പട്ടാമ്പി പുതിയ പാലം; സ്ഥലം നൽകുന്നവർക്ക് മികച്ച നഷ്ടപരിഹാരം ഉറപ്പാക്കും -എം.എൽ.എ
text_fieldsപട്ടാമ്പി: പുതിയ പാലത്തിന്റെ നിർമാണവുമായി സ്ഥലവും വസ്തുവകകളും നഷ്ടപ്പെടുന്നവർക്ക് മാന്യമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മുഹമ്മദ് മുഹസിൻ എം.എൽ.എ. പാലം നിർമാണവുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠനം നടത്തുന്നതിന്റെ ഭാഗമായി നഷ്ടപരിഹാരം ലഭിക്കേണ്ടവരെ പങ്കെടുപ്പിച്ച് താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് എം.എൽ.എ ഉറപ്പുനൽകിയത്. നിലവിൽ 52 വ്യക്തികൾക്കാണ് പാലം നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലമോ മറ്റു വസ്തുവകകളോ വിട്ടു നൽകേണ്ടിവരുന്നത്. അവർക്കെല്ലാം റവന്യൂ വകുപ്പ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്.
പാലത്തിന്റെ ഡിസൈൻ തയാറാക്കി അനുമതി ലഭ്യമായിട്ടുണ്ട്. ആവശ്യമായ ഭൂമി അളന്നുതിട്ടപ്പെടുത്തി കല്ലുകൾ നാട്ടി. 30 കോടിയാണ് പാലത്തിന് വകയിരുത്തിയിരുന്നത്. എന്നാൽ ഈ തുക പാലം നിർമാണത്തിനും സ്ഥലമേറ്റെടുപ്പു നടപടികൾക്കുമായി മതിയാവാത്തതിനാൽ 52 കോടിയായി വർധിപ്പിച്ചു. പാലം നിർമാണത്തിന്റെ ഭാഗമായി സ്ഥലവും വീടുകളും വ്യാപാര സ്ഥാപനങ്ങളും പാർട്ടി ഓഫിസും ആരാധനാലയങ്ങളുടെ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടതെന്ന് എം.എൽ.എ പറഞ്ഞു. സ്ഥലമേറ്റെടുക്കാനും നഷ്ടപരിഹാരം കണക്കാക്കുന്നതും സർക്കാർ കേരള വളന്ററി ഹെൽത്ത് സർവിസസ് ഉദ്യോഗസ്ഥനായ രതീഷ് വിവരിച്ചു. പട്ടാമ്പി, തൃത്താല മണ്ഡലങ്ങളിൽ നിന്ന് യഥാക്രമം 83 സെന്റ്, 30 സെന്റ് വീതം സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്നത്.
നിലവിൽ തൃത്താല പഞ്ചായത്തിലെ കടവിൽനിന്നും ആരംഭിച്ച് പട്ടാമ്പി നമ്പ്രം റോഡിന്റെ ഇരുവശങ്ങളിലേക്കും തുറക്കുന്ന രീതിയിലാണ് പാലത്തിന്റെ ഡിസൈൻ. പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ, ലാന്റ് എൽ.എ തഹസിൽദാർ ശ്രീനിവാസൻ, കെ. ആർ.എഫ്.ബി ഉദ്യോഗസ്ഥർ, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വിജയകുമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.