പട്ടാമ്പി താലൂക്ക് വികസനസമിതി പ്രഹസനമായി തുടരുന്നു
text_fieldsപട്ടാമ്പി: പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന പഴമൊഴിപോലെയാണ് പട്ടാമ്പി താലൂക്കിലെ ജനപ്രതിനിധികൾ. ശനിയാഴ്ച നടന്ന പ്രതിമാസ വികസന സമിതിയോഗത്തിൽ പങ്കെടുത്തത് 22 ജനപ്രതിനിധികളിൽ മൂന്നുപേർ മാത്രം, 15 പഞ്ചായത്ത് പ്രസിഡന്റുമാരിൽ ഒരാളും.
മാസത്തിലൊരിക്കൽ ജനകീയ പ്രശ്നങ്ങളും വികസനപ്രവർത്തനങ്ങളും ചർച്ച ചെയ്യാനും പരിഹരിക്കാനുമുള്ള അവസരമാണ് നിരന്തര അവഗണനയിൽ ഇക്കൂട്ടർ നഷ്ടപ്പെടുത്തുന്നത്. പലതവണ മാധ്യമങ്ങളിൽ വാർത്തയായിട്ടും ജനകീയ പ്രതിഷേധമുയർന്നിട്ടും കുലുക്കമില്ല എന്നതാണ് സ്ഥിതി. ഉദ്യോഗസ്ഥർ പങ്കെടുക്കാത്തതിനെക്കുറിച്ച് രൂക്ഷ വിമർശനമുന്നയിച്ചിരുന്നവരാണ് ഇത്തരം സമീപനം കൈക്കൊള്ളുന്നത്. താലൂക്ക് പരിധിയിലെ പതിനഞ്ചു പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ പങ്കെടുക്കേണ്ട സ്ഥാനത്ത് കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ മാത്രമാണ് യോഗത്തിൽ സന്നിഹിതനായത്. പട്ടാമ്പി നഗരസഭ അധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടിയും തൃത്താല, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തുകളിൽ പട്ടാമ്പിയിലെ പ്രസിഡന്റ് ഗീത മണികണ്ഠനും ഹാജരായി.
പട്ടാമ്പി, തൃത്താല എം.എൽ.എമാരും പാലക്കാട്, പൊന്നാനി എം.പിമാരും പാർട്ടി പ്രതിനിധികളും കൂടി ഉൾപ്പെടുന്നതാണ് വികസനസമിതി. പട്ടാമ്പി എം.എൽ.എ മിക്ക യോഗങ്ങളിലും പങ്കെടുക്കാറുണ്ട്. അദ്ദേഹം ഹാജരില്ലെങ്കിൽ യോഗം വഴിപാടായി മാറുന്നതാണ് അനുഭവം. പൊന്നാനി എം.പി പ്രതിനിധി പതിവായി യോഗത്തിനെത്തുമ്പോൾ പാലക്കാട് എം.പിയുടെ പ്രതിനിധിയുടെ ഹാജർ കുറവാണ്. തൃത്താല മേഖലയിൽ നിന്നുള്ള ജനപ്രതിനിധികളുടെ സാന്നിധ്യം പരമ ദയനീയമാണ്.
പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കാണാനും ആരുമില്ലെങ്കിൽ യോഗം എന്തിനാണെന്ന് മുസ്ലിം ലീഗ് പ്രതിനിധി പി.ടി. മുഹമ്മദ് ചോദിച്ചു. എൻ.സി.പി പ്രതിനിധി കെ.പി. അബ്ദുറഹിമാനും ജനപ്രതിനിധികളുടെ ബഹിഷ്കരണത്തെ വിമർശിച്ചു. ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ജനപ്രതിനിധികളുടെ കാര്യത്തിൽ പരിമിതികളുണ്ടെന്നും തഹസിൽദാർ ടി.പി. കിഷോർ പറഞ്ഞു. കാരക്കുത്ത്-മാഞ്ഞാമ്പ്ര റോഡ് ഡ്രെയിനേജ് പ്രവൃത്തി നടന്നു വരികയാണെന്നും പറളിപ്പടിവരെ പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരമുള്ള പ്രവൃത്തി കഴിഞ്ഞെന്നും ഒരു മാസത്തിനുള്ളിൽ പൂർത്തിയാവുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. കൊടുമുണ്ട ഗവ.ഹൈസ്കൂളിലെ അപകടകരമായ കെട്ടിടം പൊളിച്ചു നീക്കിയിട്ടില്ലെന്നും ഉടൻ നടപടി വേണമെന്നും ആവശ്യമുയർന്നു. നഗരസഭ അധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി അധ്യക്ഷതയിൽ വഹിച്ചു. പട്ടാമ്പി ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ, കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ടി. മുഹമ്മദ്, കോടിയിൽ രാമകൃഷ്ണൻ, കെ.പി. അബ്ദുറഹിമാൻ, ജയകൃഷ്ണൻ പടനായകത്ത്, സി.കെ. വിജയൻ, ചോലയിൽ വേലായുധൻ, തഹസിൽദാർ ടി.പി. കിഷോർ, ഭൂരേഖ തഹസിൽദാർ പി. ഗിരിജാദേവി, ഡെപ്യൂട്ടി തഹസിൽദാർ വി.പി. സെയ്തുമുഹമ്മദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.