മഞ്ഞപ്പിത്തം; കൈപ്പുറത്ത് പ്രതിരോധ പ്രവർത്തനം ഊർജിതം
text_fieldsപട്ടാമ്പി: മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടിയതോടെ തിരുവേഗപ്പുറ പഞ്ചായത്തിലെ കൈപ്പുറത്ത് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും സ്കൂൾ മേധാവികളുടെയും യോഗം സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകളിൽപെട്ട കൈപ്പുറം പ്രദേശത്താണ് മഞ്ഞപ്പിത്തം പടരുന്നത്. 36 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്ക്. പനിബാധിതരുടെ എണ്ണവും കൂടുതലാണ്. ചൊവ്വാഴ്ച വൈകിട്ട് 4.30ന് നടുവട്ടം എൽ.പി സ്കൂളിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ബോധവത്കരണ സംഗമം നടത്താൻ യോഗം തീരുമാനിച്ചു.
ക്ലോറിനേഷൻ ഒന്നാംഘട്ടം പൂർത്തിയായതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നടുവട്ടം ഹൈസ്കൂളിലെ എൻ.എസ്.എസ് വളന്റിയർമാരുടെയും യുവജന സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം സജീവമാക്കും.
പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നത് കർശനമായി തടയും. അഴുക്കുചാലുകളിലേക്ക് മലിനജലം ഒഴുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.എ. അസീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. റഷീദ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ.കെ. മുഹമ്മദ്കുട്ടി, എം. രാധാകൃഷ്ണൻ, ബുഷറ ഇഖ്ബാൽ, അംഗങ്ങളായ വി.ടി. കരീം, പി.ടി. ഹംസ, കെ.ടി.എ. മജീദ്, മിന്നത്ത്, ബാലസുബ്രഹ്മണ്യൻ, മെഡിക്കൽ ഓഫിസർ ഡോ. രഞ്ജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ എസ്.ആർ. ബൈജു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അൻവർ അലി, ജാഫർ, സ്കൂൾ മേധാവികൾ, ടി.പി. കേശവൻ, കെ.പി. മൊയ്തീൻകുട്ടി, പി.കെ. സക്കീർ, പി.കെ. സതീശൻ, കെ. ഷംസുദ്ദീൻ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.