പട്ടാമ്പി പൊതുശ്മശാനത്തിന് 55 ലക്ഷം രൂപയുടെ ഭരണാനുമതി
text_fieldsപട്ടാമ്പി: പട്ടാമ്പിയിൽ പൊതുശ്മശാനത്തിന്റെ നിർമാണ പ്രവൃത്തികൾക്ക് സർക്കാരിന്റെ പച്ചക്കൊടി. എം.എൽ.എ ഫണ്ടനുവദിച്ചിട്ടും ശ്മശാന നിർമാണത്തിനായി തുക ചിലവഴിക്കുന്നതിന് പൂർണ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ സർക്കാരിലേക്ക് അപേക്ഷ നൽകുകയും തുടർന്ന് ധനകാര്യവകുപ്പിൽ നിന്നും പ്രത്യേക അനുമതി ലഭ്യമാവുകയും ചെയ്തതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ 2024 -2025 സാമ്പത്തിക വർഷത്തെ ആസ്തിവികസന നിധിയിൽ നിന്നനുവദിച്ച 55 ലക്ഷം രൂപ ഉപയോഗിച്ച് ഇൻഫ്രാസ്ട്രക്ചർ അടക്കമുള്ള പ്രവൃത്തികൾ നടത്തുമെന്ന് എം.എൽ.എ പറഞ്ഞു. വി.കെ. ശ്രീകണ്ഠൻ എം.പിയും ശ്മശാന വികസനത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. തുടർ പ്രവർത്തനങ്ങൾ നടത്തേണ്ടത് പട്ടാമ്പി നഗരസഭയാണ്. നഗരസഭയുടെ ഭാഗത്തുനിന്നുള്ള പ്രവൃത്തികൾ വേഗത്തിലാകുന്നതോടെ എത്രയുംപെട്ടെന്ന് ശ്മശാനം യാഥാർഥ്യമാകും. പട്ടാമ്പി പഞ്ചായത്തായിരിക്കുമ്പോൾ 1970ലാണ് നമ്പ്രംറോഡിൽ പൊതുശ്മശാനം സ്ഥാപിച്ചത്.
2012ലെ യു.ഡി.എഫ് ഭരണസമിതിയുടെ ഫണ്ട് ഉപയോഗിച്ച് നമ്പ്രത്തുള്ള സ്ഥലത്ത് ആധുനിക രീതിയിലുള്ള വാതകശ്മശാനം സജ്ജീകരിച്ച് തുറക്കാൻ ശ്രമിച്ചെങ്കിലും പ്രദേശവാസികളുടെ പരാതിയിൽ ഹൈകോടതിയിൽ കേസ് നടക്കുന്നതിനാൽ തുറക്കാനായില്ല.
വാതകശ്മശാനത്തിന്റെ ചില ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഭാരതപ്പുഴയോരത്ത് നിലകൊള്ളുന്ന ശ്മാശനത്തിൽ കർമങ്ങൾ ചെയ്യാനുള്ള സൗകര്യമുണ്ട്.
വാതക ശ്മശാനമാണ് സജ്ജമാക്കുന്നത്. നിലവിൽ പട്ടാമ്പി മേഖലയിലുള്ളവർ ഷൊർണൂർ, ചെറുതുരുത്തി എന്നിവിടങ്ങളിലെ ശ്മശാനങ്ങളാണ് ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.