പൂരപ്പറമ്പിൽ ആവേശം നിറച്ച് ചവിട്ടുകളി
text_fieldsപട്ടാമ്പി: പൂരപ്പറമ്പിൽ വീറും വാശിയും നിറച്ച് ചവിട്ടുകളി. കൈപ്പുറം ചിനവതിക്കാവ് പൂരപ്പിറ്റേന്നാണ് ചവിട്ടുകളി നടന്നത്. രാവിലെ ആറുമണിയോടെ ആരംഭിച്ച കളി ഉച്ചവരെ നീണ്ടു. മത്സര ബുദ്ധിയോടെ ഇരുവിഭാഗങ്ങൾ പാട്ടുപാടി കളിക്കുന്നതാണ് സാധാരണ പതിവ്. എന്നാൽ, സൗഹൃദപരമായ കളിയാണ് ഇവിടെ നടന്നത്. തത്സമയ പാട്ടാണ് ചവിട്ടുകളിയിൽ പ്രധാനം. സന്ദർഭാനുസരണം പാട്ടുകളുണ്ടാക്കി ഈണത്തിലും താളത്തിലും പാടി ചുവടുവെക്കുന്നതിലെ പ്രാഗത്ഭ്യമാണ് ചവിട്ടുകളിയിൽ മാറ്റുരക്കുന്നത്.
ഈ മേഖലയിൽ അറിയപ്പെടുന്ന പി.പി. രാമകൃഷ്ണൻ നയിക്കുന്ന തിണ്ടലം ചവിട്ടുകളി സംഘവും കൈപ്പുറം, ഇടവർക്കുന്ന്, നടുവട്ടം എന്നിവിടങ്ങളിലെ പ്രാദേശിക കളിക്കാരുമാണ് ചിനവതിക്കാവിൽ മാറ്റുരച്ചത്. സംസ്ഥാന സർക്കാറിന്റെ ഇക്കൊല്ലത്തെ ചവിട്ടുകളിക്കുള്ള ഫോക്ലോർ പുരസ്കാരം നേടിയ 75കാരി പറക്കാട് തങ്കമ്മയുടെ നേതൃത്വത്തിലുള്ള സ്ത്രീ കളിക്കാരും പ്രത്യേക ക്ഷണിതാക്കളായെത്തി കളിക്ക് ചൂടും ചൂരും പകർന്നു.
സ്ത്രീകൾ മാത്രമായുള്ള കളിയും പുരുഷന്മാരുമൊത്തുള്ള സംയുക്ത ചവിട്ടുകളിയും ക്ഷേത്ര മൈതാനിയിൽ ഒത്തുകൂടിയവർക്ക് ദൃശ്യവിരുന്നായി. ആദ്യാവസാനം നിറഞ്ഞുനിന്ന വീറും വാശിയും അവസാനിപ്പിച്ച് ‘ഇവിടെ കൂടിയ കാരണവന്മാരെ പോകാ പുറപ്പെട്ടോളീം , ചിനവതിക്കാവമ്മയുടെ സമ്മതം പറഞ്ഞു പോകാം, പോക്വല്ലേ ചങ്ങായോളെ പോകാ പുറപ്പെട്ടോളീം’ എന്ന് ഒരുമയോടെ കൈകൊട്ടിപ്പാടിയാണ് കളിക്കാർ പിരിഞ്ഞുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.