കെ.എസ്.ബി.എ. തങ്ങളുടെ വേർപാട് നഷ്ടമായത് രാഷ്ട്രീയത്തിലെ കരുത്തനായ പോരാളിയെ
text_fieldsപട്ടാമ്പി: കെ.എസ്.ബി.എ. തങ്ങളുടെ വേർപാട് ഒരു ചരിത്രത്തിന്റെ അന്ത്യം കൂടിയായി. പട്ടാമ്പിയുടെ രാഷ്ട്രീയ-സാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരുന്ന കെ.പി. തങ്ങളുടെ പുത്രനാണ് കെ.എസ്.ബി.എ. തങ്ങൾ. പട്ടാമ്പി ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്ന കെ.പി. തങ്ങളുടെ പിൻഗാമികളായി രാഷ്ട്രീയപ്രവേശനം നടത്തിയത് സഹോദരന്മാരായ കെ.ഇ. തങ്ങളും കെ.എസ്.ബി.എ. തങ്ങളുമായിരുന്നു. കെ.ഇ. തങ്ങൾ മുസ്ലിം ലീഗിലും കെ.എസ്.ബി.എ കോൺഗ്രസിലുമായി ഒരേ സമയം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ പ്രവർത്തിച്ചിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.എസ്.ബി.എ. തങ്ങൾ പഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തിയപ്പോൾ ചെയർമാൻ പദവിയും വഹിച്ചിട്ടുണ്ട്. നഗര വികസനത്തിൽ ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ആധുനിക മത്സ്യ മാർക്കറ്റ്, ബസ് സ്റ്റാൻഡ്, മാലിന്യസംസ്കരണ പ്ലാന്റ് തുടങ്ങി നഗരവികസനത്തിലെ നാഴികക്കല്ലുകൾ അദ്ദേഹത്തിന്റെ ഭരണമികവിന്റെ തെളിവുകളാണ്. പട്ടാമ്പി എം.ഇ.എസ് ഇന്റർ നാഷനൽ സ്കൂളാണ് രാഷ്ട്രീയം കഴിഞ്ഞാൽ കർമമണ്ഡലം. എം.ഇ.എസ് സംസ്ഥാന കമ്മിറ്റി അംഗമായ ഇദ്ദേഹം 15 വർഷം സ്കൂൾ സെക്രട്ടറിയായിരുന്നു. നഗരസഭ ചെയർമാനായ കാലഘട്ടത്തിൽനിന്ന് മാത്രം വിട്ടുനിന്ന അദ്ദേഹം കഴിഞ്ഞ രണ്ടു വർഷമായി സ്കൂൾ ചെയർമാനാണ്. എം.ഇ.എസ് സ്കൂളിനെ ഇന്റർനാഷനൽ സ്കൂളായി ഉയർത്തിയത് തങ്ങളുടെ കഠിനപ്രയത്നം കൊണ്ടാണ്.
ഇദ്ദേഹം സെക്രട്ടറിയായിരിക്കുക്കുമ്പോഴാണ് കേന്ദ്ര മാനവ വിഭവ വകുപ്പിൽനിന്ന് സാനിറ്റേഷൻ അവാർഡ് സ്കൂൾ കരസ്ഥമാക്കിയത്. കഴിഞ്ഞ മേയ് മാസത്തിലാണ് ആദ്യ സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമംഗങ്ങളെ സ്കൂളിൽ കൊണ്ടുവന്ന് ആദരിച്ചതും സ്കൂളിൽ സോക്കർ സ്കൂളിന് തുടക്കം കുറിച്ചതും. നിലപാടിലുള്ള കാർക്കശ്യമാണ് സ്കൂളിന്റെ ഉയർച്ചയിൽ നിർണായകം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ഹൃദയബന്ധം സൂക്ഷിച്ച നേതാവാണ് കെ.എസ്.ബി.എ. തങ്ങൾ.
ഉമ്മൻ ചാണ്ടി പട്ടാമ്പിയിലെത്തുമ്പോൾ ആതിഥ്യമരുളിയിരുന്നതും ഇദ്ദേഹമാണ്. സ്കൂളിൽ പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ ഉമ്മൻ ചാണ്ടി പല തവണ എത്തിയിരുന്നതും ഈ വ്യക്തിപരമായ അടുപ്പം കൊണ്ടായിരുന്നു.
പട്ടാമ്പിയുടെയും താൻ നേതൃത്വം കൊടുക്കുന്ന എം.ഇ.എസ് സ്കൂളിന്റെയും വികസനത്തിൽ ഉയർന്ന നേതാക്കളുമായുള്ള വ്യക്തിബന്ധങ്ങൾ സഹായമായിട്ടുണ്ട്. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പട്ടാമ്പിയിലെ പതാക വാഹകരിൽ പ്രധാനിയായ കെ.എസ്.ബി.എ. തങ്ങൾ ഡി.സി.സി ഉപാധ്യക്ഷനാണ്. മികച്ച ഭരണാധികാരിയും സംഘാടകനുമായ തങ്ങളുടെ വേർപാടോടെ നഷ്ടമായത് രാഷ്ട്രീയത്തിലെ കരുത്തനായ പോരാളിയെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.