പട്ടാമ്പി പുതിയ പാലം കടക്കാൻ; ഇനി സ്ഥലമേറ്റെടുപ്പ് എന്ന വെല്ലുവിളി
text_fieldsപട്ടാമ്പി: പ്രതിസന്ധികൾക്കൊടുവിൽ രൂപരേഖ തയ്യാറായെങ്കിലും സ്ഥലമേറ്റെടുപ്പാണ് ഇനി പട്ടാമ്പി പാലം നേരിടാനിരിക്കുന്ന വെല്ലുവിളി. രൂപരേഖയിലെ മാറ്റമാണ് പുതിയ പാലം നിർമാണനടപടികൾ വൈകാൻ ആദ്യം കാരണമായതെന്നാണ് വിശദീകരണം. പട്ടാമ്പി കമാനത്തിനടുത്തുള്ള പഴയ കടവിൽ നിന്നാണ് പാലം തുടങ്ങുന്നത്. തീരദേശ റോഡ് പട്ടാമ്പിയിൽ നിന്നും തുടങ്ങുന്ന കിഴായൂർ നമ്പ്രം പാതയുള്ളതും ഇവിടെയാണ്. പഴയ രൂപരേഖ പ്രകാരമുള്ള പാലം നിർമാണം തീരദേശറോഡ് നിർമാണത്തിന് തടസ്സമാവും.
ഒരു ജങ്നുള്ള സ്ഥലം അധികമായി കണ്ടെത്താൻ നിർബന്ധമായി. അതിനാൽ രൂപരേഖ മാറ്റി തയാറാക്കിയാണ് പാലം നിർമിക്കുന്നത്. പുതിയ രൂപരേഖയനുസരിച്ച് 52.45 രൂപയുടെ സാമ്പത്തികാനുമതിയാണ് കിഫ്ബി വഴി ലഭിച്ചത്.
2020ൽ ലഭിച്ചത് 30.86 കോടി രൂപയുടെ സാമ്പത്തികാനുമതിയായിരുന്നു. നിലവിലുള്ള കോസ്വേയുടെ ഉയരക്കുറവാണ് പാലം വെള്ളം മൂടാൻ കാരണം. പുതിയ പാലം കൂടുതൽ ഉയരത്തിലും വീതിയിലുമാണ് നിർമിക്കുക. കേരളഫണ്ട് ബോർഡിനാണ് ചുമതല. ഭാരതപ്പുഴക്ക് കുറുകെ തൃത്താല മണ്ഡലവുമായി ബന്ധിപ്പിച്ച് 370 മീറ്റർ നീളത്തിലാണ് നിർമാണം.
പ്രദേശത്ത് 43 ഭൂവുടമകൾ
പുഴയുടെ ഇരു കരകളിൽ നിന്നുമായി ഒരേക്കറിലധികം സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. പാർട്ടി ഓഫിസും പള്ളിയും വ്യാപാരസ്ഥാപനവും വീടുമൊക്കെ അടങ്ങിയ സ്ഥലമാണ് വിട്ടുകിട്ടേണ്ടത്. 43 ഭൂവുടമകളിൽനിന്ന് ഇതിനായുള്ള സമ്മതം ലഭിക്കണം. സ്ഥലമുടമകളുടെ യോഗം എത്രയും പെട്ടെന്ന് വിളിച്ച് സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കണം. കലക്ടറുടെ സഹായം ഇക്കാര്യത്തിൽ ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.