പ്രതീക്ഷയുടെ പട്ടാമ്പി പാലം
text_fieldsപട്ടാമ്പി: കേരളക്കരയൊന്നാകെ ദുരിതത്തിലായ നാളുകളായിരുന്നു രണ്ട് പ്രളയകാലങ്ങൾ. നിളയുടെ തീരത്തെ പട്ടാമ്പി നഗരത്തെയും പ്രളയം തകർത്തെറിഞ്ഞു. പട്ടാമ്പി പാലം കരകവിഞ്ഞ് ഭാരതപ്പുഴ മദിച്ചൊഴുകി. പട്ടാമ്പി - ഗുരുവായൂർ ഗതാഗതം ദിവസങ്ങളോളം മുടങ്ങി. നഗരം ഒറ്റപ്പെട്ടു. വൈദ്യുതിയില്ലാതെ നാട് ഇരുട്ടിലായി. വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളം കയറി വലിയ സാമ്പത്തിക നഷ്ടമുണ്ടായി. പാലം വെള്ളത്തിൽ മുങ്ങി കാണാൻ പോലും കഴിയാത്ത സ്ഥിതി. വെള്ളമിറങ്ങിയപ്പോൾ കൈവരികൾ തകർന്നതല്ലാതെ പാലത്തിന് മറ്റൊരു നാശവും സംഭവിച്ചിരുന്നില്ല. അറ്റകുറ്റപ്പണികൾ നടത്തി പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.
1966ൽ ഭാരതപ്പുഴക്ക് കുറുകെ നിർമിച്ച കോസ്വേയാണ് ഇന്നത്തെ പാലം. അതുവരെ പുഴയിൽ തോണിയാത്രയായിരുന്നു. പതിറ്റാണ്ടുകൾ കടന്നുപോയപ്പോൾ വാഹനങ്ങളുടെ എണ്ണം പെരുകി. പട്ടാമ്പിയിൽ പുതിയൊരു പാലമെന്ന ആവശ്യമുയർന്നു. രണ്ട് പ്രളയങ്ങൾ ഈ ആവശ്യത്തിന് അടിവരയിട്ടു. കിഫ്ബിയിൽ ഉൾപ്പെടുത്തി പുതിയ പാലത്തിന്റെ പ്രാഥമിക നടപടി പൂർത്തിയായി എന്ന മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ പ്രഖ്യാപനം വന്നത് 2019ൽ. വർഷങ്ങൾ കാര്യമായ അനക്കമില്ലാതെ കടന്നുപോയി. കഴിഞ്ഞ ഏപ്രിലിൽ പാലത്തിന്റെ നിർമാണ നടപടി തുടങ്ങിവെച്ചു. സ്ഥലമേറ്റെടുപ്പ് ആരംഭിച്ചു. 30 കോടി രൂപ ആദ്യഘട്ട നിർമാണത്തിന് സർക്കാർ അനുവദിച്ചു.
പാലത്തിനായി 82 സെൻറ് സ്ഥലമാണ് പട്ടാമ്പി മണ്ഡലത്തിൽനിന്ന് ഏറ്റെടുക്കേണ്ടത്. ഇവിടങ്ങളിൽ എം.എൽ.എയും ഉദ്യോഗസ്ഥരും സന്ദർശനം നടത്തി. പട്ടാമ്പി കമാനം ഭാഗത്തുനിന്ന് തുടങ്ങി ഞാങ്ങാട്ടിരി കടവ് വരെ നീളുന്ന പാലത്തിന് 30 സെൻറ് സ്ഥലം തൃത്താല മണ്ഡലത്തിൽനിന്നും ഏറ്റെടുക്കണം. നിലവിലെ പാലത്തിന്റെ 500 മീറ്റർ കിഴക്കു മാറിയാണ് പുതിയ പാലം നിർമിക്കുന്നത്. 370.90 മീറ്റർ സ്പാൻ വരുന്ന പാലത്തിന് 11 മീറ്റർ വീതിയും വശങ്ങളിൽ 1.50 മീറ്റർ നടപ്പാതയും ഉണ്ടാകും.
പ്രഖ്യാപനങ്ങൾ പാഴ്വാക്കാകുന്ന പതിവിന് പട്ടാമ്പി പാലം തിരുത്താകുമെന്ന പ്രതീക്ഷ നൽകുന്നതാണ് കഴിഞ്ഞ ദിവസം നടന്ന മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളുടെ അവലോകനയോഗം. സ്ഥലമേറ്റെടുപ്പ് 90 ശതമാനം പൂർത്തിയായെന്നും മറ്റു നടപടികൾ ത്വരിതപ്പെടുത്തി നിർമാണം ഉടൻ തുടങ്ങാനാവുമെന്നുമാണ് എം.എൽ.എ യോഗത്തിൽ അറിയിച്ചത്.
പാലക്കാട്, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിലൂടെ ഗുരുവായൂർ, തൃശൂർ ഭാഗങ്ങളിലേക്കുള്ള നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന കടന്നുപോകുന്നത്. വികസനം അസാധ്യമായ പട്ടാമ്പി ടൗണിലെ ചെറിയൊരു തടസ്സം പോലും കിലോമീറ്ററോളം ഗതാഗതക്കുരുക്കിനിടയാക്കുമ്പോൾ പാലത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഭാരമേറിയ വാഹനങ്ങൾ ഏറെനേരം നിർത്തിയിടേണ്ടി വരാറുണ്ട്. രണ്ടു പ്രളയത്തെ അതിജീവിച്ചെങ്കിലും ഇത്രയും ഭാരം വഹിക്കാൻ ആറു പതിറ്റാണ്ട് പഴക്കമുള്ള പാലത്തിനാവുമോ എന്ന് ആശങ്കയുണ്ട്. ഇനിയൊരു ദുരന്തത്തിനിടയാക്കാതിരിക്കാൻ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് ദ്രുതഗതിയിൽ പട്ടാമ്പി പാലം യാഥാർഥ്യമാക്കുന്നതാണ് അഭികാമ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.