ലോക്ഡൗണില്ല, മുഹമ്മദ് കുട്ടി ഹാജിയുടെ കൃഷിക്ക്
text_fieldsപട്ടാമ്പി: കാശുകൊടുത്ത് കുലുക്കല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡൻറുകൂടിയായ ഇറക്കടവത്ത് മുഹമ്മദ് കുട്ടി ഹാജി പച്ചക്കറി വാങ്ങില്ല. അതിനാൽ ലോക്ഡൗണിലും ഇദ്ദേഹം കൃഷിയിൽ വ്യാപൃതനാണ്.
1988 മുതൽ 2004 വരെ കുലുക്കല്ലൂർ പഞ്ചായത്തംഗം, 1994 മുതൽ അഞ്ചു വർഷം പ്രസിഡൻറ്. സജീവ കോൺഗ്രസുകാരനായിരുന്ന ഇദ്ദേഹം 2004ൽ സി.പി.എമ്മിൽ ചേർന്നു. തുടർന്ന് 10 വർഷം ജില്ല പഞ്ചായത്തംഗം, രാഷ്ട്രീയത്തോടൊപ്പം ഇപ്പോൾ പെരിന്തൽമണ്ണ ആസ്ഥാനമായ ഐ.എസ്എസ്.ബി.എഡ് കോളജ്, ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവയുടെ മാനേജിങ് കമ്മിറ്റി ചെയർമാൻ, മുളയങ്കാവ് അഗ്രികൾചറൽ ബാങ്ക് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.
വിവിധ മേഖലകളിൽ കർമനിരതനാവുമ്പോഴും വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ് വീട്ടുവളപ്പിലെ പച്ചക്കറി കൃഷി. വിൽപനയില്ല. വീട്ടാവശ്യത്തിന് മാത്രം എന്നതാണ് മുഹമ്മദ് കുട്ടി ഹാജിയുടെ മുദ്രാവാക്യം. അധികമുള്ളത് അയൽക്കാർക്ക് നൽകും.
പൂർണമായും ജൈവരീതിയിലാണ് കൃഷി. വീടടക്കമുള്ള ഒന്നര ഏക്കർ സ്ഥലത്തിൽ അഞ്ചു സെൻറിലാണ് പച്ചക്കറി വിളയിക്കുന്നത്. പയർ, വെണ്ട, കയ്പ, വഴുതന, മുളക്, തക്കാളി എന്നിവ കൂടാതെ കപ്പയും വാഴയും കവുങ്ങും വളപ്പിലുണ്ട്. ഇൻഡസ് മംഗള എന്ന മൂന്നു കൊല്ലം കൊണ്ട് കായ്ക്കുന്ന 600 കവുങ്ങുകൾ ഇ.കെയുടെ അഭിമാനമാണ്.
രാവിലെ 4.30ന് എഴുന്നേൽക്കും. സുബ്ഹി നമസ്കാരം കഴിഞ്ഞ് അഞ്ചു മുതൽ ഏഴുവരെ തോട്ടത്തിലാണ്. ഭാര്യ മറിയയും ഒപ്പമുണ്ടാകും. 25ാമത്തെ വയസ്സിലാണ് ഇദ്ദേഹത്തിെൻറ പിതാവ് മരിക്കുന്നത്. കർഷകനായിരുന്ന അദ്ദേഹത്തിൽനിന്ന് പാരമ്പര്യമായി ലഭിച്ചതാണ് കൃഷിയോടുള്ള താൽപര്യം.
മറ്റു തിരക്കുകൾക്കെല്ലാം അവധികൊടുത്ത് രണ്ടു മണിക്കൂർ ചെലവിട്ടാൽ വിഷമില്ലാത്ത ഭക്ഷണം കഴിക്കാം. അതാണ് ജീവവായുപോലെ കൃഷിയെ ഉപാസിക്കാൻ പ്രേരണയെന്ന് മുഹമ്മദ് കുട്ടി ഹാജി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.