കൊപ്പം 'അഭയ'ത്തിലെ അഞ്ച് അന്തേവാസികൾ മൂന്നു ദിവസത്തിനിടെ മരിച്ചു
text_fieldsപട്ടാമ്പി: കൊപ്പം 'അഭയം' അനാഥ-അഗതി മന്ദിരത്തിൽ മൂന്നു ദിവസത്തിനിടെ അഞ്ച് അന്തേവാസികൾ മരിച്ചു. ഒരാൾ കോവിഡ് ബാധിതനായിരുന്നു. ആദ്യം മരിച്ച രണ്ടുപേരെ സംസ്കരിച്ചിരുന്നു. അടുത്ത ദിവസം രണ്ടുപേർ കൂടി മരിച്ചപ്പോഴാണ് സ്രവ പരിശോധന നടത്തിയത്. ഇതിൽ ഒരാൾ പോസിറ്റിവ് ആയിരുന്നു. ഞായറാഴ്ച ഒരാൾ കൂടി മരണത്തിന് കീഴടങ്ങി.
ആൻറിജൻ ടെസ്റ്റിൽ പോസിറ്റിവായ 22 പേരെ മാങ്ങോട് കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. അമ്പലപ്പാറ സ്വദേശി വേലായുധൻ (82), പാലക്കാട് സ്വദേശി തെയ്യുണ്ണി (94), അടൂർ സ്വദേശി ബാലൻ (67), തൃക്കിടീരി സ്വദേശി ഗോപാലൻ (75), നെല്ലിക്കാട്ടിരി സ്വദേശി പ്രഭാകരൻ നായർ (80) എന്നിവരാണ് വിവിധ ദിവസങ്ങളിൽ മരിച്ചത്.
തിങ്കളാഴ്ച ആരോഗ്യ-റവന്യു വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും പഞ്ചായത്ത് അധികൃതരും പരിശോധന നടത്തി 'അഭയം' അണുവിമുക്തമാക്കി. അടുത്ത ദിവസം 28 പേർക്ക് ആർ.ടി.പി.സി.ആർ പരിേശാധന നടത്തും. ആവശ്യമെങ്കിൽ ചികിത്സ കേന്ദ്രമൊരുക്കുമെന്ന് തഹസിൽദാർ അറിയിച്ചു.
നടത്തിപ്പുകാരനുൾപ്പെടെ 63 അന്തേവാസികളാണ് ഇവിടെയുള്ളത്. തിങ്കളാഴ്ച നടത്തിയ ആൻറിജൻ പരിശോധനയിൽ നാലുപേരുടെ ഫലം കൂടി പോസിറ്റിവ് ആയതോടെ കോവിഡ് ബാധിതരുടെ എണ്ണം 27 ആയി. നാല് മാസം മുമ്പ് നടത്തിയ പരിശോധനയിൽ എല്ലാവരും നെഗറ്റിവ് ആയിരുന്നുവെന്ന് 'അഭയം' അധികൃതർ അറിയിച്ചു. രണ്ടാഴ്ച മുമ്പ് ഒറ്റപ്പാലം സബ് കലക്ടർ സന്ദർശിച്ച് ആരോഗ്യ വകുപ്പിന് നിർദേശം നൽകിയതിനാൽ പിറ്റേ ദിവസം തന്നെ വാക്സിനേഷൻ നടന്നു. പിന്നീട് ആർക്കും കോവിഡ് ലക്ഷണമുണ്ടായിരുന്നില്ല. വർഷങ്ങളായി മറ്റ് രോഗങ്ങൾക്ക് മരുന്ന് കഴിച്ചിരുന്ന 94, 82, 67 പ്രായക്കാരായ മൂന്നു പേർ മരിച്ചപ്പോൾ. 'അഭയ'ത്തിെൻറ വളപ്പിൽ സംസ്കരിക്കാൻ പ്രാദേശിക ആരോഗ്യ വകുപ്പും ജില്ല ആരോഗ്യ വകുപ്പും സമ്മതിച്ചതിനാൽ ബന്ധുക്കളുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പുരുഷന്മാർ മുഴുവനും ആറു സ്ത്രീകളും പോസിറ്റിവ് ആണെന്ന് കണ്ടത്.
എല്ലാവരും പോസിറ്റിവ് ആയതിനാലും ആർക്കും രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാലും കുറച്ച് ദിവസത്തെ താൽക്കാലിക ക്വാറൻറീൻ മതിയെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നുവെന്നും 'അഭയം' അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.