പട്ടാമ്പി പാലം ഉടൻ തുറക്കില്ല
text_fieldsപട്ടാമ്പി: ഭാരതപ്പുഴ കരകവിഞ്ഞൊഴുകി കൈവരികൾ തകർന്ന പട്ടാമ്പി പാലം ഉടൻ തുറക്കില്ലെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു. ബുധനാഴ്ച രാവിലെ പാലത്തിന്റെ സ്ഥിതി വിലയിരുത്തിയാണ് എം.എൽ.എ പ്രതികരിച്ചത്. നഗരസഭ അധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി, ഉപാധ്യക്ഷൻ ടി.പി. ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ അനുഗമിച്ചു.
തകർന്ന കൈവരികൾ പുനർനിർമിച്ചും പാലത്തിന്റെ ഉറപ്പ് പൊതുമരാമത്ത് വകുപ്പ് പരിശോധിച്ചും വേണം പാലം തുറക്കാൻ. മരങ്ങളും കൊച്ചി പാലത്തിന്റെ ഇരുമ്പുഭാഗങ്ങളുമടക്കം ഒഴുകിയെത്തി പാലത്തിലിടിച്ചാണ് കൈവരികൾ തകർന്നതെന്നും എം.എൽ.എ പറഞ്ഞു. ഭാരതപ്പുഴ നിറഞ്ഞൊഴുകിയപ്പോൾ പ്രളയസമാനമായ തകർച്ചയാണ് പട്ടാമ്പി പാലത്തിനുണ്ടായത്. 2018ലും 2019ലും പാലത്തിന്റെ കൈവരികൾ തകർന്നിരുന്നു.
പാലത്തിന് ബലക്ഷയം സംഭവിക്കാത്തതിനാൽ കൈവരികൾ പുനർനിർമിച്ച് 2018ൽ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. തൊട്ടടുത്ത വർഷത്തിലും കൈവരികൾക്കുതന്നെയായിരുന്നു തകർച്ച. ഭാഗികമായി ഇളകിവീണ കൈവരികൾ നവീകരിച്ച് ഗതാഗതം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുത്തു. ഇത്തവണ പാലത്തിനു മുകളിൽ വെള്ളം കയറിയപ്പോൾതന്നെ താൽക്കാലികമായി ഗതാഗതം നിരോധിച്ചിരുന്നു. മഴ ശക്തി കുറഞ്ഞതോടെ പാലത്തിനു മുകളിൽനിന്ന് വെള്ളമിറങ്ങി.
പാലത്തിന്റെ തകർച്ച പട്ടാമ്പി-കുന്നംകുളം പാതയിലൂടെയുള്ള യാത്രക്കാണ് തടസ്സം. പാലക്കാട്ടുനിന്നും പെരിന്തൽമണ്ണ ഭാഗത്തുനിന്നും ഗുരുവായൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊളപ്പുള്ളി വഴി തിരിഞ്ഞുപോകാം. ഗുരുവായൂർ ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് വെള്ളിയാങ്കല്ല് വഴിയും പോകാനാവും. എന്നാൽ, പാലം അടച്ചിടുമ്പോൾ കൂറ്റനാട്, തൃത്താല ഭാഗങ്ങളിൽനിന്നുള്ളവർക്കാണ് ഏറെ പ്രയാസമുണ്ടാവുന്നത്. ഇവർക്ക് പട്ടാമ്പിയിലെത്തുക എന്നത് ദുഷ്കരമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.