പ്രവേശനോത്സവത്തിന് പകിട്ടേകാൻ നീരവിന്റെ ചിത്രപ്രപഞ്ചം
text_fieldsപട്ടാമ്പി: ദേശീയ അവാർഡ് ജേതാവ് നീരവിന്റെ തെരഞ്ഞെടുത്ത 50 ചിത്രങ്ങളുടെ പ്രദർശനം പ്രവേശനോത്സവത്തിന് പകിട്ടേകും. പട്ടാമ്പി ജി.എം.എൽ.പി സ്കൂളിൽ മുഹമ്മദ് മുഹസിൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കോവിഡ് കാലത്ത് സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് നീരവ് ചിത്രരചന തുടങ്ങിയത്. അഞ്ച് വയസ്സ് ആകുമ്പോഴേക്കും രണ്ടായിരത്തോളം ചിത്രങ്ങൾ വരച്ചു.
ഒന്നാം ക്ലാസിലെത്തിയപ്പോൾ പ്രവേശനോത്സവത്തിൽ നീരവിന്റെ ചിത്രങ്ങളുടെ പ്രദർശനം ഉണ്ടായിരുന്നു. അന്നും കോവിഡായതിനാൽ ക്ലാസൊന്നും നടന്നില്ല. നാഗപ്പൂർ ബസോളി ഗ്രൂപ്പ് നടത്തിയ ദേശീയ ബാല ചിത്രരചന മത്സരത്തിൽ ഏറ്റവും മികച്ച അഞ്ച് ചിത്രങ്ങളിലൊന്ന് നീരവിന്റേതായിരുന്നു.
ബാലസാഹിത്യകാരനായ ഗണേഷ് വേലാണ്ടിയുടെയും റവന്യൂ ഉദ്യോഗസ്ഥ സുനിതയുടെ മകനാണ് നീരവ്. രണ്ടാം തവണയും നീരവ് ദേശീയ തലത്തിൽ പുരസ്കാരം നേടുകയും ഇന്ത്യയിലെ മികച്ച അഞ്ച് ബാലചിത്ര പ്രതിഭകളിലൊരാളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിനിടയിൽ ആറായിരത്തോളം ചിത്രങ്ങൾ വരച്ചു. ചിത്രരചന അഭ്യസിക്കാത്ത നീരവിന് മുപ്പതോളം സംസ്ഥാന അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം കൊച്ചിൻ ബിനാലെ ചിൽഡ്രൻസ് വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത നീരവിന്റെ ‘കറുത്ത നഗരം’ ചിത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് ചിത്രപ്രദർശനങ്ങൾ നടന്നു. നാലാം ക്ലാസിൽ പട്ടാമ്പി ജി.എം.എൽ.പി സ്കൂളിൽ ചേർന്നിരിക്കുകയാണ് നീരവ്. മൂന്ന് വയസ്സിനും ഒമ്പത് വയസ്സിനുമിടയിൽ വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. വാട്ടർ കളർ, പോസ്റ്റർ കളർ, ഓയിൽ പേസ്റ്റ്, ചാർക്കോൾ, പെൻസിൽ ഡ്രോയിങ് എന്നിവയാണ് വരക്കായി ഉപയോഗിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.