പട്ടാമ്പി താലൂക്ക് വികസന സമിതി: വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥന് എം.എൽ.എയുടെ താക്കീത്
text_fieldsപട്ടാമ്പി: കുടിവെള്ളത്തെച്ചൊല്ലി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിൽ ബഹളം. മാർച്ചിലെ താലൂക്ക് വികസന സമിതി യോഗത്തിലാണ് അതിരൂക്ഷമായ പരാമർശങ്ങളുണ്ടായത്. അതിരുവിട്ട സംസാരത്തിൽ വാട്ടർ അതോറിറ്റി അസി. എൻജിനീയർക്ക് മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ താക്കീതും കിട്ടി.
താലൂക്കിൽ വിവിധ പഞ്ചായത്തുകളിൽ രണ്ടും മൂന്നും ആഴ്ചകളായി കുടിവെള്ളവിതരണം മുടങ്ങിയിരിക്കുകയാണെന്നും ഇതിന് അടിയന്തര പരിഹാരം വേണമെന്നും എം.എൽ.എ അധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. മറ്റു തിരക്കുകൾ മാറ്റിവെച്ച് യോഗത്തിനെത്തിയത് കുടിവെള്ള പ്രശ്നത്തിൽ തീരുമാനമെടുക്കാനാണെന്ന് എം.എൽ.എ പറഞ്ഞതോടെ കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് വി. രമണി പരാതിക്കെട്ടഴിച്ചു. പത്തിരുപതു ദിവസമായി ചുണ്ടമ്പറ്റ നാട്യമംഗലത്ത് വെള്ളമില്ല.
വാട്ടർ അതോറിറ്റിയിൽ വിളിച്ചുപറഞ്ഞപ്പോൾ എല്ലാം പഞ്ചായത്തിന്റെ ചുമതലയാണെന്നാണ് നാട്ടുകാർക്ക് കിട്ടിയ മറുപടി. ഇതുമായി ബന്ധപ്പെട്ട എ.ഇ.യെ വിളിച്ചെങ്കിലും യാതൊരു മറുപടിയും തന്നില്ലെന്ന് പ്രസിഡന്റ് പരാതിപ്പെട്ടു. റോഡ് പണിക്ക് പൈപ്പ് മാറ്റാൻ ആവശ്യപ്പെട്ടതിനും മറുപടിയില്ല. ധിക്കാരപരമായ സമീപനത്തിനെതിരെ തിങ്കളാഴ്ച പട്ടാമ്പി വാട്ടർ അതോറിറ്റി ഓഫിസ് ജനപ്രതിനിധികൾ ഉപരോധിക്കുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു. ഇതിനുള്ള മറുപടിയിൽ അതൃപ്തി രേഖപ്പെടുത്തിയാണ് ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥനെ ഓർമിപ്പിച്ചത്.
അതോറിറ്റിയിൽ ജീവനക്കാരുടെ കുറവുണ്ടെന്ന് പറഞ്ഞപ്പോൾ അത് എന്തുകൊണ്ട് ഇതുവരെ അറിയിച്ചില്ല എന്നും എം.എൽ.എ ചോദിച്ചു. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ വിവരം ഉടനെ അറിയിക്കണമെന്ന് അസി . എക്സി. എൻജിനീയറോട് ആവശ്യപ്പെട്ടു. മുളയങ്കാവ്-യാറം റോഡ് കുടിവെള്ള പൈപ്പിടാൻ അശാസ്ത്രീയമായി പൊളിച്ചിട്ടത് ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്ന് ഐ.എൻ.എൽ പ്രതിനിധി അഷ്റഫലി വല്ലപ്പുഴ കഴിഞ്ഞ മാസം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി പറയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കഴിയാതിരുന്നതിൽ എം.എൽ.എ ക്ഷുഭിതനായി. വികസനസമിതി യോഗത്തിൽ ഉദ്യോഗസ്ഥർ ഹാജരാകുന്നത് വേണ്ടത്ര തയാറെടുപ്പോടെയാവണമെന്ന് അദ്ദേഹം നിർദേശിച്ചു.
വിളത്തൂർ-കൈപ്പുറം റോഡിലെ അപകടകരമായ കിണറിന് ഉടമ ഭിത്തി കെട്ടിയതിൽ പൊതുസ്ഥല കൈയേറ്റമുണ്ടെന്ന് പി.ഡബ്ല്യു.ഡി റിപ്പോർട്ട് ചെയ്തു. കൈയേറ്റം ഒഴിപ്പിച്ച് സ്ഥലം തിരിച്ചെടുക്കണമെന്ന് എം.എൽ.എ നിർദേശം നൽകി. നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് പി.ടി. മുഹമ്മദ്കുട്ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി. രമണി, എം.സി. അബ്ദുൽ അസീസ്, ഷറഫുദ്ദീൻ കളത്തിൽ, രതി ഗോപാലകൃഷ്ണൻ, വിളയൂർ വൈസ് പ്രസിഡന്റ് കെ.പി. നൗഫൽ, തിരുവേഗപ്പുറ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ.കെ. മുഹമ്മദ്കുട്ടി, എം.പി. പ്രതിനിധി കെ.ആർ. നാരായണസ്വാമി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.