ഫോക്ലോർ അക്കാദമി പുരസ്കാരം; 50 വർഷം; തങ്കമ്മക്ക് ചവിട്ടുകളി ഉപാസന
text_fieldsപട്ടാമ്പി: കളിച്ചും കളിപ്പിച്ചും അരനൂറ്റാണ്ട് പിന്നിട്ട തങ്കമ്മയെ തേടി സംസ്ഥാന ഫോക്ലോർ പുരസ്കാരം. കഴിഞ്ഞ വർഷത്തെ പുരസ്കാരമാണ് ചവിട്ടുകളി കലാകാരിയായ പട്ടാമ്പി നഗരസഭയിലെ വള്ളൂർ പറക്കാട് നായരുപറമ്പിൽ തങ്കമ്മക്ക് (75) ലഭിച്ചത്. മാതാപിതാക്കളിൽ നിന്നാണ് ആദ്യ പാഠം അഭ്യസിച്ചത്.
അച്ഛൻ ചാത്തപ്പനും അമ്മ ചക്കിയും ചവിട്ടുകളിയിൽ പ്രഗത്ഭരായിരുന്നു. അമ്മന്നൂരിലും മുതുതലയിലും തൃത്താലയിലുമായി പ്രാഥമിക വിദ്യാഭ്യാസം. ദാരിദ്ര്യവും രോഗവും നിമിത്തം ഏഴാം ക്ലാസിൽ പഠനം നിർത്തി. പന്ത്രണ്ടാം വയസ്സിൽ കളത്തിലിറങ്ങിയ തങ്കമ്മ അമ്പത് വർഷമായി ചവിട്ടുകളിയിൽ സജീവമാണ്. കേരളത്തിനകത്തും പുറത്തും തങ്കമ്മയുടെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘം ചവിട്ടുകളി അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോൾ കൊടുമുണ്ടയിലും ആമയൂർ എറയൂരിലും കുട്ടികൾക്ക് പഠിപ്പിച്ചുകൊടുക്കുന്നു. യുവതലമുറക്ക് ചവിട്ടുകളിയോട് വലിയ ആഭിമുഖ്യമില്ലെന്നും പാരമ്പര്യ കല അന്യം നിന്ന് പോകാതിരിക്കാനാണ് വാർധക്യത്തിലും ചവിട്ടുകളി ഉപാസനയായി കൊണ്ടു നടക്കുന്നതെന്നും തങ്കമ്മ പറഞ്ഞു.
ഭർത്താവ് ചാമി നന്നേ വർഷങ്ങൾക്ക് മുമ്പുതന്നെ മരിച്ചു. മക്കളായ ശിവദാസൻ, സുരേഷ്കുമാർ എന്നിവരുടെ പൂർണ പിന്തുണയാണ് ഊർജമെന്നും പുരസ്കാരം ചവിട്ടുകളിക്കുള്ള അംഗീകാരമാണെന്നും സന്തോഷമുണ്ടെന്നും തങ്കമ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.