ക്ഷേത്രം ഏറ്റെടുക്കുന്നത് തടഞ്ഞു, ഓങ്ങല്ലൂർ കടപ്പറമ്പത്ത് കാവിൽ സംഘർഷാവസ്ഥ
text_fieldsപട്ടാമ്പി: ക്ഷേത്രം ഏറ്റെടുക്കാനുള്ള ദേവസ്വം ബോർഡ് നീക്കം ക്ഷേത്ര കമ്മിറ്റി തടഞ്ഞു. ഓങ്ങല്ലൂർ കടപ്പറമ്പത്ത് കാവിൽ ചുമതലയേൽക്കാനെത്തിയ മലബാർ ദേവസ്വം ബോർഡ് എക്സിക്യൂട്ടിവ് ഓഫിസറെയാണ് തടഞ്ഞത്. ഭജനയും കുത്തിയിരിപ്പുമായി കുട്ടികളും സ്ത്രീകളും പിന്തുണ നൽകിയതോടെ പ്രതിഷേധം കനത്തു.
ദേവസ്വം ബോർഡ് നടപടി പ്രതീക്ഷിച്ചിരുന്നതിനാൽ രാവിലെ മുതൽ ഹൈന്ദവ സംഘടനകൾ ക്ഷേത്രത്തിൽ ഭജന ചൊല്ലി പ്രതിഷേധം ആരംഭിച്ചിരുന്നു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സംഘടന ഭാരവാഹികളുമായി മണിക്കൂറുകൾ ചർച്ച നടത്തി.
ഏറ്റെടുക്കലിനെതിരെ ക്ഷേത്ര കമ്മിറ്റി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ ഡിസംബർ ഏഴിന് വിധി വരാനിരിക്കെ ബോർഡിെൻറ തിരക്കിട്ടുള്ള നടപടി അംഗീകരിക്കാനാകില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
എന്നാൽ, കോടതി വിധി വരുന്നത് വരെ കാത്തു നിൽക്കാനാകില്ലെന്നും സർക്കാർ ഉത്തരവ് നിയമാനുസൃതമായി നടപ്പാക്കുമെന്ന നിലപാടിൽ ബോർഡ് ഉറച്ചുനിന്നു.
രണ്ടു കൂട്ടരും നിലപാട് കടുപ്പിച്ചതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. ഷൊർണൂർ ഡിവൈ.എസ്.പി വി. സുരേഷിെൻറ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
പൊലീസ് നിർദേശപ്രകാരം ദേവസ്വം ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കാതെ തിരിച്ചുപോയി. കൂടുതൽ ഫോഴ്സുമായി അടുത്ത ദിവസം വീണ്ടും വരുമെന്നും ഉത്തരവ് നടപ്പാക്കുമെന്നും ദേവസ്വം അസി. കമീഷണർ വിനോദ് കുമാർ പറഞ്ഞു.
മലബാർ ദേവസ്വം ബോർഡ് എക്സിക്യൂട്ടിവ് ഓഫിസർ നാരായണൻ നമ്പൂതിരി, തഹസിൽദാർ ടി.പി. കിഷോർ, ഷൊർണൂർ ഡിവൈ.എസ്.പി വി. സുരേഷ്, കടപറമ്പത്ത് കാവ് മാനേജർ അണ്ടലടി മന പരമേശ്വരൻ നമ്പൂതിരി, കിരാതമൂർത്തി നമ്പൂതിരിപ്പാട്, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി മുരളി, ജില്ല സെക്രട്ടറി ശ്രീരാമകൃഷ്ണൻ, ഗോപി പൂവക്കോട്, മണികണ്ഠൻ, സനൂഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
2019ലാണ് ദേശകമ്മിറ്റിക്കാരിൽ ചിലർ ക്ഷേത്രത്തിൽ ആചാരവിരുദ്ധമായും വിശ്വാസങ്ങൾ വ്രണപ്പെടുത്തിയും പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതി ഉന്നയിച്ചത്. പരാതിയിൽ അന്വേഷണം നടത്തി എക്സിക്യൂട്ടിവ് ഓഫിസറെ നിയമിച്ച് ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.