പട്ടാമ്പിയിലെ മൂന്നു പാലങ്ങൾ: പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കും -മന്ത്രി
text_fieldsപട്ടാമ്പി: മണ്ഡലത്തിലെ മൂന്നു പ്രധാന പാലങ്ങളുടെ നിർമാണം എത്രയും വേഗത്തിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് വേണ്ടി തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷ് നിയമസഭയെ അറിയിച്ചു. മണ്ഡലത്തിലെ പാലങ്ങളുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. പുലാമന്തോൾ പാലത്തിന്റെ അറ്റകുറ്റ പണികൾ, ഭാരതപ്പുഴയുടെ കുറുകെ പട്ടാമ്പിയിൽ നിർമിക്കുന്ന പുതിയ പാലം, കൊണ്ടയൂർ പാലം എന്നിവയുടെ നിർമാണവും നവീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുകയാണെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. പട്ടാമ്പി മണ്ഡലത്തിന്റെ അതിർത്തി പങ്കിടുന്ന മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പെരുമ്പിലാവ്-നിലമ്പൂര്‍ സംസ്ഥാന പാതയിലെ പുലാമന്തോള്‍ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 57 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തുക റീ കാസ്റ്റ് ചെയ്ത് ടെണ്ടര്‍ നടപടികള്‍ വേഗത്തിലാക്കാൻ നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിർമിക്കുന്ന പട്ടാമ്പി പാലത്തിന് 30.86 കോടി രൂപയുടെ സാമ്പത്തികാനുമതി നല്‍കിയെന്നും അപ്രോച്ച് റോഡ് നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കാന്‍ റവന്യൂവകുപ്പ് അംഗീകാരം ലഭിച്ചുവെന്നും മന്ത്രി മറുപടി നല്കി.
പട്ടാമ്പി -തൃത്താല മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കൊടുമുണ്ടയില്‍ പുതിയ പാലത്തിന് അനുമതിയും അധിക വൈകാതെ ലഭ്യമാകും. തൃശൂര്‍-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചേലക്കര മണ്ഡലത്തിലെ കൊണ്ടയൂര്‍ പാലത്തിന്റെ ടെൻഡര്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. കിഫ്ബിയുടെ സാമ്പത്തിക അനുമതിയെക്കാള്‍ തുക അധികമായതിനാല്‍ പുതിയ എസ്റ്റിമേറ്റ് കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് കിഫ്ബിയില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി.കെ കടവ്- കൊടുമുണ്ട പാലത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കി വരുന്നു. കൊണ്ടയൂര്‍-ഓങ്ങല്ലൂര്‍ പാലത്തിന് 50 കോടി രൂപയുടെ വിശദ പ്രൊജക്ട് റിപ്പോര്‍ട്ടും ടെക്നിക്കല്‍ റിപ്പോര്‍ട്ടും നല്കി കഴിഞ്ഞു. ഭൂമി ഏറ്റെടുക്കലിനായി 1.35 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടം എന്ന നിലക്ക് അതിർത്തിക്കല്ല് സ്ഥാപിക്കാൻ രണ്ട് ലക്ഷം രൂപയുടെ സാങ്കേതിക അനുമതി നൽകിയിട്ടുണ്ടെന്നും ഇതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചതായി മുഹമ്മദ് മുഹ്സിന് എം.എൽ.എ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.