സമഗ്രാധിപത്യം
text_fieldsപട്ടാമ്പി: ലോക്സഭ തെരഞ്ഞെടുപ്പിൽ പട്ടാമ്പി മണ്ഡലത്തിൽ സമഗ്രാധ്യപത്യവുമായി യു.ഡി.എഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ. നഗരസഭയിലും മുഴുവൻ പഞ്ചായത്തുകളിലും ആഞ്ഞടിച്ച യു.ഡി.എഫ് തരംഗം 27136 വോട്ടുകളുടെ ലീഡാണ് യു.ഡി.എഫിന് നൽകിയത്.
സി.പി.എം ശക്തികോട്ടയായ വിളയൂരിലും മുതുതലയിലും മാത്രമാണ് ആയിരത്തിൽ താഴെ ലീഡ്. ഏറ്റവുമധികം വോട്ടുകളുടെ ഭൂരിപക്ഷം നൽകിയത് യു.ഡി.എഫ് ഭരണത്തിലുള്ള തിരുവേഗപ്പുറയാണ്. യു.ഡി.എഫ് വിജയത്തിന് നിർണായക സംഭാവന നൽകുന്ന പഞ്ചായത്ത് 5867 വോട്ടുകളാണ് അധികമായി നൽകിയത്. തൊട്ടു പിന്നിൽ ഓങ്ങല്ലൂരും. രണ്ടിടങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വാധീനമുണ്ട്.
പട്ടാമ്പി നഗരസഭ (3544), വിളയൂർ (990), കുലുക്കല്ലൂർ (3035), കൊപ്പം (3275), മുതുതല (935), ഓങ്ങല്ലൂർ (5423), വല്ലപ്പുഴ (4067) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ലീഡ് നില. ബി.ജെ.പി ശരാശരി 20000 വോട്ടുകളാണ് മണ്ഡലത്തിൽ നേടാറുള്ളത്. 2019ൽ സി. കൃഷ്ണകുമാർ മത്സരിച്ചപ്പോൾ 20716 വോട്ടുകൾ പിടിച്ചത് ഇത്തവണ 22208 വോട്ടുകളാണ് പെട്ടിയിലാക്കിയത്.
2021 നിയമസഭ തെരഞ്ഞെടുപ്പിൽ മുഹമ്മദ് മുഹ്സിൻ 75311 വോട്ടുകളും യു.ഡി.എഫ് സ്ഥാനാർഥി റിയാസ് മുക്കോളി 57337 വോട്ടുകളുമാണ് നേടിയിരുന്നത്. എന്നാൽ, 2024 ലെത്തിയപ്പോൾ ചിത്രം മാറിമറിഞ്ഞു. വി.കെ. ശ്രീകണ്ഠൻ 75240 വോട്ടുകൾ നേടിയപ്പോൾ എ. വിജയരാഘവന് ലഭിച്ചത് 49037 വോട്ടുകൾ മാത്രമാണ്. ലോക്സഭയിലേക്ക് യു.ഡി.എഫിനെയും നിയമസഭയിലേക്ക് എൽ.ഡി.എഫിനെയും തുണക്കുക എന്ന പൊതുസ്വഭാവമാണ് പട്ടാമ്പിയിലും പ്രകടമായത്.
ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളാണ് ഇരുമുന്നണികളും മണ്ഡലത്തിൽ കാഴ്ചവെച്ചത്. സി.പി.ഐയിൽ നിലനിൽക്കുന്ന ഭിന്നതകളൊന്നും എൽ.ഡി.എഫ് പ്രവർത്തനങ്ങളെ ബാധിച്ചിരുന്നില്ല. വികസനപ്രവർത്തനങ്ങൾ വാദപ്രതിവാദങ്ങൾക്കിടയാക്കിയിരുന്നു. ഒന്നൊഴികെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും വരുതിയിലുള്ള എൽ.ഡി.എഫിന് ഒരിടത്തും മുന്നിലെത്താൻ കഴിഞ്ഞില്ല. പഴുതടച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടും തങ്ങളുടെ വോട്ടുകളിലുണ്ടായ ചോർച്ച വരും ദിവസങ്ങളിൽ ചർച്ചാവിഷയമാകും.
പോളിറ്റ് ബ്യൂറോ മെംബർ കൂടിയായ എ. വിജയരാഘവനെ വിജയിപ്പിക്കേണ്ടത് അനിവാര്യമായി കണ്ടാണ് സി.പി.എം പ്രവർത്തനപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയത്. കേന്ദ്ര ഭരണകക്ഷിയോടുള്ള എതിർപ്പ് യു.ഡി.എഫിന് അനുകൂലമായതും വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ കക്ഷികൾ പ്രത്യക്ഷമായി യു.ഡി.എഫിനൊപ്പം നിന്നതും എൽ.ഡി.എഫിന് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.