തെങ്ങിന് ഭീഷണിയായി വെള്ളീച്ച
text_fieldsപട്ടാമ്പി: ജില്ലയില്‍ തെങ്ങിനെ ആക്രമിക്കുന്ന വെള്ളീച്ചശല്യം ചിറ്റൂര്‍, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളില്‍ വ്യാപിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് പട്ടാമ്പി കൃഷിവിജ്ഞാന കേന്ദ്രം അധികൃതര്‍ അറിയിച്ചു. കീടങ്ങള്‍ ഇലയുടെ അടിയില്‍ മുട്ടയിടുകയും മധുരശ്രവം വിസര്ജിക്കുകയും ചെയ്യുന്നു.
ഈ വിസര്ജ്യങ്ങളെ ആകര്‍ഷിച്ചു എത്തുന്ന കരിംപൂപ്പലുകള് തെങ്ങോലകളില്‍ വ്യാപിക്കുന്നു. തല്‍ഫലമായി തെങ്ങോലകള്‍ കറുത്ത നിറത്തില്‍ കാണുകയും ഇത് പിന്നീട് പ്രകാശസംശ്ലേഷണത്തെ തടയുകയും വിളവിനെ സാരമായി ബാധിക്കുകയും ചെയ്യും. കീടനാശിനികള്‍ പൂര്‍ണമായും ഒഴിവാക്കി സംരക്ഷണ ജൈവ നിയന്ത്രണ മാര്‍ഗം വഴി കീടാക്രമണം കുറയ്ക്കാന്‍ സാധിക്കും. കീടബാധയേറ്റ തൈകള്‍ മറ്റൊരു കൃഷി സ്ഥലത്തേക്ക് കൊണ്ടുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം.
വെള്ളം ധാരാളമായി ലഭിക്കുന്ന പ്രദേശങ്ങളില്‍ പശ ചേര്‍ത്ത് വളരെ ശക്തിയോടുകൂടി വെള്ളം ഓലകളില്‍ സ്പ്രേ ചെയ്ത് കൊടുക്കുക വഴി കീടത്തിെൻറ വിവിധ വളര്‍ച്ചഘട്ടങ്ങളെ ഓലകളില്നിന്ന് നീക്കം ചെയ്യാന്‍ സാധിക്കും. മഴ കൂടുതലുള്ള സാഹചര്യങ്ങളില്‍ നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കാതെതന്നെ ഇവയുടെ ആക്രമണം കുറയും. തെങ്ങിലെ വളപ്രയോഗവും ഒരു പ്രധാന കാരണമാണ്.
മണ്ണ് പരിശോധന അടിസ്ഥാനത്തില്‍ നിര്‍ദേശിച്ച തോതില്‍ മാത്രം വളങ്ങള്‍ നല്കാന് ശ്രദ്ധിക്കുക. ഏറ്റവും ഫലപ്രദമായ നിയന്ത്രണ മാര്‍ഗമാണ് പ്രകൃതിയിലെ മിത്രകീടങ്ങള്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. വെള്ളീച്ചകളുടെ സമാധിഘട്ടത്തെ തിന്നു നശിപ്പിക്കുന്ന മിത്രകീടങ്ങളായ പരാദങ്ങളാണ് എന്‍കാര്‍സിയ ജനുസ്സില്‍പെടുന്നവ. ഈ മിത്രകീടങ്ങള്‍ ആക്രമിക്കുന്ന സമാധിഘട്ടങ്ങള്‍ കറുപ്പ് നിറത്തില്‍ കാണപ്പെടുന്നു. ഇത്തരത്തില്‍ കറുപ്പ് നിറത്തില്‍ കാണപ്പെടുന്ന സമാധിഘട്ടങ്ങള്‍ ശേഖരിച്ച് വെള്ളീച്ചയുടെ ആക്രമണമുള്ള തെങ്ങും തോപ്പുകളില്‍ നിക്ഷേപിക്കുന്നത് മിത്രകീടങ്ങളുടെ വ്യാപനത്തിന് വഴിയൊരുക്കുന്നു.
പരിഹാരമാർഗങ്ങൾ
ഓലകളില്‍ രൂപപ്പെടുന്ന കരിംപൂപ്പലുകളെ നശിപ്പിക്കുന്നതിനായി നേര്‍പ്പിച്ച കഞ്ഞിവെള്ളം സ്പ്രേ ചെയ്യുന്നത് ഗുണകരമാണ്. കൂടാതെ കരിംപൂപ്പലുകളെ തിന്നുനശിപ്പിക്കുന്ന വണ്ടുകളും പ്രകൃതിയില്‍ കാണപ്പെടുന്നവയാണ്. കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ ഈ പ്രാണികളെ നിലനിര്‍ത്തുന്നതിനും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും രാസകീടനാശിനികളുടെ ഉപയോഗം പാടെ ഒഴിവാക്കണം.
എന്നാല്‍, വെള്ളീച്ചകളുടെ ആക്രമണം രൂക്ഷമായാല്‍ 0.5 ശതമാനം വേപ്പെണ്ണ അല്ലെങ്കില്‍ അഞ്ച് ശതമാനം വേപ്പിന്‍കുരു സത്ത് അല്ലെങ്കില്‍ രണ്ട് ശതമാനം വീതം വേപ്പെണ്ണയും വെളുത്തുള്ളിയും ഒരു ശതമാനം അന്നജം എന്നിവയുടെ മിശ്രിതം ഇവയിലേതെങ്കിലും തെളിഞ്ഞ കാലാവസ്ഥയില്‍ തളിച്ച് കൊടുക്കുന്നത് അനുയോജ്യമാണെന്നും അധികൃതര്‍ അറിയിച്ചു.
നിയന്ത്രണമാർഗങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഓഡിനേറ്ററിൽനിന്ന് ലഭിക്കും. ഫോൺ: 04662212279.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.