പട്ടാമ്പി പാലം അറ്റകുറ്റപ്പണി വൈകും; കുരുക്ക് തുടരും
text_fieldsപട്ടാമ്പി: പാലത്തിലൂടെയുള്ള ഒറ്റവരി ഗതാഗതക്കുരുക്കിന് പരിഹാരം അകലെ. പാലത്തിന്റെ തകർന്ന കൈവരികൾ പുനർനിർമിക്കാൻ ഇനിയും താമസിച്ചേക്കും. ആഗസ്റ്റ് 13 മുതൽ 15 വരെ അതിതീവ്ര മഴയുണ്ടായേക്കുമെന്ന കാലാവസ്ഥ മുന്നറിയിപ്പാണ് അറ്റകുറ്റപ്പണിക്ക് തടസ്സമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ സ്ഥിരീകരിച്ചു. മുന്നറിയിപ്പ് മുന്നിൽ കണ്ടുകൊണ്ട് കൈവരികൾ നിർമിക്കുന്നത് അവിവേകമാവുമെന്നാണ് കണക്കു കൂട്ടൽ. ഒറ്റവരി ഗതാഗതം മൂലം പാലത്തിനിരുവശവും വലിയ തിരക്കും ടൗണിൽ ഗതാഗത സ്തംഭനവുമാണ്.ആയിരക്കണക്കിന് വാഹനങ്ങളോടുന്ന പാതയിൽ പട്ടാമ്പി പാലത്തിന്റെ ദുരവസ്ഥ ഗുരുതര പ്രത്യാഘാതമാണുണ്ടാക്കുന്നത്. പുതിയ പാലം എന്ന ശാശ്വത പരിഹാരത്തിനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്നാണ് സാഹചര്യങ്ങൾ ആവശ്യപ്പെടുന്നത്.
സ്ഥലമേറ്റടുപ്പാണ് പുതിയ പാലം യാഥാർഥ്യമാക്കാനുള്ള വെല്ലുവിളി. 43 ഭൂവുടമകളിൽനിന്ന് സ്ഥലം വിട്ടുകിട്ടേണ്ടതുണ്ട്. ഇതിന് ജില്ല കലക്ടർ ഇടപെടണമെന്ന് കഴിഞ്ഞ ജില്ല ദുരന്തനിവാരണ സമിതി യോഗത്തിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു.
വടിയെടുത്ത് പൊലീസ്
പട്ടാമ്പി: ടൗണിലെ ഗതാഗതക്കുരുക്ക് തീർക്കാൻ വടിയെടുത്ത് പൊലീസ്. പൊതുജനദ്രോഹമെന്ന് പരാതി പ്രളയത്തെത്തുടർന്ന് ജൂലൈ 30ന് പട്ടാമ്പി പാലം അടച്ചശേഷമാണ് ടൗണിൽ നിയന്ത്രണം കർക്കശമാക്കിയത്. പാലം അടച്ചതോടെ പട്ടാമ്പി ഒറ്റപ്പെടുകയും യാത്രക്കാർക്ക് കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ടി വരികയും ചെയ്തതോടെ പാലം തുറക്കാൻ മുറവിളി ശക്തമായി. ഇതേതുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച പാലം താൽക്കാലിക കൈവരിയുണ്ടാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തു.
ഉറപ്പുള്ള കൈവരിയില്ലാത്തതിനാൽ ഒരു സമയം ഒരു ദിശയിലേക്ക് മാത്രം വാഹനങ്ങൾക്ക് കടന്നുപോകാനാണ് അനുമതി നൽകിയത്. വാഹനപ്പെരുപ്പം കാരണം വലിയ തോതിലുള്ള ഗതാഗതക്കുരുക്കിനാണ് നിയന്ത്രണം ഇടവരുത്തിയത്. പൊലീസ് പാലത്തിനിരുഭാഗത്തും നിയന്ത്രണത്തിനായി നിലകൊണ്ടെങ്കിലും കുരുക്കിന് അയവു വന്നില്ല. ഇതോടെ ടൗണിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കി. പാർക്കിങ് അനുവദിച്ച സ്ഥലങ്ങളിലൊഴികെയുള്ള വാഹനങ്ങൾ നടപടിക്ക് വിധേയമായി. നിരവധി വാഹനങ്ങൾക്ക് പിഴ ചുമത്തി. ഗതാഗതം തടസ്സപ്പെടുംവിധം സിഗ്നൽ പോയന്റുകളിൽ പോലും അലസമായി ദീർഘനേരം നിർത്തിയിടുന്ന വാഹനങ്ങളുണ്ട്. ഇവക്കെതിരെയുള്ള നടപടി ന്യായീകരിക്കാമെങ്കിലും വിവിധ ആവശ്യങ്ങൾക്കായി നിർത്തിയിട്ട വാഹനങ്ങൾക്കും പിഴ ചുമത്തിയതോടെ സമ്മിശ്ര പ്രതികരണമാണ് പൊലീസ് നടപടി നേരിടുന്നത്.
