പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കി
text_fieldsപട്ടാമ്പി: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ ഭാരവാഹി തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കി. രക്ഷിതാക്കളുടെ കൂട്ടായ്മയും അബ്ദുൽ ഹക്കീം റാസിയും നൽകിയ കേസിലാണ് വിധി. തെരഞ്ഞെടുപ്പ് അകാരണമായി വൈകിപ്പിച്ചതായും എസ്.എം.സി. അംഗങ്ങളെ തെരഞ്ഞെടുത്തില്ലെന്നതും സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച തർക്കവും ചൂണ്ടികാട്ടിയാണ് പരാതി നൽകിയത്. സർക്കാർ നിഷ്കർഷിച്ച പ്രകാരമല്ല തെരഞ്ഞെടുപ്പെന്നും ജില്ല വിദ്യാഭ്യാസ ഓഫീസർ ഇക്കാര്യത്തിൽ കൃത്യമായ ഇടപെടൽ നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രിൻസിപ്പലാണ് പ്രത്യേകം സ്ത്രീപക്ഷ അനുപാതം നിഷ്കർഷിച്ചത്. ഇത് നിലവിലെ പി.ടി.എ ചട്ടങ്ങൾക്ക് എതിരാണെന്ന് കോടതി വിലയിരുത്തി. ഈ പ്രത്യേക അനുപാതം ചർച്ച ചെയ്തതായി പി.ടി.എ എക്സിക്യുട്ടീവ്, ജനറൽ ബോഡി മിനിറ്റ്സുകളിൽ രേഖപ്പെടുത്തിയിട്ടില്ല. ജനാധിപത്യ മാനദണ്ഡം പാലിക്കാതെയാണ് പ്രതിനിധികളെ തെരഞ്ഞെടുത്തത്. അധ്യാപകരുടെ തീരുമാനം ജനറൽ ബോഡിയിൽ വായിക്കുകയായിരുന്നു. പി.ടി.എ എക്സിക്യൂട്ടീവിൽ ചർച്ച ചെയ്യാതെയാണ് യു.പിക്കും ഹൈസ്കൂളിനും ഹയർസെക്കൻഡറിക്കും വെവ്വേറെ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്.
2022 സെപ്റ്റംബർ 15ലെ തിയ പി.ടി.എ സർക്കുലർ പ്രകാരം ജില്ല വിദ്യാഭ്യാസ ഓഫീസറെ പി.ടി.എ ഭരണ സമിതി തെരഞ്ഞെടുപ്പ് മേൽനോട്ടത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒറ്റപ്പാലം ജില്ല വിദ്യാഭ്യാസ ഓഫീസർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിരുത്തരവാദപരമായാണ് പെരുമാറിയിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
സർക്കാർ നിഷ്കർഷിച്ച രീതിയിൽ ജില്ല വിദ്യാഭ്യാസ ഓഫിസറുടെ നേതൃത്വത്തിൽ പുതിയ തെരഞ്ഞെടുപ്പ് നടത്താനും കോടതി ഉത്തരവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.