കണ്ണനൂർ ഇരട്ടക്കൊല: പട്ടാമ്പിയിലും ഷൊർണൂരിലും തെളിവെടുപ്പ് നടത്തി
text_fieldsപട്ടാമ്പി: കണ്ണനൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതി ഓങ്ങല്ലൂർ കൊണ്ടൂർക്കര മുസ്തഫയെ പട്ടാമ്പിയിലും ഷൊർണൂരിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ഷൊർണൂർ ഡിവൈ.എസ്.പി പി.സി. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. കൊലക്കുപയോഗിച്ച കത്തി വാങ്ങിയ കടയിലും രക്ഷപ്പെടാൻ വേണ്ടി വസ്ത്രങ്ങൾ ഉപക്ഷേിച്ച ഷൊർണൂരിലുമാണ് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. കടക്കാർ പ്രതിയെ തിരിച്ചറിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പട്ടാമ്പി കണ്ണനൂർ ഭാരതപ്പുഴയോരത്ത് ഓങ്ങല്ലൂർ സ്വദേശികളായ അൻസാറിനെയും കബീറിനെയും സുഹൃത്തായ മുസ്തഫ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അൻസാറിന്റെ മരണമൊഴിയാണ് പ്രതിയെ കണ്ടെത്താൻ സഹായകമായത്. മൊഴി കൊടുത്ത് ഏറെ കഴിയുംമുമ്പ് അൻസാർ മരിച്ചു. അടുത്തദിവസമാണ് കബീറിന്റെ ജഡം പുഴയിൽനിന്ന് ലഭിച്ചത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ചോദ്യംചെയ്യലിൽ മുസ്തഫ കുറ്റം സമ്മതിച്ചു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ മുസ്തഫയെ റിമാൻഡ് ചെയ്തിരുന്നു.
കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് കൊണ്ടുവന്നത്. പട്ടാമ്പി കൽപക സ്ട്രീറ്റിലെ കടയിൽനിന്നാണ് 80 രൂപക്ക് കത്തി വാങ്ങിയതെന്ന് തെളിവെടുപ്പിൽ സ്ഥിരീകരിച്ചു. അൻസാറും മുസ്തഫയും കടയിലെത്തി സിഗരറ്റും വെള്ളവും വാങ്ങി മടങ്ങി. മുസ്തഫ വീണ്ടും കടയിൽ തിരിച്ചുചെന്ന് കത്തി വാങ്ങുകയായിരുന്നു. പണം ഗൂഗ്ൾപേയിലൂടെയാണ് നൽകിയതെന്നും പ്രതിയെ തിരിച്ചറിഞ്ഞ കടക്കാർ പറഞ്ഞു. പിന്നീട് കൊലപാതകത്തിന് ശേഷം ചോരപുരണ്ട വസ്ത്രങ്ങൾ ഉപേക്ഷിച്ച ഷൊർണൂരിലും തെളിവെടുപ്പ് നടത്തി. ബസ് സ്റ്റാൻഡിന് സമീപത്തെ അഴുക്കുചാലിൽ ഷർട്ട് ഉപേക്ഷിച്ചതും മാറ്റാനുള്ള വസ്ത്രങ്ങൾ ബന്ധുക്കളുടെ കടയിൽനിന്ന് വാങ്ങിയതും പ്രതി സമ്മതിച്ചു. തൃശൂർ ആറ്റൂരിലുള്ള കുടുംബ വീട്ടിലേക്ക് പോകാനായിരുന്നു പദ്ധതിയെങ്കിലും അതിനുമുമ്പ് പൊലീസ് പിടികൂടുകയായിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കി ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ജില്ല പൊലീസ് മേധാവിയുടെ ചോദ്യംചെയ്യലിനു ശേഷം കോടതി മുമ്പാകെ പ്രതിയെ ഹാജരാക്കി ജയിലിലേക്ക് തിരിച്ചയക്കും.
ചോദ്യംചെയ്യല്‍ തുടരുന്നു
തൃത്താല: രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുസ്തഫയെ ചോദ്യം ചെയ്യല്‍ തുടങ്ങി. അറസ്റ്റിനെ തുടര്‍ന്ന് റിമാൻഡിലായ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷയില്‍ മൂന്നുദിവസത്തെ കസ്റ്റഡിയില്‍ കോടതി അനുവദിക്കുകയായിരുന്നു. എന്നാല്‍, കൊലപാതകത്തിലേക്ക് നയിച്ച യഥാർഥ കാരണമെന്തെന്ന് പ്രതി ഇനിയും സമ്മതിച്ചിട്ടില്ലന്ന് അന്വേഷണസംഘത്തിലെ ചാലിശ്ശേരി സി.ഐ സതീഷ് കുമാര്‍ അറിയിച്ചത്. അതേസമയം, പ്രതിയുമായി വിവിധ സ്ഥലങ്ങളില്‍ വീണ്ടും തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. കസ്റ്റഡി സമയം തീരുന്ന മുറക്ക് വെള്ളിയാഴ്ച നാല് മണിയോടെ ജയിലിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ആഴ്ചയിലാണ് തൃത്താല കരിമ്പനക്കടവില്‍ ഓങ്ങല്ലൂര്‍ സ്വദേശികളായ അഹമ്മദ് കബീര്‍, അന്‍സാര്‍ എന്നീ രണ്ട് യുവാക്കളെ കൊലപ്പെടുത്തിയത്. തുടര്‍ന്നാണ് പ്രതി മുസ്തഫ അറസ്റ്റിലായത്. കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന സംഭവങ്ങള്‍ പൊലീസ് ശേഖരിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.