അനധികൃത പാർക്കിങ്: നിരന്തരം പിഴ ചുമത്തുന്നത് അവസാനിപ്പിക്കണം -വ്യാപാരികൾ
പട്ടാമ്പി: പൊതുജനങ്ങള്‍ക്ക് പാര്‍ക്കിങ്ങിന്റെ പേരില്‍ നിരന്തരം പിഴ ചുമത്തുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി യൂനിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ പ്രളയത്തില്‍ പട്ടാമ്പി പാലം തകര്‍ന്നതിനാല്‍ നിലവില്‍ ഒരു ഭാഗത്തേക്ക് മാത്രമായി വാഹനങ്ങള്‍ കടത്തി വിടുമ്പോഴുണ്ടാവുന്ന ഗതാഗതക്കുരുക്ക് കാരണം മേൽപ്പാലം മുതല്‍ ബസ് സ്റ്റാന്‍ഡ് വരെ ഭാഗങ്ങളില്‍ വലിയ വ്യാപാര മാന്ദ്യമാണ് നേരിടുന്നത്. ഈ സമയത്ത് പൊലീസ് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന വ്യാപാര ദ്രോഹ നടപടി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.
പരിമിതമായ പാര്‍ക്കിങ് സൗകര്യങ്ങളാണ് പട്ടാമ്പി നഗരത്തില്‍ നിലവില്‍ അധികൃതര്‍ ഔദ്യോഗികമായി അനുവദിച്ചിരിക്കുന്നത്. അവിടങ്ങളില്‍പോലും പാര്‍ക്കിങ് ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് നിരന്തരം പിഴ ചുമത്തുന്ന സ്ഥിതിയാണ്. സകുടുംബം വാഹനത്തില്‍ വന്ന് കടകൾക്ക് മുന്നിൽ നിര്‍ത്തി ആളുകളെ ഇറക്കുന്ന സമയത്തിനുള്ളില്‍ പിഴ ചുമത്തുകയാണ്. പ്രശ്നം പരിഹരിക്കാൻ ഉത്തരവാദപ്പെട്ട പൊലീസ് അധികാരികള്‍ തയാറാവാത്ത പക്ഷം പൊതുജനങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി യൂനിറ്റിന്റെ നേതൃത്വത്തില്‍ ശക്തമായ സമര പരിപാടികളാരംഭിക്കുമെന്നും ഭാരവാഹികളായ ഗിരീഷ് പട്ടാമ്പി, ആർ. സന്തോഷ്, സിദ്ദീഖ് പത്രാസ്, അബ്ദുൽ ജബ്ബാർ, അബുലൈസ്, ഹനീഫ എന്നിവർ പറഞ്ഞു.
‘ഗതാഗത സംവിധാനം സുഗമമാക്കണം’
പട്ടാമ്പി: ടൗണിലെ ഗതാഗത സംവിധാനം സുഗമമാക്കണമെന്ന് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പാലം താൽക്കാലികമായി ഒറ്റവരിയായി തുറന്നെങ്കിലും കൂടുതൽ ഗതാഗത കുരുക്കിന് വഴിയൊരുക്കി. പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി കൈവെരി കെട്ടാത്തതും വാഹനങ്ങൾ കാത്തു നിൽക്കുന്നതും ഗതാഗതത്തിന് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നു. രണ്ടു വരികളിലൂടെ ചെറുകിട വാഹനങ്ങൾക്ക് മാത്രം പോകാവുന്ന മട്ടിൽ ക്രമീകരണം നടത്തിയും വലിയ വാഹനങ്ങൾ വഴി തിരിച്ചുവിട്ടും ഗതാഗത സംവിധാനം സുഗമമാക്കണം. ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസുകാർ രാത്രി ഏറെ വൈകിയും ജോലി ചെയ്ത് പ്രയാസപ്പെടുന്നു. ഓണം വരവായതോടെ ടൗണിൽ വൻ ഗതാഗത കുരുക്കിന് കാരണമാകും. ഇത് വ്യാപാര മേഖലകളെയും യാത്രക്കാരെയും ചെറുകിട കച്ചവടക്കാരെയും ഏറെ ദുരിതത്തിലാക്കും. ഷാർബാൻ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കെ.എം. സലാം, വി. സൈഫുദ്ദീൻ, കെ.പി. ഹമീദ്, വി. ഷാഫി, പി. ബഷീർ, പി. റിയാസ് എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.