ജനകീയ പ്രതിരോധ ജാഥ നാളെ പാലക്കാട്ട്
text_fieldsപട്ടാമ്പി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ബുധനാഴ്ച ജില്ലയിൽ പ്രവേശിക്കും. വൈകീട്ട് 4.30ന് വിളയൂർ സെന്ററിൽ ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു, സി.കെ. രാജേന്ദ്രൻ, എൻ.എൻ. കൃഷ്ണദാസ്, എം.ബി. രാജേഷ്, എ.കെ. ബാലൻ എന്നിവരുടെ നേതൃത്വത്തിൽ ജാഥക്ക് വരവേൽപ് നൽകും. തുടർന്ന് പ്രവർത്തകരുടെ അകമ്പടിയോടെ ആദ്യ സ്വീകരണകേന്ദ്രമായ പട്ടാമ്പിയിലേക്ക് ആനയിക്കും. മേലെ പട്ടാമ്പിയിൽ റെഡ് വളണ്ടിയർമാരുടെ ഗാർഡ് ഓഫ് ഓണറിനു ശേഷം പൊലീസ് സ്റ്റേഷനെതിരെയുള്ള മൈതാനത്തിലേക്ക് പ്രയാണം തുടരും. പതിനയ്യായിരം പേരെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വൈകീട്ട് 4.30 മുതൽ പട്ടാമ്പിയിൽ കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 10ന് പുറപ്പെടുന്ന ജാഥക്ക് തൃത്താല മണ്ഡലത്തിലെ കൂറ്റനാടാണ് സ്വീകരണം. മൂന്നു ദിവസം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണമുണ്ട്. നാലിന് ചെറുതുരുത്തി വഴി തൃശൂർ ജില്ലയിലേക്ക് കടക്കും. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എൻ. ഉണ്ണികൃഷ്ണൻ, ജില്ല കമ്മിറ്റി അംഗം എൻ.പി. വിനയകുമാർ, ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ, എ.വി. സുരേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.