രോഗബാധയൊഴിയാതെ ടി.ബി റോഡ്
text_fieldsപട്ടാമ്പി: തകർച്ചയും രോഗവും ഒഴിയാതെ ടി.ബി റോഡ്. മിനി സിവിൽ സ്റ്റേഷൻ വരുന്നതുവരെ ടി.ബി, സർക്കാർ ആശുപത്രി, പഞ്ചായത്ത് ഓഫിസ് തുടങ്ങി ചുരുക്കം സ്ഥാപനങ്ങളേ പട്ടാമ്പി മാർക്കറ്റ് റോഡിലുണ്ടായിരുന്നുള്ളൂ. കുറച്ചപ്പുറം എം.ഇ.എസ് സ്കൂളും. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ഏതുനേരവും ഇടതടവില്ലാതെ വാഹനങ്ങളോടുകയാണ് പഴയ ടി.ബി റോഡിലൂടെ.
നഗരസഭ, േബ്ലാക് പഞ്ചായത്ത്, താലൂക് ഓഫിസ്, ആർ.ടി.ഒ ഓഫിസ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, നഗരസഭ, ബ്ളോക് പഞ്ചായത്ത്, വില്ലേജ് ഓഫിസ്, രജിസ്ട്രാർ ഓഫിസ്, താലൂക്ക് സപ്ലൈ ഓഫിസ്, താലൂക്ക് ആശുപത്രി തുടങ്ങി പൊതുജനം നിത്യേന ആശ്രയിക്കുന്ന സ്ഥാപനങ്ങളിലേക്ക് ഈ റോഡിലൂടെ വേണം എത്താൻ.
ഓഫിസുകളിലേക്കുള്ള വാഹനങ്ങളും എം.ഇ.എസ് ഇന്റർനാഷനൽ സ്കൂളിന്റെ ബസുകളും താലൂക്ക് ആശുപത്രിയിൽ രോഗികളുമായെത്തുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങളും തകർന്ന റോഡിന്റെ ദുരിതം പേറുകയാണ്.
നഗര ഭരണകർത്താക്കളും ബ്ളോക് പഞ്ചായത്ത് സാരഥികളും ജനപ്രതിനിധികളും നിത്യേനയെന്നോണം ആശ്രയിക്കുന്ന പ്രധാനപ്പെട്ട റോഡാണ് ഇത്തരത്തിൽ തകർന്നു കിടക്കുന്നത്. മാസത്തിലൊരിക്കൽ നടക്കുന്ന താലൂക്ക് വികസന സമിതി യോഗത്തിൽ പട്ടാമ്പി, തൃത്താല ബ്ളോക്കുകളിലെ പഞ്ചായത്ത് പ്രസിഡന്റുമാരും വിവിധ വകുപ്പ് മേധാവികളും ഇതുവഴി തന്നെയാണ് യാത്ര ചെയ്യുന്നത്.
നിരത്തിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടും പരിഹാരം കാണേണ്ടവർ കണ്ണ് തുറക്കാത്തതിൽ വലിയ പ്രതിഷേധമാണുയരുന്നത്. വാഹനങ്ങൾ തലങ്ങും വിലങ്ങുമോടുന്നതിനിടയിലൂടെ വേണം കാൽനടയാത്രക്കാർക്കും ലക്ഷ്യസ്ഥാനത്തെത്താൻ. ടി.ബി റോഡ് ഗതാഗതയോഗ്യമാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി പട്ടാമ്പി ടൗൺ യൂനിറ്റ് യോഗം ആവശ്യപ്പെട്ടു.
യൂനിറ്റ് പ്രസിഡന്റ് വി. ഷാഫി അധ്യക്ഷത വഹിച്ചു. ബഷീർ പാലത്തിങ്ങൽ, ഷഹബാൻ ഉസ്മാൻ, പി.റിയാസ്, കെ.പി. ഹമീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.