പട്ടാമ്പി പാലം തുറന്നു
text_fieldsപട്ടാമ്പി: പ്രളയത്തെതുടർന്ന് അടച്ച പട്ടാമ്പി പാലം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഗതാഗതത്തിന് തുറന്നുകൊടുത്തു. ചൊവ്വാഴ്ച രാവിലെ പത്തിന് തുറക്കാനായിരുന്നു തീരുമാനമെങ്കിലും ഏഴിനുതന്നെ തുറന്നു. നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി ചടങ്ങിൽ സംബന്ധിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗതീരുമാനപ്രകാരമാണ് പാലം തുറന്നത്.
ഇരുഭാഗത്തും പൊലീസിനെ നിയോഗിക്കണം, ഗതാഗതം സുഗമമാക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാരും പൊതുമരാമത്ത് എക്സി. എൻജിനീയറും സംവിധാനം ഒരുക്കണം എന്നീ നിബന്ധനകളോടെ ഒറ്റവരി ഗതാഗതത്തിനാണ് കലക്ടർ ഡോ. എസ്. ചിത്ര ഉത്തരവിട്ടത്.
കഴിഞ്ഞമാസം 30നാണ് വെള്ളമൊഴുകി കൈവരി തകർന്ന് പാലമടച്ചത്. ആഗസ്റ്റ് ഒന്നിന് താൽക്കാലിക കൈവരികളൊരുക്കി കാൽനടയാത്രക്കാർക്കായി തുറന്നിരുന്നു. ദിവസങ്ങളോളം ഗതാഗതം മുടങ്ങിയതോടെ പ്രതിഷേധമുയർന്നതിനാലാണ് ഗതാഗതത്തിനായി തുറന്നത്.
പാലം തുറന്നെങ്കിലും കുരുക്ക് മുറുകി
പട്ടാമ്പി: പട്ടാമ്പി പാലം തുറന്നതോടെ ടൗണിൽ ഗതാഗതക്കുരുക്കേറി. പാലത്തിലൂടെ ഒരു സമയം ഒരു ഭാഗത്തേക്ക് മാത്രം വാഹനങ്ങൾ കടത്തിവിടുന്നതുകൊണ്ടാണ് വാഹനങ്ങൾ കുരുക്കിലാകുന്നത്. കൂറ്റനാട് ഭാഗത്തുനിന്ന് പാലം കടന്ന് ടൗണിൽ പ്രവേശിക്കുന്ന ഗുരുവായൂർ റോഡ് ജങ്ഷനിലാണ് നിയന്ത്രിക്കാനാവാത്ത കുരുക്ക്. ഇതോടെ മേലെ പട്ടാമ്പി വരെ വാഹനഗതാഗതം സ്തംഭിക്കുകയാണ്.
ബസ് സ്റ്റാൻഡ് മുതൽ മേലെ പട്ടാമ്പി വരെ മുമ്പ് തന്നെ വലിയ ഗതാഗതസ്തംഭനം നേരിട്ടിരുന്നു. പാലം കടന്ന് ഞാങ്ങാട്ടിരിവരെ ഇതിന്റെ പ്രത്യാഘാതം അനുഭവപ്പെടാറുണ്ട്. പുതിയ സാഹചര്യത്തിൽ ഗതാഗത നിയന്ത്രണത്തിന് കൂടുതൽ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും തിരക്കേറിയ സമയങ്ങളിൽ ഫലവത്താകുന്നില്ല. കൈവരികൾ നിർമിച്ച് പാലം പൂർണ തോതിൽ ഉപയോഗപ്പെടുത്തിയാലേ ഗതാഗതക്കുരുക്കിന് ശമനമാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.