യാത്രക്കാർ കാത്തിരിക്കുന്നു, കെ.എസ്.ആർ.ടി.സി ബസുകൾക്ക്
text_fieldsപട്ടാമ്പി: മടങ്ങിവരുമോ കെ.എസ്.ആർ.ടി.സി ബസുകൾ? മിനിറ്റുകളുടെ വ്യത്യാസത്തിൽ സ്വകാര്യ ബസുകൾ ഓടിയിട്ടും യാത്രാദുരിതം പേറുന്ന വളാഞ്ചേരി-കൊപ്പം റൂട്ടിലെ യാത്രക്കാരുടെ ചോദ്യമാണിത്. രണ്ട് പാലക്കാട്-കാടാമ്പുഴ ഓർഡിനറി ബസുകളും ഒരുകോയമ്പത്തൂർ-തിരൂർ ഫാസ്റ്റ് പാസഞ്ചറുമാണ് കൊപ്പം-വളാഞ്ചേരി റൂട്ടിൽ ഓടിയിരുന്നത്. പാലക്കാട്ടുനിന്ന് ഒറ്റപ്പാലം-പട്ടാമ്പി-കൊപ്പം-വളാഞ്ചേരി വഴി രാത്രിയിൽ കാടാമ്പുഴയെത്തുകയും രാവിലെ തിരിച്ച് പാലക്കാട്ടേക്ക് പുറപ്പെടുകയും ചെയ്യുന്ന തരത്തിലായിരുന്നു ഓർഡിനറി സർവിസ്.
തിരൂരിൽനിന്ന് രാവിലെ പുറപ്പെട്ട് വളാഞ്ചേരി-കൊപ്പം-ചെർപ്പുളശ്ശേരി വഴിയാണ് ഫാസ്റ്റ് പാസഞ്ചർ ഓടിയിരുന്നത്. തമിഴ് നാട്ടിൽനിന്ന് കാടാമ്പുഴ ക്ഷേത്രത്തിലേക്കുള്ള തീർഥാടകർക്ക് രാത്രി ക്ഷേത്രനഗരിയിലെത്തി അതിരാവിലെ ദർശനം കഴിഞ്ഞ് മടങ്ങാൻ പ്രയോജനപ്പെട്ടിരുന്നതാണ് സർവിസ്. കൂടാതെ കോയമ്പത്തൂരിൽ ചികിത്സക്കും വ്യാപാരാവശ്യങ്ങൾക്കുമുള്ള യാത്രകൾക്കും കെ.എസ്.ആർ.ടി.സി സഹായകമായിരുന്നു.
ഫാസ്റ്റ് പാസഞ്ചർ സർവിസ് പുനരാരംഭിച്ചത് നേരിയ ആശ്വാസമായെങ്കിലും കൂടുതൽ ഉപയോഗപ്പെട്ടിരുന്ന ഓർഡിനറി ബസുകൾ ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. തൊട്ടടുത്ത് തൃത്താല മണ്ഡലത്തിൽ പുനഃസ്ഥാപിച്ച പാലക്കാട്-വളാഞ്ചേരി ബസുകൾ പട്ടാമ്പിയിലൂടെയാണ് കടന്നുപോകുന്നത്. പട്ടാമ്പിയിൽനിന്ന് മുതുതല, പാലത്തറ, ചെമ്പ്ര വഴി തിരുവേഗപ്പുറയി വെച്ച് കൊപ്പം-വളാഞ്ചേരി പാതയിൽ പ്രവേശിക്കും. തിരുവേഗപ്പുറക്കാർക്ക് വളാഞ്ചേരിക്ക് ഈ ബസുകൾ ഉപയോഗപ്പെടുമെങ്കിലും പട്ടാമ്പി ഭാഗത്തേക്ക് ഗുണകരമല്ല. തിരുവേഗപ്പുറയിൽനിന്ന് തൃശൂർക്ക് യാത്ര ചെയ്യുന്നവരേറെയുണ്ട്, പ്രത്യേകിച്ചും ചികിത്സക്ക്. ഗുരുവായൂർ അമ്പലത്തിൽ പോകുന്നവർക്കു ഗുണകരമായിരുന്നു സർവിസ്.
നിലവിൽ തൃശൂർ ഭാഗത്തേക്ക് ഇതിലൂടെ ബസുകളോടുന്നില്ല. നിർത്തിയ കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ പുനഃസ്ഥാപിച്ച് വളാഞ്ചേരി-കൊപ്പം-പട്ടാമ്പി വഴിയുള്ള യാത്രാദുരിതത്തിനറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.