പട്ടാമ്പി പുതിയ പാലം: സ്ഥലമേറ്റെടുക്കാൻ മൂന്ന് കോടി
text_fieldsപട്ടാമ്പി: പട്ടാമ്പിയിലെ പുതിയ പാലത്തിെൻറ രൂപരേഖ പൂർത്തിയായതായും സ്ഥലം ഏറ്റെടുക്കാൻ ആദ്യ ഘട്ടമായി മൂന്ന് കോടി രൂപ അനുവദിച്ചുകിട്ടിയതായും മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു. മണ്ഡലത്തിൽ നടക്കുന്ന കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള റോഡ്, പാലം നിർമാണ പ്രവൃത്തികൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു എം.എൽ.എ.
പാലത്തിെൻറ നിർമാണത്തിന് സ്ഥലമേറ്റെടുക്കാനുള്ള നടപടി ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. നിള ആശുപത്രി മുതൽ കുളപ്പുള്ളി വരെയുള്ള കിഫ്ബി റോഡ് നവീകരണ പ്രവർത്തനം ഊർജിതമാക്കാനാവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് എം.എൽ.എ പറഞ്ഞു. പട്ടാമ്പി മുതൽ തൃത്താല കൊപ്പം വരെയുള്ള റോഡ് ഗതാഗതം മെച്ചപ്പെടുത്താൻ 35 കോടി രൂപയുടെ പദ്ധതി നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബി കിഫ്ബിക്ക് സമർപ്പിച്ചു. നേരേത്ത ഉണ്ടായിരുന്ന രൂപരേഖ പ്രശ്നങ്ങൾ പരിഹരിച്ചാണ് പുതിയ ഡി.പി.ആർ സമർപ്പിച്ചതെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ജൽജീവൻ മിഷെൻറ നേതൃത്വത്തിൽ പ്രസ്തുത പ്രദേശത്ത് കൂടി കടന്നുപോകുന്ന പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയതായും എം.എൽ.എ അറിയിച്ചു.
പുതിയ നഗരസഭ കെട്ടിടത്തിെൻറ ഡി.പി.ആർ പൂർത്തിയായിട്ടുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ പട്ടാമ്പി ഭാരതപ്പുഴയോരത്ത് നിർമിക്കുന്ന ടൗൺ പാർക്കിന് എം.എൽ.എ ഫണ്ടിൽനിന്ന് ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. മൈനർ ഇറിഗേഷൻ വകുപ്പിെൻറ നേതൃത്വത്തിലാണ് ടൗൺ പാർക്കിെൻറ നിർമാണം. യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ എൻ. രാജൻ, പി.കെ. കവിത, കെ.ആർ.എഫ്ബി-പി.ഡബ്ല്യു.ഡി വകുപ്പുകളിലെ ഉദ്യോഗസ്ഥർ, നഗരസഭ സെക്രട്ടറി ഇ. നാസിം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.