പട്ടാമ്പി പാലത്തിന്റെ തൂണിനും തകർച്ച
text_fieldsപട്ടാമ്പി: പട്ടാമ്പി പാലത്തിന്റെ തൂണിന് തകർച്ച. കരിങ്കല്ല് കൊണ്ട് നിർമിച്ച പാലത്തിന്റെ മധ്യഭാഗത്തെ തൂണുകളിലൊന്നിലെ മുകൾവശത്തുള്ള കല്ലുകളാണ് ഇളകി വീണത്. പുഴയുടെ ഒഴുക്കിന് എതിർവശത്താണ് തൂണിന്റെ കേടുപാടെന്നത് വിഷയം സങ്കീർണമാക്കുന്നു. വെള്ളത്തിലൂടെ വലിയ മരങ്ങളും ഇരുമ്പു ഭാഗങ്ങളുമൊക്കെ ഒഴുകിയെത്തി പാലത്തിന്റെ തൂണുകളിലിടിച്ചാണ് സാധാരണ തകർച്ച നേരിടുന്നത്.
എന്നാൽ, മറുവശത്താണ് കല്ലുകൾ ഇളകി വീണതെന്നതിനാൽ സൂക്ഷ്മ പരിശോധന വേണ്ടിവരും. പുഴയിലെ കുത്തൊഴുക്ക് നിലക്കാത്തതിനാൽ പൂർണ പരിശോധനക്ക് ഇനിയും ദിവസങ്ങളെടുക്കും. പാലത്തിൽനിന്ന് വെള്ളമിറങ്ങിയപ്പോഴാണ് തൂണിന്റെ മുകൾഭാഗത്തെ കല്ലിളകിപ്പോയത് ശ്രദ്ധയിൽപെട്ടത്. കൈവരികൾക്ക് മാത്രമേ മുൻകാലങ്ങളിൽ നാശമുണ്ടായിരുന്നുള്ളൂ. ഇത്തവണ തൂണിനെക്കൂടി ബാധിച്ചത് വലിയ സുരക്ഷാഭീഷണിയായി മാറി.
പാലക്കാട്, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയിൽ നൂറു കണക്കിന് വാഹനങ്ങളാണ് പാലം വഴി കടന്നുപോവുന്നത്. താൽക്കാലിക കൈവരിയൊരുക്കി കാൽനടയാത്രക്കാർക്ക് മാത്രമായി തുറന്നുകൊടുത്ത പാലം പൂർണമായും തുറക്കാനുള്ള കാത്തിരിപ്പ് അനിശ്ചിതത്വത്തിലാക്കുന്നതാണ് തൂണിന്റെ തകർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.