നിളയുടെ മനോഹാരിത മിഴിനിറഞ്ഞ് കാണാം
text_fieldsപട്ടാമ്പി: ഏറെ കാത്തിരുന്ന പുഴയോര പാർക്ക് പട്ടാമ്പിക്ക് സ്വന്തമാവുന്നു. പട്ടാമ്പിയുടെ പ്രദേശിക ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലുള്ള പുഴയോര പാർക്ക് നിർമാണം അന്ത്യഘട്ടത്തിലെത്തി. ഒഴിവുസമയങ്ങൾ ചിലവഴിക്കാൻ പൊതുസ്ഥലമില്ലെന്ന തിരിച്ചറിയലിൽ നിന്നാണ് നിളയോരത്ത് പാർക്കെന്ന ആശയം ഉടലെടുത്തത്. ആദ്യപടിയായി കൈയേറ്റങ്ങൾ ഒഴിപ്പിച്ച് പാർക്കിനാവശ്യമായ സ്ഥലം കണ്ടെത്തി.
പൂർണമായും എം.എൽ.എ ഫണ്ടുപയോഗിച്ചു നിർമിക്കുന്ന പാർക്കിന്റെ ആദ്യഘട്ടത്തിൽ 90 ലക്ഷം രൂപയുടെ പ്രവൃത്തികൾ നടത്തിയിരുന്നു. രണ്ടാംഘട്ടത്തിൽ 50 ലക്ഷം രൂപകൂടി അനുവദിച്ചു. വ്യായാമം ചെയ്യാനുള്ള ഉപകരണങ്ങളും വാട്ടർ ഫൗണ്ടനും പാർക്കിൽ സജ്ജമാക്കുന്നുണ്ട്. കുട്ടികളുടെ പാർക്കാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. പദ്ധതിയുടെ ഭാഗമായി പട്ടാമ്പിയുടെ ഹൃദയഭാഗത്തുള്ള സെൻട്രൽ ഓർച്ചാഡിനെ ഫാം ടൂറിസത്തിന് പാകപ്പെടുത്തിയും ഫാം സ്കൂൾ എന്ന നൂതന ആശയത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തിയും നവീകരിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. പാർക്ക് നിർമാണ പുരോഗതി വിലയിരുത്താൻ മുഹമ്മദ് മുഹ്സിൻ എം. എൽ.എ സന്ദർശനം നടത്തി. നഗരസഭ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി പി. വിജയകുമാർ എന്നിവരും കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.