പട്ടാമ്പി പാലം കൈവരി നിർമാണം വൈകുന്നു; ഗതാഗതക്കുരുക്ക് തുടർക്കഥ
text_fieldsപട്ടാമ്പി: പാലത്തിന്റെ കൈവരി നിർമാണം വൈകുന്ന പട്ടാമ്പിയിൽ ഗതാഗതക്കുരുക്ക് തുടർക്കഥയായി. കൈവരി തകർന്നപ്പോൾ അടച്ച പാലം കയർ കൊണ്ടുള്ള താൽക്കാലിക കൈവരി സ്ഥാപിച്ചാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഒറ്റവരി ഗതാഗതം മാത്രം അനുവദിച്ചാണ് ജില്ല കലക്ടർ ഉത്തരവിട്ടത്. പാലത്തിന്റെ ഇരു ഭാഗത്തും ഊഴം കാത്ത് മിനിറ്റുകളോളം വാഹനങ്ങൾ നിർത്തിയിട്ടതോടെ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. രാവിലെയും വൈകീട്ടുമാണ് ഏറെയും കുരുക്കനുഭവപ്പെടുന്നത്.
ഞാങ്ങാട്ടിരി മുതൽ മേലെ പട്ടാമ്പിവരെ വാഹന നിര നീളുന്നുണ്ട്. യാത്രാക്ലേശം രൂക്ഷമായതോടെ കൈവരി നിർമാണത്തിനുള്ള പ്രക്ഷോഭങ്ങൾ കൊടുമ്പിരിക്കൊണ്ടു. ഇതിനിടെ കൈവരി നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു. ഈ മാസം 19 വരെയായിരുന്നു ടെൻഡർ സമർപ്പിക്കാനുള്ള സമയം. 22ന് ടെൻഡർ ഉറപ്പിച്ചു. 18,13,275 രൂപക്ക് പാലക്കാട് സ്വദേശി ജയപ്രകാശാണ് ടെൻഡർ എടുത്തത്. നിർമാണം ഉടൻ ആരംഭിക്കുമെന്നായിരുന്നു പ്രതീക്ഷ. യുദ്ധകാലാടിസ്ഥാനത്തിൽ നടത്തേണ്ട നിർമ്മാണം ഇഴയുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ആംബുലൻസുകളടക്കമുള്ള അടിയന്തര സ്വഭാവമുള്ള വാഹനങ്ങൾ ദീർഘ നേരം കുരുക്കിൽ പെടുന്നുണ്ട്. സ്കൂൾ വാഹനങ്ങളും പലപ്പോഴും കുരുക്കിൽ പെട്ട് സമയത്തിനെത്താൻ കഴിയുന്നില്ല. സ്വകാര്യ ബസുകൾ സമയക്രമം പാലിക്കാൻ ജീവന്മരണ ഓട്ടമാണ്.
ടൗണിലെ സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനങ്ങൾ നിർത്താൻ കഴിയാതെ വരുന്നതിനാൽ വ്യാപാരമാന്ദ്യവും അനുഭവപ്പെടുന്നു. കൂനിന്മേൽ കുരുവെന്ന പോലെ ടൗണിലെ ട്രാഫിക് നിയന്ത്രണവും കച്ചവടക്കാരുടെ വയറ്റത്തടിക്കുന്നു. നോ പാർക്കിങ്ങിന്റെ പേരിലുള്ള പിഴ ചുമത്തൽ ടൗണിലേക്കെത്തുന്നവരുടെ എണ്ണം കുറക്കുന്നുണ്ട്. കൈവരികൾ സ്ഥാപിച്ച് ഇരുവശത്തേക്കുമുള്ള ഗതാഗതം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാൻ അധികൃതർ കനിയണമെന്നാണ് പട്ടാമ്പിക്കാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.