21 ആണ് താരമെങ്കിൽ തിരുവേഗപ്പുറയിൽ കാഞ്ചനയുണ്ട്; വൈസ് പ്രസിഡൻറാവുന്നത് രണ്ടു സീനിയർ അംഗങ്ങളെ മറികടന്ന്
text_fieldsപട്ടാമ്പി (പാലക്കാട്): 21കാരി ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തിെൻറ മേയർ ആകുന്നത് ആഘോഷിക്കുമ്പോൾ ഇങ്ങ് തിരുവേഗപ്പുറയിലും ഒരു 21കാരി ചരിത്രത്തിലേക്ക് നടന്നടുക്കുകയാണ്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടിരിക്കുകയാണ് 2020 ഏപ്രിൽ 21ന് 21 തികഞ്ഞ കാഞ്ചന രാകേഷ്.
ആര്യയെപ്പോലെ വിദ്യാർഥിനിയാണ് കാഞ്ചനയും. കോൺഗ്രസ് സ്ഥാനാർഥിയായി കാഞ്ചന തെരഞ്ഞെടുപ്പിൽ അങ്കംകുറിച്ചത് സി.പി.എമ്മിെൻറ പരമ്പരാഗത വാർഡിലായിരുന്നു. മാഞ്ഞാമ്പ്രയിൽ 31 വോട്ടിനാണ് കാഞ്ചനയുടെ ജയം.
യു.ഡി.എഫ് പഞ്ചായത്തിൽ തുടർഭരണം ഉറപ്പാക്കിയപ്പോൾ കാഞ്ചനയുടെ ഭാഗ്യം കൂടി തെളിയുകയായിരുന്നു. പതിനെട്ടിൽ 12 വാർഡുകൾ നേടി യു.ഡി.എഫ് അധികാരമുറപ്പിച്ചപ്പോൾ നാലു വാർഡുകളാണ് കോൺഗ്രസിനോടൊപ്പം നിന്നത്. ഇതിൽ കാഞ്ചനയടക്കം മൂന്നുപേരും വനിതകളാണ്.
ഒന്നാം വാർഡിലെ വിജയി മുൻ വൈസ് പ്രസിഡൻറ് ടി.പി. കേശവെൻറ ഭാര്യ വസന്ത കേശവനായിട്ടുകൂടി വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് പ്രായവും പരിചയവും മാറ്റിവെച്ച് കോൺഗ്രസ് കാഞ്ചനയെ പരിഗണിക്കുകയായിരുന്നു. എട്ടംഗങ്ങളുള്ള ലീഗിനാണ് പ്രസിഡൻറ് സ്ഥാനം. പട്ടാമ്പി ഗവ. സംസ്കൃത കോളജിലെ മലയാളം ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് തിരുവേഗപ്പുറയുടെ മരുമകളായ കാഞ്ചന രാകേഷ്. പടിഞ്ഞാറങ്ങാടി മൈനോറിറ്റി ആർട്സ് ആൻഡ് സയൻസ് കോളജിൽ ഫിസിക്കൽ എജുക്കേഷൻ അസി. പ്രഫസറായ മാഞ്ഞാമ്പ്ര മുല്ലത്തൊടിയിൽ രാകേഷാണ് ഈ ചളവറക്കാരിയുടെ ഭർത്താവ്.
പാലക്കാട് മേഴ്സി കോളജ് പഠനകാലത്ത് സോഫ്റ്റ്ബാൾ, നെറ്റ്ബാൾ, ഹാൻഡ്ബാൾ തുടങ്ങിയ ഗെയിംസുകളിൽ മികവ് പ്രദർശിപ്പിച്ച കാഞ്ചന കേരള റഗ്ബി ടീം നായകസ്ഥാനവും വഹിച്ചിട്ടുണ്ട്. കായികക്കുതിപ്പ് രാഷ്ട്രീയ ഭരണതലങ്ങളിലും കാഞ്ചനക്ക് മുതൽക്കൂട്ടാവുമോ എന്നതിന് ഉത്തരം നൽകാൻ പോവുകയാണ് തിരുവേഗപ്പുറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.