രായിരനെല്ലൂർ മലകയറ്റം 17നും 18നും; ഇക്കൊല്ലവും ചടങ്ങുകൾ മാത്രം
text_fieldsപട്ടാമ്പി: നാറാണത്ത് ഭ്രാന്തെൻറ ദുർഗാദേവി ദർശനസമരണ പുതുക്കുന്ന രായിരനെല്ലൂർ മലകയറ്റം 17നും 18നും ആഘോഷിക്കും. തുലാം ഒന്നിന് ഭ്രാന്തന് മുന്നിൽ ദുർഗാദേവി പ്രത്യക്ഷപ്പെട്ടെന്ന ഐതിഹ്യത്തിലാണ് മലകയറ്റം ആഘോഷിക്കുന്നത്. മലയിൽ കയറാനുള്ള ഭക്തരുടെ കാത്തിരിപ്പിന് തുടർച്ചയായ രണ്ടാം വർഷവും കോവിഡ് നിയന്ത്രണം വിലങ്ങുതടിയായി. കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കൊല്ലവും മലകയറ്റം ചടങ്ങുകളിലൊതുക്കാനാണ് ജില്ല ഭരണകൂടം നിർദേശിച്ചിരിക്കുന്നത്. മറ്റു നിയന്ത്രണങ്ങളിലെല്ലാം ഇളവു നൽകിയ സാഹചര്യത്തിൽ ഇക്കൊല്ലം മലകയറാമെന്ന പ്രതീക്ഷയിൽ കാത്തിരുന്നവരും ഒരുക്കങ്ങൾ നടത്തിയ മലയുടെ സംരക്ഷകരും ദിവസങ്ങൾക്കു മുമ്പേ മലയടിവാരത്ത് ഷെഡ് കെട്ടി തമ്പടിച്ച കച്ചവടക്കാരും ജില്ല ഭരണകൂടത്തിെൻറ തീരുമാനത്തിൽ നിരാശരാണ്. 40 പേരിലൊതുക്കി ചടങ്ങു നടത്താനാണ് ക്ഷേത്രം ചുമതലക്കാരായ ദ്വാദശാക്ഷരീ ട്രസ്റ്റിന് അനുമതി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച ലക്ഷാർച്ചന തുടങ്ങിയെങ്കിലും മുൻകാലങ്ങളിലെപ്പോലെ ഭക്ത സാന്നിധ്യം ഉണ്ടായില്ല.
ചെത്തല്ലൂർ തൂതപ്പുഴയോരത്ത് ജനിച്ചു വീണ ഭ്രാന്തനെ നാരായണമംഗലത്ത് ഭട്ടതിരിമാരാണ് എടുത്തു വളർത്തിയത്. ഇവർ വേദപഠനത്തിന് തിരുവേഗപ്പുറയിലെത്തിച്ചെന്നും പഠനകാലത്ത് മലയുടെ മുകളിലേക്ക് വലിയ കല്ലുരുട്ടിക്കയറ്റി താഴേക്ക് തട്ടിയിട്ട് ആർത്തുചിരിക്കുന്നത് നാറാണത്ത് ഭ്രാന്തെൻറ പതിവായിരുന്നുവെന്നും അങ്ങനെയൊരു ദിവസം മലമുകളിലെത്തിയ ഭ്രാന്തനുമുന്നിൽ ദുർഗാദേവി പ്രത്യക്ഷപ്പെട്ടെന്നുമാണ് ഐതിഹ്യം. മലമുകളിലെ ആൽമരത്തിലെ പൊന്നൂഞ്ഞാലിലാടുകയായിരുന്ന ദുർഗാദേവി ഭ്രാന്തെൻറ പ്രാകൃതരൂപത്തിൽ ഭയചകിതയായി താഴെയിറങ്ങി ഏഴടി വെച്ച് ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയെന്നും പാദം പതിഞ്ഞ പാറയിൽ ഏഴുകുഴികളുണ്ടായെന്നും അതിലൊന്നിൽ പൂവും കനിയും വെച്ച് ഭ്രാന്തൻ പൂജ ചെയ്ത് ദേവിയെ പ്രീതിപ്പെടുത്തിയെന്നും വിശ്വസിക്കപ്പെടുന്നു. വിവരമറിഞ്ഞെത്തിയ ഭട്ടതിരിമാർ കുടുംബ ഐശ്വര്യത്തിനായി മലമുകളിൽ ക്ഷേത്രം പണിത് പൂജ തുടർന്നെന്നാണ് കരുതുന്നത്.
കുഴികളിൽ വാൽക്കണ്ണാടി വെച്ചാണ് പൂജ. കുഴിയിലെ വറ്റാത്ത ഉറവയിൽ നിന്നെടുക്കുന്ന ജലം തീർഥമായും നൽകുന്നു. മലമുകളിലെ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി ഭ്രാന്തെൻറ കൂറ്റൻ ശിൽപത്തെ വലം വെച്ചു വണങ്ങി വിവിധ വഴിപാടുകളും കഴിച്ചാണ് ഭക്തർ മലയിറങ്ങുന്നത്. മലയുടെ അടിവാരത്തുള്ള ദുർഗാക്ഷേത്രത്തിലും മലക്ക് പടിഞ്ഞാറ് കൈപ്പുറം ഭ്രാന്താചലം ക്ഷേത്രത്തിലും മലകയറ്റത്തോടനുബന്ധിച്ച് പ്രത്യേക പൂജയുണ്ട്. ഭ്രാന്താചലത്തിലെ പ്രതിഷ്ഠാദിനാഘോഷവും തുലാം ഒന്നിനാണ്. ഇവിടെ ഭ്രാന്തൻ തപസ്സനുഷ്ഠിച്ച് ഒരിക്കൽ കൂടി ദുർഗാദേവിയെ പ്രത്യക്ഷപ്പെടുത്തിയെന്നും വിശ്വാസമുണ്ട്. ഭ്രാന്തൻ തപസ്സു ചെയ്ത പീഠവും ഭ്രാന്തനെ കെട്ടിയിട്ടെന്ന് കരുതുന്ന കാഞ്ഞിരമരവും മരത്തിലെ വലിയ ഇരുമ്പുചങ്ങലയുമൊക്കെ ഭക്തരെ മാത്രമല്ല ചരിത്രാന്വേഷകരെയും ഉൽസുകരാക്കുന്നതാണ്. ആമയൂർ മന മധു ഭട്ടതിരിപ്പാടിെൻറ നേതൃത്വത്തിലേക്കുള്ള ട്രസ്റ്റാണ് മലയിൽ പൂജാദി കർമങ്ങൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.