കുലുക്കല്ലൂർ കാർഷിക വായ്പ സഹകരണ സംഘത്തിൽ അരക്കോടിയുടെ തിരിമറി ജീവനക്കാരന് സസ്പെൻഷൻ
text_fieldsപട്ടാമ്പി: കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രികൾചർ ഇംപ്രൂവ്മെൻറ് വായ്പ സഹകരണ സംഘത്തിൽ അരക്കോടിയോളം രൂപയുടെ തിരിമറി നടത്തിയതായി കണ്ടെത്തി. സഹകരണ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് സി.പി.എം ഭരണത്തിലുള്ള സഹകരണ സംഘത്തിൽ 45,48,250 രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. നിക്ഷേപകരുടെ ഫിക്സഡ് ഡെപ്പോസിറ്റ് തുകയുടെ പലിശയിനത്തിൽ പത്ത് ലക്ഷത്തോളം രൂപയുടെ ക്രമക്കേടാണ് കെണ്ടത്തിയത്. വ്യക്തിഗത വായ്പ നൽകിയതിലും ക്ഷേമ പെൻഷനുകൾ വിതരണം ചെയ്തതിലുമാണ് വീഴ്ച. 2020 ആഗസ്റ്റ് 31 വരെ താൽക്കാലിക സേവനവും 2020 സെപ്റ്റംബർ ഒന്ന് മുതൽ പ്യൂൺ തസ്തികയിൽ സ്ഥിരം നിയമനവും ലഭിച്ച കെ.പി. മണികണ്ഠനാണ് വ്യാജ ഒപ്പുവെച്ച് പണാപഹരണം നടത്തിയതെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെത്തുടർന്ന് മണികണ്ഠനെ സസ്പെൻഡ് ചെയ്തു. പണം തിരിച്ചുപിടിക്കാനും ജീവനക്കാരനെതിരെ അച്ചടക്ക നടപടിയെടുക്കാനുമുള്ള ശിപാർശ ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. ഒരു കാരണവുമില്ലാതെ വിവിധ തീയതികളിലായി വൗച്ചർ എഴുതി സംഘത്തിെൻറ പണം സ്വന്തം ആവശ്യത്തിനായി മണികണ്ഠൻ ദുരുപയോഗം ചെയ്തെന്ന കണ്ടെത്തലും ഓഡിറ്റർ നടത്തിയിട്ടുണ്ട്.
സംഘത്തിെൻറ പണം കൈവശം വെച്ചതിന് പലിശ സഹിതം മണികണ്ഠനിൽനിന്ന് ഈടാക്കാനും നിർദേശമുണ്ട്. സംഘത്തിെൻറ ദൈനംദിന ഇടപാടുകൾ അതത് ദിവസങ്ങളിൽ കണക്ക് പുസ്തകത്തിൽ കൊണ്ടുവരുന്നില്ല, വായ്പകളുടെ അംഗങ്ങളുടെ വിവരങ്ങൾ അംഗത്വ രജിസ്റ്ററുകളിൽ ചേർക്കുകയോ വായ്പ നൽകിയ രജിസ്റ്ററിൽ വായ്പക്കാരൻ ഒപ്പ് വെക്കുകയോ ചെയ്തിട്ടില്ല എന്നിവയും കണ്ടെത്തി. ഇത് ഓണററി സെക്രട്ടറി, പ്രസിഡൻറ്, പ്യൂൺ എന്നിവരുടെ വീഴ്ചയാണെന്നും പരിശോധന റിപ്പോർട്ടിലുണ്ട്. ക്രമക്കേടുകൾ അന്വേഷിക്കണമെന്നും ഭരണസമിതി പിരിച്ചു വിടണമെന്നുമാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് മാർച്ച് നടത്തി.
അതേസമയം, ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ഭരണസമിതി വൈസ് പ്രസിഡൻറ് എം.കെ. ശ്രീകുമാർ പറഞ്ഞു. മറ്റ് സ്ഥാപനങ്ങളിലെന്ന പോലെ ഓഡിറ്റ് നടന്നിട്ടുണ്ട്. റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച അപാകതകൾ സമയബന്ധിതമായി പരിഹരിച്ചിട്ടുണ്ട്. ബാങ്കിന് ഒരുരൂപയുടെ പോലും സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല. റിപ്പോർട്ടിൽ പരാമർശിച്ച ജീവനക്കാരനെ സസ്പെൻഡ് ചെയ്തതായും ശ്രീകുമാർ പറഞ്ഞു.
പ്രതിഷേധ മാർച്ച് നടത്തി
പട്ടാമ്പി: കുലുക്കല്ലൂർ കാർഷിക വികസന ബാങ്കിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും ഭരണസമിതി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബാങ്കിലേക്ക് മാർച്ച് നടത്തി. ഡി.സി.സി സെക്രട്ടറി കമ്മുക്കുട്ടി എടത്തോൾ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻറ് എം.കെ. ഗഫൂർ അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡൻറ് രാജൻ പൂതനായിൽ, ഡയറക്ടർമാരായ കബീർ, പി.ഇ. ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ നിസാർ മപ്പാട്ടുകര, വിപിൻ പുറമത്ര, നൗഷാദ് എടത്തോൽ, മുനവ്വിർ ചുണ്ടമ്പറ്റ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.