ച രാവിലെ നെടുമ്പാശ്ശേരിയിലെത്തി ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തേക്ക്. തിരുവനന്തപുരത്ത് ശംഖുമുഖം ബീച്ച്, നിയമസഭ മന്ദിരം, സുവോളജിക്കൽ പാർക്, ആർട്ട് ഗാലറി, സ്നേക് പാർക്ക് എന്നിവ സന്ദർശിച്ച് വൈകുന്നേരം വന്ദേഭാരത് ട്രെയിനിൽ ഷൊർണൂരിലേക്ക്. ഏറെ ആവേശത്തോടെയാണ് പതിനഞ്ചോളം കുട്ടികൾ യാത്രയിൽ പങ്കെടുത്തത്. ഇൻഡിഗോ വിമാന അധികൃതർ കുട്ടികൾക്ക് ആവേശകരമായ സ്വീകരണം ഒരുക്കിയിരുന്നു. പ്രധാനാധ്യാപകൻ മുഹമ്മദ് ചങ്ങനക്കാട്ടിൽ, പട്ടാമ്പി ബി.ആർ.സിയിലെ ഒ.എൻ. സിന്ധു എന്നിവർ കുട്ടികളെ അനുഗമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.