ഇ.പി. ഗോപാലൻ: പോരാട്ട വീഥിയിൽ പതറാത്ത കമ്യൂണിസ്റ്റ്
text_fieldsപട്ടാമ്പി: വള്ളുവനാടൻ പോരാട്ട വീര്യത്തിന്റെ ഓർമക്ക് 23 ആണ്ട്. തലമുറകൾക്കതീതനായി ജനമനസ്സുകളിൽ ജീവിക്കുന്ന സ്വാതന്ത്ര്യ സമര സേനാനിയും മുൻ എം.എൽ.എയും കമ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേധ്യ നേതാവുമായ ഇ.പി. ഗോപാലൻ എന്ന വിപ്ലവസൂര്യൻ 2001 നവംബർ ഒന്നിനാണ് വിടപറഞ്ഞത്. ആളിക്കത്തിയും അമർന്നു കത്തിയും സമൂഹത്തിലെ ദുരാചാരങ്ങളോട് പടവെട്ടി സാധാരണക്കാരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനുവേണ്ടി ആജീവനാന്തം കലഹിച്ച ജനസേവകനായിരുന്നു എറശ്ശേരി പടിഞ്ഞാറേതിൽ ഗോപാലൻ എന്ന ഇ.പി. ഗോപാലൻ.
ദലിതരുടെ അവകാശപ്പോരാട്ടങ്ങളുടെ മുന്നിൽനിന്ന് പ്രവർത്തിച്ച ഇ.പി അയിത്തത്തിനെതിരെ നടത്തിയ സമരങ്ങൾ വള്ളുവനാടിന്റെ ചരിത്രമാണ്. വഴിനടക്കാനും അമ്പലത്തിൽ പ്രവേശിക്കാനും അവകാശമില്ലാത്തവരെ നിവർന്നുനിന്ന് സംസാരിക്കാൻ പ്രാപ്തനാക്കിയ ഇ.പിയുടെ പ്രവർത്തനങ്ങൾ പഴയ തലമുറയുടെ ഓർമകളിലിന്നും തിളക്കമുള്ള ഏടുകളാണ്. ദലിതരെ കുളിപ്പിച്ച് ക്ഷേത്രത്തിൽ പ്രവേശിപ്പിച്ച കഥ മണ്ണേങ്ങോടുള്ള ഇ.പിയുടെ വീടായ അരുണയുടെ മുറ്റത്തെ പ്രിയപ്പെട്ട മാവിൻ ചുവട്ടിലിരുന്ന് പലതവണ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കൊപ്പം മണ്ണേങ്ങോട് പുത്തൻവീട്ടിൽ ചാത്തു നായരുടെയും എറശ്ശേരി പടിഞ്ഞാറേതിൽ കുഞ്ഞു അമ്മയുടെയും മകനായി ജനിച്ച അദ്ദേഹം ചുണ്ടമ്പറ്റയിലും പെരിന്തൽമണ്ണയിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇ.എം.എസ് സഹപാഠിയും എം.പി. ഗോവിന്ദ മേനോൻ അധ്യാപകനുമായിരുന്നു. ഈ സഹവർത്തിത്വമാണ് ഇ.പിയുടെ മനസ്സിൽ വിപ്ലവ നാമ്പുകൾക്ക് തീപകർന്നത്. 1930ലെ ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്താണ് ഇ.പി സജീവ രാഷ്ട്രീയപ്രവർത്തനത്തിന് തുടക്കമിട്ടത്. സമരവളന്റിയർമാരുടെ പയ്യന്നൂർ ജാഥക്ക് ഷൊർണൂരിലൊരുക്കിയ സ്വീകരണം ഇ.പിയുടെ സംഘാടന മികവായി വാഴ്ത്തപ്പെട്ടതാണ്. കോഴിക്കോട് കള്ളുഷാപ്പ് പിക്കറ്റിങ്ങിൽ പങ്കെടുത്ത് ആദ്യമായി അറസ്റ്റു വരിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ നാലുമാസം തടവ് ശിക്ഷ.
1932ൽ വള്ളുവനാട് കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തതിന് ഒമ്പത് മാസവും 1939ൽ ചെർപ്പുളശ്ശേരിയിൽ പ്രസംഗിച്ചതിന് 21 മാസവും ജയിലിലടക്കപ്പെട്ടു. കോൺഗ്രസിൽ തുടങ്ങി സോഷ്യലിസ്റ്റ് പാർട്ടി വഴി കമ്യൂണിസ്റ്റ് പാർട്ടിയിലെത്തി. 1964 ലെ പാർട്ടി പിളർപ്പിൽ മാതൃസംഘടനയിലുറച്ചുനിന്നു. രാഷ്ട്രീയ പ്രവർത്തനത്തിനു ബ്രിട്ടീഷ് പൊലീസിന്റെയും സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് സർക്കാറിന്റെയും പൊലീസ് മർദനത്തിനിരയായി. 1957ൽ പട്ടാമ്പിയിൽ നിന്നും 1960ൽ പെരിന്തൽമണ്ണയിൽ നിന്നും നിയമസഭയിലെത്തി. പട്ടാമ്പി കോസ്വേ, ഗവ. കോളജ്, സർക്കാർ ആശുപത്രി എന്നിവ ഇ.പിയുടെ നിയമസഭ പ്രവർത്തനത്തിന്റെ നിത്യസ്മാരകങ്ങളാണ്.
വള്ളുവനാടൻ ദേശീയ പ്രസ്ഥാനത്തിന് ജനകീയാടിത്തറ പാകുന്നതിൽ ഇ.പിയുടെ പങ്ക് നിസ്തുലമാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അടിച്ചമർത്തപ്പെട്ടവരുടെ അവകാശബോധം ആളിക്കത്തിച്ചും വെള്ളക്കാരുടെ അധീനതയിൽനിന്ന് മാതൃരാജ്യത്തിന്റെ മോചനത്തിന് പട നയിച്ചും മനുഷ്യർക്കിടയിലെ മതിലായ ജാതിസമ്പ്രദായത്തിനെതിരെ കലഹിച്ചും ഭൂപരിഷ്കരണത്തിനും യന്ത്രവത്കരണത്തിനും വേണ്ടി യത്നിച്ചും ഇ.പി നാടിന്റെ വീരപുത്രനായി. ആദ്യ കേരള നിയമസഭയിൽ പി. ഗോവിന്ദപ്പിള്ള, കാമ്പിശ്ശേരി കരുണാകരൻ, കൊളാടി ഗോവിന്ദൻകുട്ടി, വെളിയം ഭാർഗവൻ, ഇ.പി കൂട്ടുകെട്ട് പ്രസിദ്ധമായിരുന്നു.
വിധിവൈപരീത്യമാവാം കേരളപ്പിറവിദിനം ഇ.പിയുടെ ചരമദിനമായത്. നവംബർ ഒന്നിന് രാവിലെ മണ്ണെങ്ങോട് ഇ.പി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും ‘അരുണ’യിലെ ഇ.പിയുടെ മാവിൻ ചുവട്ടിൽ സുഹൃദ് സംഗമവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.