നിള -ഐ.പി.ടി റോഡ് നവീകരണം; പട്ടാമ്പി ടൗണിലെ കൈയേറ്റം ഉടൻ ഒഴിപ്പിക്കാൻ നിർദേശം
text_fieldsപട്ടാമ്പി: നിള ആശുപത്രി-ഐ.പി.ടി കോളജ് റോഡ് നവീകരണത്തിന്റെ ഭാഗമായി പട്ടാമ്പി ടൗണിലെ കൈയേറ്റമൊഴിപ്പിക്കൽ, വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ വകുപ്പ് മേധാവികൾക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് വ്യാപാരികളും കെട്ടിട ഉടമകളും സഹകരിക്കണമെന്ന് എം.എൽ.എ അഭ്യർഥിച്ചു. റോഡ് നവീകരണത്തിന്റെ ഭാഗമായി പട്ടാമ്പി മുനിസിപ്പൽ പരിധിയിൽ നടത്തേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങളെക്കുറിച്ച് നടന്ന ആലോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ.
നിലവിൽ ഓങ്ങല്ലൂർ വരെ ആദ്യഘട്ട റബറൈസിങ്ങും ഓങ്ങല്ലൂർ മുതൽ പട്ടാമ്പി വരെയുള്ള ഒന്നാംഘട്ട പ്രവൃത്തികളും പുരോഗമിക്കുകയാണ്. ഓങ്ങല്ലൂരിൽ പഴയ റോഡ് പൊളിച്ച് ലെവലിങ് അടക്കമുള്ള പ്രവൃത്തികളാണ് നടക്കുന്നത്. മിൽമ പ്ലാന്റ് വരെ ഇത് തുടരും. തുടർന്ന് പട്ടാമ്പി നഗരത്തിലെ പ്രവൃത്തികൾ ആരംഭിക്കും. ഇതിന് മുന്നോടിയായി പാതയോരത്തെ മരങ്ങൾ മുറിച്ചുനീക്കൽ, വൈദ്യുതി തൂൺ മാറ്റി സ്ഥാപിക്കൽ, ജല ജീവൻ മിഷൻ പൈപ്പിടൽ, കൈയേറ്റം ഒഴിപ്പിക്കൽ എന്നീ പ്രവൃത്തികൾ നടപ്പാക്കണം. ഇതിന്റെ ഭാഗമായാണ് റവന്യു, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്. താലൂക്ക് കോൺഫറൻസ് ഹാളിൽ എം.എൽ.എയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
കിഫ്ബി വഴി അനുവദിച്ച 85 കോടി രൂപ ചിലവിൽ കെ.ആർ.എഫ്.ബിയുടെ മേൽനോട്ടത്തിലാണ് റോഡ് നവീകരിക്കുന്നത്. ജാസ്മിൻ കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്. ആദ്യഘട്ട നവീകരണം പൂർത്തിയായ ചുവന്ന ഗേറ്റ്, വാടാനാംകുറുശ്ശി ഭാഗങ്ങളിൽ അഴുക്കുചാൽ നിർമാണവും വേഗത്തിൽ പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.